1 തിമൊഥെയൊസ് 5:1-16
1 തിമൊഥെയൊസ് 5:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവയ്ക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പേ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ച് അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവച്ചു രാപ്പകൽ യാചനയിലും പ്രാർഥനയിലും ഉറ്റുപാർക്കുന്നു. കാമുകിയായവളോ ജീവിച്ചിരിക്കയിൽത്തന്നെ ചത്തവൾ. അവർ നിരപവാദ്യമാരായിരിക്കേണ്ടതിനു നീ ഇത് ആജ്ഞാപിക്ക. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു. സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ട് ഏകഭർത്താവിന്റെ ഭാര്യയായിരുന്ന് അറുപതു വയസ്സിനു താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം. ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോൾ വിവാഹം ചെയ്വാൻ ഇച്ഛിക്കും. ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ട്. അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾത്തന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾതന്നെ അവർക്കു മുട്ടുതീർക്കട്ടെ; സഭയ്ക്കു ഭാരം വരരുത്; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
1 തിമൊഥെയൊസ് 5:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രായം ചെന്നവരെ ശകാരിക്കരുത്; നിന്റെ പിതാവിനെ എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക. ചെറുപ്പക്കാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ തികച്ചും നിർമ്മലഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക. യഥാർഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ അവർ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധർമം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാൻ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും. യഥാർഥത്തിൽ വൈധവ്യം പ്രാപിച്ച്, ഏകാകിനിയായിത്തീർന്നിരിക്കുന്നവൾ ദൈവത്തിൽ പ്രത്യാശ ഉറപ്പിച്ച്, രാവും പകലും ദൈവത്തോടു വിനീതമായി അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. എന്നാൽ അവൾ സുഖഭോഗങ്ങളിൽ മുഴുകിയിരിക്കുന്നെങ്കിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളായിരിക്കും. വിധവമാർ അപവാദങ്ങൾക്ക് അതീതരായിരിക്കണമെന്ന കാര്യം കർശനമായി ഉദ്ബോധിപ്പിക്കുക. ഒരുവൻ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, അയാൾ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാൾ അധമനും ആകുന്നു. വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവൾക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവൾ ഏകപുരുഷന്റെ ഭാര്യയും ആയിരുന്നിരിക്കണം. അവൾ സൽപ്രവൃത്തി ചെയ്ത് സൽകീർത്തി സമ്പാദിച്ചവളും മക്കളെ നന്നായി വളർത്തുക, അതിഥികളെ സൽക്കരിക്കുക, ഭക്തജനങ്ങളുടെ പാദങ്ങൾ കഴുകുക, പീഡിതരുടെ ക്ലേശങ്ങൾ പരിഹരിക്കുക ഇങ്ങനെയുള്ള എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി സ്വയം അർപ്പിച്ചവളുമായിരിക്കണം. എന്നാൽ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുൾപ്പെടുത്തരുത്. അവർ ക്രിസ്തുവിൽനിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചെന്നു വരാം. മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവർ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അർഹരായിത്തീരുകയും ചെയ്യുന്നു. അതിനു പുറമേ, അവർ അലസരായി വീടുകൾതോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേർപ്പെടുകയും പരകാര്യങ്ങളിൽ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും. അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾതന്നെ ചിലർ സാത്താന്റെ പിറകേ വഴിതെറ്റിപ്പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കിൽ അവരുടെ ബുദ്ധിമുട്ടിൽ അവൾ അവരെ സഹായിക്കട്ടെ. അവർ സഭയ്ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാൽ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്ക്കുണ്ടല്ലോ.
1 തിമൊഥെയൊസ് 5:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക. യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക. ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. യഥാർത്ഥ വിധവയും കൈവിടപ്പെട്ടവളുമായവൾ ദൈവത്തിൽ പ്രത്യാശവയ്ക്കുകയും രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും തുടരുകയും ചെയ്യുന്നു. എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു. അവർ അപവാദമില്ലാത്തവർ ആയിരിക്കേണ്ടതിന് നീ ഇത് ആജ്ഞാപിക്കുക. തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു. വിധവയായി തിരഞ്ഞെടുക്കപ്പെടേണ്ടവളോ, അറുപതു വയസ്സിന് താഴെയല്ലാത്തവളും ഏകഭർത്താവിൻ്റെ ഭാര്യയായിരുന്നവളും, മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കുകയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്ക് മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയ്ക്കും സമർപ്പിക്കപ്പെടുകയോ ചെയ്തു സൽപ്രവൃത്തികളാൽ അറിയപ്പെട്ടവളും ആയിരിക്കേണം. ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും. അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്. അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും. ആകയാൽ ഇളയ വിധവമാർ വിവാഹിതരായി, പുത്രസമ്പത്തുണ്ടാക്കി, വീട്ടുകാര്യം നോക്കി, വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾതന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്ക് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!
1 തിമൊഥെയൊസ് 5:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു. കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ. അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു. സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം. ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്വാൻ ഇച്ഛിക്കും. ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു. അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
1 തിമൊഥെയൊസ് 5:1-16 സമകാലിക മലയാളവിവർത്തനം (MCV)
നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്. പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക. അശരണരായ വിധവകളെ ബഹുമാനിക്കുക. എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്. അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ. എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്. ദൈവജനം അപവാദങ്ങൾക്ക് അതീതരായിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക. ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്. അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകഭർതൃവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ. ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം. പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും. അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും. തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു. അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ചിലർ, ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ.