1 തിമൊഥെയൊസ് 4:1-8

1 തിമൊഥെയൊസ് 4:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജിക്കേണം എന്നു കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകൻ ആകും. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിനും പ്രയോജനകരമാകുന്നു.

1 തിമൊഥെയൊസ് 4:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിൽക്കാലത്ത് ചിലർ വഴിതെറ്റിക്കുന്ന ആത്മാക്കളെയും പിശാചിന്റെ ഉപദേശങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവു വ്യക്തമായി പറയുന്നു. അത്തരം ഉപദേശങ്ങൾ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിർജീവമായിപ്പോയതാണ്. വിവാഹം പാടില്ലെന്ന് അവർ പറയുന്നു. വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവർ കൃതജ്ഞതയോടെ ഭക്ഷിക്കുന്നതിനായി ദൈവം സൃഷ്‍ടിച്ചിട്ടുള്ള ആഹാരസാധനങ്ങൾ വർജിക്കണമെന്ന് അവർ അനുശാസിക്കുകയും ചെയ്യുന്നു. ഈശ്വരൻ സൃഷ്‍ടിച്ചതെല്ലാം നല്ലതുതന്നെ; സ്തോത്രത്തോടെ സ്വീകരിക്കുന്നെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. ദൈവവചനത്താലും പ്രാർഥനയാലും അതു വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ഈ നിർദേശങ്ങൾ നമ്മുടെ സഹോദരന്മാരെ അനുസ്മരിപ്പിക്കുമെങ്കിൽ നീ ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകനായിരിക്കും. വിശ്വാസത്തിന്റെ വചനങ്ങളാലും, നീ അനുസരിക്കുന്ന സദുപദേശങ്ങളാലും പരിപോഷിപ്പിക്കപ്പെട്ട സേവകൻതന്നെ. ദൈവവിശ്വാസത്തിനു വിരുദ്ധമായ കിഴവിക്കഥകളെ നീ പാടേ ഉപേക്ഷിക്കണം; ഭക്തിപരമായ ജീവിതം അഭ്യസിക്കുകയും വേണം. കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്. എന്നാൽ ആത്മീയ ജീവിത പരിശീലനം എല്ലാ പ്രകാരത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാൽ ഈ ലോകജീവിതത്തിനും വരുവാനുള്ളതിനുംവേണ്ടിയുള്ള വാഗ്ദാനങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.

1 തിമൊഥെയൊസ് 4:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി, വിവാഹം വിലക്കുകയും, വിശ്വസിക്കുകയും സത്യം തിരിച്ചറിയുകയും ചെയ്തവർ സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭക്ഷ്യവസ്തുക്കളെ വർജ്ജിക്കേണം എന്നു കല്പിക്കുകയും ചെയ്യുന്നു. എന്തെന്നാൽ ദൈവത്തിന്‍റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല; ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ പിൻപറ്റിയ വിശ്വാസത്തിൻ്റെയും സദുപദേശത്തിൻ്റെയും വചനത്താൽ പോഷിപ്പിക്കപ്പെട്ടവനായി ക്രിസ്തുയേശുവിൻ്റെ നല്ല ശുശ്രൂഷകൻ ആകും. എന്നാൽ ഭക്തിവിരുദ്ധമായതും അമ്മൂമ്മക്കഥകളും ഒഴിവാക്കി ദൈവഭക്തിയ്ക്ക് തക്കവണ്ണം നിന്നെത്തന്നെ പരിശീലിപ്പിക്കുക. ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്‍റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു.

1 തിമൊഥെയൊസ് 4:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.

1 തിമൊഥെയൊസ് 4:1-8 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ. ഈ കാര്യങ്ങൾ നീ സഹോദരങ്ങൾക്കു വ്യക്തമാക്കിയാൽ, വിശ്വാസവചസ്സുകളാലും നീ പിൻതുടർന്നുവന്ന ഉത്തമ ഉപദേശത്താലും പരിപോഷിപ്പിക്കപ്പെട്ട് ക്രിസ്തുയേശുവിന്റെ ഒരു ഉത്തമശുശ്രൂഷകനായിത്തീരും. ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക. കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ.