1 ശമൂവേൽ 3:1-14

1 ശമൂവേൽ 3:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്ത് യഹോവയുടെ വചനം ദുർലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു. ആ കാലത്ത് ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാൺമാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു. ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിനു മുമ്പേ ചെന്നു കിടന്നു. യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്ന് അവൻ വിളികേട്ട് ഏലിയുടെ അടുക്കൽ ഓടിച്ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്ന് അവൻ പറഞ്ഞു; അവൻ പോയി കിടന്നു. യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്ന് അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോട്: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞുകൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്തതൊക്കെയും ഞാൻ അന്ന് അവന്റെമേൽ ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ട് ഞാൻ അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് ഞാൻ അവനോടു കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന് യാഗത്താലും വഴിപാടിനാലും ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യം ചെയ്തിരിക്കുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 3 വായിക്കുക

1 ശമൂവേൽ 3:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബാലനായ ശമൂവേൽ ഏലിയോടൊത്തു സർവേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് അവിടുത്തെ അരുളപ്പാട് അപൂർവമായേ ലഭിച്ചിരുന്നുള്ളൂ; ദർശനങ്ങളും ചുരുക്കമായിരുന്നു. ഒരു ദിവസം ഏലി തന്റെ മുറിയിൽ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. സർവേശ്വരന്റെ മന്ദിരത്തിൽ ദൈവത്തിന്റെ പെട്ടകം സൂക്ഷിച്ചിരുന്നിടത്തു ശമൂവേൽ കിടക്കുകയായിരുന്നു. ദൈവസന്നിധിയിലെ ദീപം അണഞ്ഞിരുന്നില്ല. സർവേശ്വരൻ ശമൂവേലിനെ വിളിച്ചു. “ഞാനിവിടെയുണ്ട്” എന്നു പറഞ്ഞ് അവൻ ഏലിയുടെ അടുത്തേക്ക് ഓടി, “ഞാൻ ഇതാ, അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. “ഞാൻ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക” എന്ന് ഏലി മറുപടി പറഞ്ഞു; ശമൂവേൽ പോയി കിടന്നു. സർവേശ്വരൻ വീണ്ടും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു; “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “എന്റെ മകനേ, ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊള്ളുക” എന്ന് ഏലി വീണ്ടും പറഞ്ഞു. സർവേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേൽ അപ്പോഴും അറിഞ്ഞില്ല. സർവേശ്വരന്റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല. സർവേശ്വരൻ മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു വീണ്ടും പറഞ്ഞു: “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോൾ ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാൽ ‘സർവേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു’ എന്നു പറയണം.” ശമൂവേൽ വീണ്ടും പോയി കിടന്നു. സർവേശ്വരൻ വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു” എന്നു ശമൂവേൽ പ്രതിവചിച്ചു. അപ്പോൾ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാൻ ഇസ്രായേലിൽ ഒരു കാര്യം ചെയ്യാൻ പോകുകയാണ്. അതു കേൾക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും. ഏലിയുടെ കുടുംബത്തിനെതിരായി ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവൻ അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്റെ കുടുംബത്തിന്റെമേൽ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താൻ പോവുകയാണെന്നു ഞാൻ അവനെ അറിയിക്കുന്നു. യാഗങ്ങളും വഴിപാടുകളും അവന്റെ ഭവനത്തിന്റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാൻ തീർത്തുപറയുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 3 വായിക്കുക

1 ശമൂവേൽ 3:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ശമൂവേൽ ബാലൻ ഏലിയുടെ ശിക്ഷ്ണത്തിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്തു പോന്നു. ആ കാലത്ത് യഹോവയുടെ വചനം വളരെ കുറവായിരുന്നു; ദർശനങ്ങളും അധികം ഇല്ലായിരുന്നു. ഒരിക്കൽ ഏലി തന്‍റെ മുറിയിൽ കിടന്നുറങ്ങി; അവന്‍റെ കാഴ്ചശക്തി മങ്ങിത്തുടങ്ങിയിരുന്നു. ദൈവത്തിന്‍റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്‍റെ വിളക്ക് അണയുന്നതിനു മുമ്പേ ശമൂവേൽ ചെന്നു കിടന്നു. യഹോവ ശമൂവേലിനെ വിളിച്ചു: “അടിയൻ” എന്നു അവൻ വിളികേട്ടു. അവൻ ഏലിയുടെ അടുക്കലേക്ക് ഓടിച്ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ?” എന്നു ചോദിച്ചു. “ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക” എന്നു ഏലി പറഞ്ഞു; അവൻ പോയി കിടന്നു. യഹോവ പിന്നെയും “ശമൂവേലേ!” എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടി ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവോ?” എന്നു ചോദിച്ചു. “ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക” എന്നു അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യവും വിളിച്ചു. വീണ്ടും അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ?” എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്ക് മനസ്സിലായി. ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞ്ഞുകൊള്ളേണം. അങ്ങനെ ശമൂവേൽ തന്‍റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്ന് മുമ്പിലത്തെപ്പോലെ: “ശമൂവേലേ, ശമൂവേലേ,” എന്നു വിളിച്ചു. അതിന് ശമൂവേൽ: “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: “ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അത് കേൾക്കുന്നവർ ഞെട്ടും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്ത എല്ലാകാര്യങ്ങളും ഞാൻ അന്ന് അവന്‍റെമേൽ ആദ്യം മുതൽ അവസാനംവരെ പൂർത്തീകരിക്കും. അവന്‍റെ പുത്രന്മാർ അവരെ തന്നെ ശാപയോഗ്യരാക്കി. എന്നിട്ടും അവൻ മക്കളെ ശാസിച്ച് തടഞ്ഞില്ല. അതുകൊണ്ട് അവന്‍റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോട് കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനം ചെയ്ത പാപത്തിന്, യാഗത്താലും വഴിപാടിനാലും ഒരു കാലത്തും പരിഹാരം വരികയില്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.”

പങ്ക് വെക്കു
1 ശമൂവേൽ 3 വായിക്കുക

1 ശമൂവേൽ 3:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുർല്ലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു. ആ കാലത്തു ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു. ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു. യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു; അവൻ പോയി കിടന്നു. യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 3 വായിക്കുക

1 ശമൂവേൽ 3:1-14 സമകാലിക മലയാളവിവർത്തനം (MCV)

ഈ സമയം, ബാലനായ ശമുവേൽ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷചെയ്തുവന്നു. അക്കാലത്ത് യഹോവയുടെ അരുളപ്പാട് വിരളമായിരുന്നു; ദർശനവും സർവസാധാരണമല്ലായിരുന്നു. ശരിയായി കാണാൻ കഴിയാത്തവിധം ഏലിയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്ന കാലത്ത്, ഒരു ദിവസം രാത്രിയിൽ അദ്ദേഹം താൻ പതിവായി കിടക്കാറുള്ള സ്ഥലത്തു കിടക്കുകയായിരുന്നു. ദൈവത്തിന്റെ വിളക്ക് അപ്പോൾ അണച്ചിട്ടില്ലായിരുന്നു. ആ സമയം ശമുവേൽ യഹോവയുടെ ആലയത്തിൽ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്തിരുന്നിടത്ത് പോയി കിടക്കുകയായിരുന്നു. അപ്പോൾ യഹോവ ശമുവേലിനെ വിളിച്ചു. “അടിയൻ ഇതാ,” എന്നു ശമുവേൽ മറുപടി പറഞ്ഞു. ഉടൻതന്നെ ശമുവേൽ ഓടി ഏലിയുടെ അടുത്തുചെന്ന് “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. അപ്പോൾ ഏലി, “ഞാൻ വിളിച്ചില്ല; പോയിക്കിടന്നോളൂ” എന്നു പറഞ്ഞു. അതിനാൽ ബാലൻ പോയിക്കിടന്നു. യഹോവ വീണ്ടും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടിയെത്തി. “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. എന്റെ മകനേ, “ഞാൻ വിളിച്ചില്ല, പോയിക്കിടന്നോളൂ” എന്ന് ഏലി വീണ്ടും പറഞ്ഞു. യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു. യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!” യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി. അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു. അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു. യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ ഇസ്രായേലിൽ ചില കാര്യങ്ങൾചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതേപ്പറ്റി കേൾക്കുന്ന ഏവരുടെയും കാതുകൾ തരിച്ചുപോകും. അന്നു ഞാൻ ഏലിക്കെതിരായും അവന്റെ ഭവനത്തിനെതിരായും അരുളിച്ചെയ്തതെല്ലാം ആദ്യന്തം നിറവേറ്റും. തന്റെ പുത്രന്മാർ ദൈവത്തെ നിന്ദിക്കുന്നത് അറിഞ്ഞിട്ടും അവൻ അവരെ നിയന്ത്രിക്കാത്തതുകൊണ്ട് ഞാനവന്റെ ഭവനത്തിന്മേൽ എന്നേക്കുമായി ന്യായവിധി നടത്തുമെന്നു ഞാൻ അവനോടു കൽപ്പിച്ചിരിക്കുന്നു. അതിനാൽ, ‘ഏലിയുടെ ഭവനത്തിന്റെ മഹാപാതകത്തിന്, യാഗത്താലോ വഴിപാടുകളാലോ ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാനിതാ ഏലിയുടെ ഭവനത്തോടു ശപഥംചെയ്തിരിക്കുന്നു.’ ”

പങ്ക് വെക്കു
1 ശമൂവേൽ 3 വായിക്കുക