1 ശമൂവേൽ 24:4-8
1 ശമൂവേൽ 24:4-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന്റെ ആളുകൾ അവനോട്: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ട് പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി. അവൻ തന്റെ ആളുകളോട്: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു. ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് അമർത്തി; ശൗലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹയിൽനിന്ന് എഴുന്നേറ്റ് തന്റെ വഴിക്കു പോയി. ദാവീദും എഴുന്നേറ്റ് ഗുഹയിൽനിന്നു പുറത്തിറങ്ങി ശൗലിനോട്: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 ശമൂവേൽ 24:4-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനുയായികൾ ദാവീദിനോടു പറഞ്ഞു: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോടു പ്രവർത്തിക്കാം എന്നു സർവേശ്വരൻ അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു. അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു. ദാവീദ് അനുയായികളോടു പറഞ്ഞു: “എന്റെ യജമാനനെതിരായി ഒരു ദോഷവും പ്രവർത്തിക്കാൻ എനിക്ക് ഇടയാകരുതേ; അദ്ദേഹം സർവേശ്വരന്റെ അഭിഷിക്തനാണല്ലോ.” ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ അനുയായികളെ നിയന്ത്രിച്ചുനിർത്തി; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി അവിടംവിട്ടു തന്റെ വഴിക്കു പോയി. ദാവീദ് ഗുഹയിൽനിന്നു പുറത്തുവന്ന്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു
1 ശമൂവേൽ 24:4-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. എന്നാൽ ശൗലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി. അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൗലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൗല് ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി. ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൗലിനോട്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൗല് തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
1 ശമൂവേൽ 24:4-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി. അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമർത്തി; ശൗലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹയിൽനിന്നു എഴുന്നേറ്റു തന്റെ വഴിക്കു പോയി. ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൗലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 ശമൂവേൽ 24:4-8 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.” ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു. അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു.