1 ശമൂവേൽ 24:10-18
1 ശമൂവേൽ 24:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഇന്നു ഗുഹയിൽവച്ചു നിന്നെ എന്റെ കൈയിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരേ ഞാൻ കൈയെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു. എന്റെ പിതാവേ, കാൺക, എന്റെ കൈയിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കൈയിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടി നടക്കുന്നു. യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല്ലു പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. ആരെ തേടിയാകുന്നു യിസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്ത നായയെ, ഒരു ചെള്ളിനെ അല്ലയോ? ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ച് എന്നെ നിന്റെ കൈയിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ. ദാവീദ് ശൗലിനോട് ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞു. പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്ക് നന്മ പകരം ചെയ്തിരിക്കുന്നു. യഹോവ എന്നെ നിന്റെ കൈയിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
1 ശമൂവേൽ 24:10-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇന്ന് ഈ ഗുഹയിൽ സർവേശ്വരൻ അങ്ങയെ എന്റെ കൈയിൽ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലർ അങ്ങയെ കൊല്ലാൻ എന്നോടു പറഞ്ഞു. എന്നാൽ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്റെ യജമാനനെതിരായി ഞാൻ കൈയുയർത്തുകയില്ല. അങ്ങു സർവേശ്വരന്റെ അഭിഷിക്തനാണ്;’ എന്റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്റെ കൈയിൽ. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാൻ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവർത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാൻ സന്ദർഭം തിരക്കി നടക്കുന്നു; നമ്മിൽ ആരാണ് തെറ്റുകാരൻ എന്നു സർവേശ്വരൻ തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല; ദുഷ്ടത ദുഷ്ടനിൽനിന്നു വരുന്നു എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. എന്റെ കൈ അങ്ങേക്ക് എതിരായിരിക്കുകയില്ല; ആരെ തേടിയാണ് ഇസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? സർവേശ്വരൻ നമ്മെ ന്യായം വിധിക്കട്ടെ; അവിടുന്നു ഇക്കാര്യം പരിശോധിച്ചശേഷം എനിക്കുവേണ്ടി വ്യവഹരിച്ച് എന്നെ അങ്ങയിൽനിന്നു രക്ഷിക്കട്ടെ.” ദാവീദു പറഞ്ഞു തീർന്നപ്പോൾ: “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദം തന്നെയോ” എന്നു ചോദിച്ചുകൊണ്ട് ശൗൽ പൊട്ടിക്കരഞ്ഞു; ശൗൽ ദാവീദിനോടു വീണ്ടും പറഞ്ഞു: “നീ എന്നെക്കാൾ നീതിമാനാണ്. നിനക്കെതിരെ ഞാൻ തിന്മ പ്രവർത്തിച്ചു; നീയാകട്ടെ എന്നോടു നന്മയാണു പ്രവർത്തിച്ചത്. സർവേശ്വരൻ എന്നെ നിന്റെ കൈയിൽ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെ എന്നോട് എത്ര നന്നായിട്ടാണു പെരുമാറിയതെന്ന് ഇന്നു നീ കാണിച്ചു തന്നു.
1 ശമൂവേൽ 24:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു. എന്റെ പിതാവേ, എന്‍റെ കയ്യിലുള്ള നിന്‍റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്‍റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു. എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല. അതുകൊണ്ട് എന്‍റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോട് പാപം ചെയ്തിട്ടുമില്ല എന്നു നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു. യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. 'ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു' എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. ആരെ തേടിയാകുന്നു യിസ്രായേൽ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായെയോ, ഒരു ചെള്ളിനെ അല്ലയോ? അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്‍റെ കാര്യം പരിശോധിച്ച്, വാദിച്ച് എന്നെ നിന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.” ദാവീദ് ശൗലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൗല്‍: “എന്‍റെ മകനേ, ദാവീദേ, ഇത് നിന്‍റെ ശബ്ദമോ?” എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞു. പിന്നെ അവൻ ദാവീദിനോട്: “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു. യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
1 ശമൂവേൽ 24:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു. എന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു. യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊൽ പറയുന്നതു; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ? ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ. ദാവീദ് ശൗലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു. പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു. യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
1 ശമൂവേൽ 24:10-18 സമകാലിക മലയാളവിവർത്തനം (MCV)
ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു. എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു. അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല. ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല. “ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ? യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!” ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു. അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു. എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല.