1 ശമൂവേൽ 19:4-6
1 ശമൂവേൽ 19:4-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചു പറഞ്ഞത്: രാജാവ് തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതേയുള്ളൂ. അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയൊരു രക്ഷ വരുത്തുകയും ചെയ്തത്; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നത് എന്തിന്? യോനാഥാന്റെ വാക്കു കേട്ട്: യഹോവയാണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
1 ശമൂവേൽ 19:4-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനാഥാൻ തന്റെ പിതാവായ ശൗലിനോടു ദാവീദിന്റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവൻ പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവർത്തിക്കരുതേ! അയാൾ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികൾ അങ്ങേക്കു വളരെ നന്മയായിത്തീർന്നിട്ടേയുള്ളൂ. തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് അവൻ ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വൻവിജയം സർവേശ്വരൻ ഇസ്രായേല്യർക്കു നല്‌കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോൾ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?” യോനാഥാന്റെ വാക്കുകൾ ശൗൽ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സർവേശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു.
1 ശമൂവേൽ 19:4-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ചു: “രാജാവ് തന്റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണ കരമായിരുന്നതേയുള്ളു. അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടാണല്ലോ ആ ഫെലിസ്ത്യനെ സംഹരിച്ചത്. അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയ രക്ഷവരുത്തുകയും ചെയ്തു. നീ അതുകണ്ട് സന്തോഷിച്ചു. അതുകൊണ്ട് നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് പാപം ചെയ്യുന്നത് എന്തിന്?” യോനാഥാന്‍റെ വാക്ക് കേട്ട്, യഹോവയാണെ അവനെ കൊല്ലുകയില്ല എന്നു ശൗല്‍ സത്യംചെയ്തു.
1 ശമൂവേൽ 19:4-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു. അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു? യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
1 ശമൂവേൽ 19:4-6 സമകാലിക മലയാളവിവർത്തനം (MCV)
യോനാഥാൻ തന്റെ പിതാവായ ശൗലിനോട് ദാവീദിനെപ്പറ്റി നിരവധി നല്ലകാര്യങ്ങൾ പറഞ്ഞു: “രാജാവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങു ദോഷമായി പ്രവർത്തിക്കരുത്. അദ്ദേഹം അങ്ങയോടു ദ്രോഹമൊന്നും ചെയ്തിട്ടില്ല; എന്നുമാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം അങ്ങേക്ക് ഏറ്റവും ഗുണകരമായിത്തീർന്നിട്ടുമുണ്ട്. ദാവീദ് ആ ഫെലിസ്ത്യനെ കൊന്നത് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണല്ലോ. അന്നു യഹോവ ഇസ്രായേലിനു വലിയൊരു വിജയം നേടിത്തന്നു; അങ്ങും അതുകണ്ടു സന്തോഷിച്ചല്ലോ? യാതൊരു കാരണവുംകൂടാതെ ദാവീദിനെപ്പോലെ നിർദോഷിയായ ഒരുവനെക്കൊന്ന് അങ്ങ് ഒരു കുറ്റകൃത്യം ചെയ്യുന്നതെന്തിന്?” ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു.