1 ശമൂവേൽ 17:25-30
1 ശമൂവേൽ 17:25-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവനു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു. അതിനു ജനം: അവനെ കൊല്ലുന്നവന് ഇന്നിന്നതൊക്കെയും കൊടുക്കും എന്ന് അവനോട് ഉത്തരം പറഞ്ഞു. അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാൺമാനല്ലേ നീ വന്നത് എന്നു പറഞ്ഞു. അതിന് ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളൂ എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
1 ശമൂവേൽ 17:25-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പറഞ്ഞു: “ഈ നില്‌ക്കുന്ന മനുഷ്യനെ കണ്ടോ? അവൻ തീർച്ചയായും ഇസ്രായേലിനെ നിന്ദിക്കാൻ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.” അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ പരിച്ഛേദനം ഏല്‌ക്കാത്ത ഇവൻ ആര്?” “ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവർ പറഞ്ഞു. അവരോടു ദാവീദു സംസാരിക്കുന്നതു കേട്ട്, അവന്റെ ജ്യേഷ്ഠസഹോദരനായ എലീയാബ് കോപിഷ്ഠനായി; അയാൾ ചോദിച്ചു: “നീ എന്തിന് ഇവിടെ വന്നു? മരുഭൂമിയിലുള്ള ആടുകളെ ആരെ ഏല്പിച്ചു; നിന്റെ അഹങ്കാരവും ദുഷ്ടതയും എനിക്കറിയാം; യുദ്ധം കാണാനല്ലേ നീ വന്നിരിക്കുന്നത്?” അപ്പോൾ ദാവീദ് ചോദിച്ചു: “ഞാൻ എന്തു തെറ്റുചെയ്തു? ഒരു വാക്കു പറഞ്ഞതല്ലേയുള്ളു.” അവൻ അവിടെനിന്നും മാറി മറ്റൊരാളോട് അതേ ചോദ്യം ചോദിച്ചു; കേട്ടവരെല്ലാം മുമ്പത്തെപ്പോലെ തന്നെ ഉത്തരം നല്‌കി.
1 ശമൂവേൽ 17:25-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?” എന്നു പറഞ്ഞു. അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്നു അവനോട് ഉത്തരം പറഞ്ഞു. അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്?” എന്നു പറഞ്ഞു. അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു. ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
1 ശമൂവേൽ 17:25-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെ കൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു. അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു. അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു. അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
1 ശമൂവേൽ 17:25-30 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു. തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?” അവർ സംസാരിച്ചുകൊണ്ടിരുന്നത് ഒന്നുകൂടി ആവർത്തിച്ചു. ആ മനുഷ്യനെ കൊല്ലുന്നവന് ഇന്നതൊക്കെയാണു കിട്ടുന്നത് എന്ന് ജനം പറഞ്ഞു. ദാവീദ് ആളുകളോടു സംസാരിക്കുന്നതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്തസഹോദരനായ എലീയാബ് കോപംകൊണ്ട് ജ്വലിച്ചു: “നീ എന്തിന് ഇവിടെവന്നു? കുറെ ആടുകളുള്ളതിനെ നീ മരുഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ടു വന്നു? നിന്റെ അഹങ്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. യുദ്ധം കാണുന്നതിനല്ലേ നീ വന്നത്?” എന്നു ചോദിച്ചു. ദാവീദ് പറഞ്ഞു: “ഞാനിപ്പോൾ എന്തു ചെയ്തു? എനിക്കു സംസാരിക്കുന്നതിനും അനുവാദമില്ലേ?” അദ്ദേഹം മറ്റൊരാളിന്റെ അടുത്തേക്കു തിരിഞ്ഞ് ഇതേകാര്യം വീണ്ടും ചോദിച്ചു.