1 ശമൂവേൽ 17:1-52
1 ശമൂവേൽ 17:1-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന് ഒന്നിച്ചുകൂട്ടി; അവർ യെഹൂദായ്ക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിനും അസേക്കയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്‌വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടയ്ക്ക് അണിനിരത്തി; ഫെലിസ്ത്യർ ഇപ്പുറത്ത് ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്ത് ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പേ നടന്നു. അവൻ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങൾ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു. എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ട് ശൗലിന്റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കൾ ആദ്യജാതൻ എലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തവൻ ശമ്മയും ആയിരുന്നു. ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്‍ലഹേമിൽ പോയിവരിക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു. യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞത്: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക. ഈ പാൽക്കട്ട പത്തും സഹസ്രാധിപനു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ച് ലക്ഷ്യവും വാങ്ങിവരിക. ശൗലും അവരും യിസ്രായേല്യരൊക്കെയും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ട്. അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവൽക്കാരന്റെ പക്കൽ വിട്ടേച്ച്, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്ന് കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടയ്ക്ക് ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു. യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരേ അണിനിരന്നുനിന്നു. ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവച്ച് അണിയിൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു. അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നതു ദാവീദ് കേട്ടു. അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി. എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവനു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു. അതിനു ജനം: അവനെ കൊല്ലുന്നവന് ഇന്നിന്നതൊക്കെയും കൊടുക്കും എന്ന് അവനോട് ഉത്തരം പറഞ്ഞു. അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാൺമാനല്ലേ നീ വന്നത് എന്നു പറഞ്ഞു. അതിന് ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളൂ എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു. ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൗലിനും അറിവുകിട്ടി; അവൻ അവനെ വിളിച്ചുവരുത്തി. ദാവീദ് ശൗലിനോട്: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് അങ്കം പൊരുതും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു. ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ വായിൽനിന്ന് ആട്ടിൻകുട്ടിയെ വിടുവിച്ചു, അത് എന്റെ നേരേ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും. ദാവീദ് പിന്നെയും: സിംഹത്തിന്റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവനു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോട്: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞ്, അവയെ ഊരിവച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പേ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: നീ വടികളുമായി എന്റെ നേരേ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ട് എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ട് ഫെലിസ്ത്യനോട് എതിർപ്പാൻ അണിക്കു നേരേ ഓടി. ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്തു കവിണയിൽവച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നുമുടിച്ചു; എന്നാൽ ദാവീദിന്റെ കൈയിൽ വാൾ ഇല്ലായിരുന്നു. ആകയാൽ ദാവീദ് ഓടിച്ചെന്ന് ഫെലിസ്ത്യന്റെ പുറത്തു കയറിനിന്ന് അവന്റെ വാൾ ഉറയിൽനിന്നും ഊരിയെടുത്ത് അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി. യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുംകൊണ്ട് ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
1 ശമൂവേൽ 17:1-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫെലിസ്ത്യർ യുദ്ധസന്നദ്ധരായി യെഹൂദ്യയിലെ സോഖോവിൽ സൈന്യത്തെ ഒരുമിച്ചുകൂട്ടി; സോഖോവിനും അസേക്കയ്‍ക്കും മധ്യേയുള്ള എഫെസ്-ദമ്മീമിൽ പാളയമടിച്ചു. ശൗലും ഇസ്രായേല്യരും ഒത്തുചേർന്നു ഏലാതാഴ്‌വരയിൽ പാളയമടിച്ചു; ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുന്നതിന് അവർ അണിനിരന്നു. താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ ഇസ്രായേല്യരും നിലയുറപ്പിച്ചു. ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ മുമ്പോട്ടു വന്നു; അയാൾക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു. അവൻ തലയിൽ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെൽ ഭാരമുള്ള താമ്രകവചമാണ് അയാൾ അണിഞ്ഞിരുന്നത്. കാൽച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളിൽ തൂക്കിയിട്ടിരുന്നു. അതിന്റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുൾത്തടിയുടെ വണ്ണവും അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കെൽ ഭാരവുമുണ്ടായിരുന്നു. പരിചവാഹകൻ അയാളുടെ മുമ്പിൽ നടന്നു. ഇസ്രായേൽപടയുടെ നേരെ തിരിഞ്ഞ് അയാൾ അട്ടഹസിച്ചു: “നിങ്ങൾ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാൻ ഒരു ഫെലിസ്ത്യനാണ്; നിങ്ങൾ ശൗലിന്റെ ദാസരല്ലേ? നിങ്ങൾ ഒരാളെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാൻ അവനെ തോല്പിച്ചു വധിച്ചാൽ നിങ്ങൾ അടിമകളായി ഞങ്ങളെ സേവിക്കണം.” അയാൾ തുടർന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിൻ.” അയാളുടെ വാക്കുകൾ കേട്ടപ്പോൾ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു. യെഹൂദ്യയിലുള്ള ബേത്‍ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ ഒരാളായിരുന്നു ദാവീദ്. ശൗലിന്റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു. അയാളുടെ പുത്രന്മാരിൽ മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു. ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ ആയിരുന്നു; ദാവീദ് പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നതിനു ശൗലിന്റെ അടുക്കൽനിന്നു ബേത്‍ലഹേമിൽ പോയി വരിക പതിവായിരുന്നു. ഗോല്യാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു: “ഒരു ഏഫാ മലരും പത്ത് അപ്പവുമെടുത്തുകൊണ്ട് നീ പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം ചെന്ന് അവർക്കു കൊടുക്കുക. അവരുടെ സഹസ്രാധിപനു കൊടുക്കാൻ പത്തു പാൽക്കട്ടിയും കൊണ്ടുപോകുക; സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവരെ കണ്ടു എന്നതിന് ഒരു അടയാളവും വാങ്ങി മടങ്ങിവരണം.” അവരും ശൗൽരാജാവും എല്ലാ ഇസ്രായേല്യരും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‌ക്കാരനെ ഏല്പിച്ചശേഷം പിതാവിന്റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേൽസൈന്യം പോർ വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തിൽ എത്തിയത്. ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധസന്നദ്ധരായി അഭിമുഖം അണിനിരന്നു. കൊണ്ടുവന്ന സാധനങ്ങൾ പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചശേഷം ദാവീദ് യുദ്ധരംഗത്തു ചെന്ന് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചു. അവർ സംസാരിച്ചുകൊണ്ടു നില്‌ക്കുമ്പോൾ ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ നിരയിൽനിന്നു മുമ്പോട്ടു വന്നു പതിവുപോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു. ഗോല്യാത്തിനെ കണ്ടപ്പോൾ ഇസ്രായേല്യർ ഭയപ്പെട്ട് ഓടി. അവർ പറഞ്ഞു: “ഈ നില്‌ക്കുന്ന മനുഷ്യനെ കണ്ടോ? അവൻ തീർച്ചയായും ഇസ്രായേലിനെ നിന്ദിക്കാൻ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.” അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ പരിച്ഛേദനം ഏല്‌ക്കാത്ത ഇവൻ ആര്?” “ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവർ പറഞ്ഞു. അവരോടു ദാവീദു സംസാരിക്കുന്നതു കേട്ട്, അവന്റെ ജ്യേഷ്ഠസഹോദരനായ എലീയാബ് കോപിഷ്ഠനായി; അയാൾ ചോദിച്ചു: “നീ എന്തിന് ഇവിടെ വന്നു? മരുഭൂമിയിലുള്ള ആടുകളെ ആരെ ഏല്പിച്ചു; നിന്റെ അഹങ്കാരവും ദുഷ്ടതയും എനിക്കറിയാം; യുദ്ധം കാണാനല്ലേ നീ വന്നിരിക്കുന്നത്?” അപ്പോൾ ദാവീദ് ചോദിച്ചു: “ഞാൻ എന്തു തെറ്റുചെയ്തു? ഒരു വാക്കു പറഞ്ഞതല്ലേയുള്ളു.” അവൻ അവിടെനിന്നും മാറി മറ്റൊരാളോട് അതേ ചോദ്യം ചോദിച്ചു; കേട്ടവരെല്ലാം മുമ്പത്തെപ്പോലെ തന്നെ ഉത്തരം നല്‌കി. ദാവീദിന്റെ വാക്കുകൾ കേട്ട ചിലർ അതു ശൗലിനെ അറിയിച്ചു; രാജാവ് ദാവീദിനെ വിളിപ്പിച്ചു. ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസൻ അവനോടു യുദ്ധം ചെയ്യാം.” ശൗൽ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാൻ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതൽതന്നെ ഒരു യോദ്ധാവാണ്.” ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസൻ പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചുകൊണ്ടുപോയാൽ ഞാൻ അതിനെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അതു എന്റെ നേരെ വന്നാൽ ഞാൻ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു. അങ്ങനെ ഈ ദാസൻ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും. സിംഹത്തിൽനിന്നും കരടിയിൽനിന്നും രക്ഷിച്ച സർവേശ്വരൻ ഈ ഫെലിസ്ത്യനിൽനിന്നും എന്നെ രക്ഷിക്കും.” ശൗൽ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.” ശൗൽ തന്റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ധരിപ്പിച്ചു. പടച്ചട്ടയിൽ വാൾ ബന്ധിച്ച് ദാവീദ് നടക്കാൻ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാൽ നടക്കാൻ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാൽ ഇവ ധരിച്ചു നടക്കാൻ എനിക്കു സാധിക്കുകയില്ല” എന്ന് അവൻ ശൗലിനോടു പറഞ്ഞു; അവൻ അവ ഊരിവച്ചു. പിന്നീട് അവൻ തന്റെ വടി കൈയിലെടുത്തു; തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്റെ സഞ്ചിയിൽ ഇട്ടു; കൈയിൽ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവൻ ഫെലിസ്ത്യനെ സമീപിച്ചു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരൻ ഫെലിസ്ത്യന്റെ മുമ്പിൽ നടന്നു. ദാവീദിനെ കണ്ടപ്പോൾ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവൻ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്റെ നേരെ വരാൻ ഞാൻ ഒരു നായാണോ?” തന്റെ ദേവന്മാരുടെ നാമം ചൊല്ലി അയാൾ ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും.” ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേൽസേനകളുടെ ദൈവത്തിന്റെ നാമത്തിൽ, നീ നിന്ദിച്ച സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ തന്നെ വരുന്നു. ഇന്നു സർവേശ്വരൻ നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും. സർവേശ്വരൻ വാളും കുന്തവും കൊണ്ടല്ല തന്റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സർവേശ്വരൻറേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിക്കും.” ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു. ദാവീദ് സഞ്ചിയിൽനിന്ന് കല്ലെടുത്തു കവിണയിൽ വച്ചു ചുഴറ്റി ഫെലിസ്ത്യന്റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയിൽതന്നെ തുളച്ചുകയറി; അയാൾ മുഖം കുത്തിവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്റെ കൈയിൽ വാളില്ലായിരുന്നു. അവൻ ഓടിച്ചെന്ന് ഫെലിസ്ത്യന്റെ പുറത്തുകയറി അയാളുടെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലൻ കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യർ ഓടിപ്പോയി. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങൾ ആർത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോൻ കവാടങ്ങൾ വരെ ഫെലിസ്ത്യരെ പിന്തുടർന്നു; ശയരയീംമുതൽ ഗത്തും എക്രോനുംവരെ വഴിയിൽ ഫെലിസ്ത്യർ മുറിവേറ്റു വീണു.
1 ശമൂവേൽ 17:1-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദായിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒരുമിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു. താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു. അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കൽ ഇരുമ്പ് ആയിരുന്നു. ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്‍റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് യുദ്ധം ചെയ്തു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.” ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു. യെഹൂദായിലെ ബേത്‍ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്‍റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂന്നു പേരും ശൗലിന്റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്‍റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു. ദാവീദ് എല്ലാവരിലും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്‍റെകൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്‍ലേഹേമിൽ പോയിവരുക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു. യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ മലരും, പത്തു അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്കുക. ഈ പത്തു പാൽക്കട്ട സഹസ്രാധിപന് കൊടുക്കുക; നിന്‍റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.” ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്. അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്‍റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു. യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു. ദാവീദ് തന്‍റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്‍റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്‍റെ അടുക്കൽ ഓടിച്ചെന്ന് തന്‍റെ സഹോദരന്മാരോട് കുശലം ചോദിച്ചു. അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു. അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി. അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?” എന്നു പറഞ്ഞു. അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്നു അവനോട് ഉത്തരം പറഞ്ഞു. അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്?” എന്നു പറഞ്ഞു. അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു. ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു. ദാവീദ് പറഞ്ഞവാക്ക് കേട്ടവർ അത് ശൗലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി. ദാവീദ് ശൗലിനോട്: “ഗൊല്യാത്തിന്‍റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു. ശൗല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്നു യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു. ദാവീദ് ശൗലിനോട് പറഞ്ഞത്: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്‍റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്‍റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.” ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു. ശൗല്‍ തന്‍റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിയുടെമേൽ അവന്‍റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു. ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് തന്‍റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പിൽ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ?” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്‍റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്നു ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി. ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു. അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്‍റെ പുറത്ത് കയറിനിന്ന്, അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്‍റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി. യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു.
1 ശമൂവേൽ 17:1-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്‌വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി; ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു. എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൗലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു. ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവിദ് ശൗലിന്റെ അടുക്കൽനിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു. യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക. ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക. ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു. അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു. യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു. ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു. അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു. അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി. എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെ കൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു. അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു. അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു. അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു. ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൗലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി. ദാവീദ് ശൗലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു. ശൗൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു. ദാവീദ് ശൗലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും. ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു. ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും. പിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിർപ്പാൻ അണിക്കുനേരെ ഓടി. ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു. ആകയാൽ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഓടിപ്പോയി. യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുംകൊണ്ടു ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
1 ശമൂവേൽ 17:1-52 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെയിരിക്കെ ഒരു ദിവസം ഫെലിസ്ത്യർ യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കി യെഹൂദ്യയിലെ സോഖോവിൽ ഒരുമിച്ചുകൂടി. സോഖോവിനും അസേക്കെയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ അവർ പാളയമിറങ്ങി. ശൗലും ഇസ്രായേല്യരും ഒരുമിച്ചുകൂടി ഏലാതാഴ്വരയിൽ പാളയമിറങ്ങി. അവർ ഫെലിസ്ത്യരെ നേരിടാനായി അണിനിരന്നു. ഫെലിസ്ത്യർ ഒരു മലഞ്ചരിവിലും ഇസ്രായേല്യർ അതിന്നിപ്പുറം മറ്റൊരു മലഞ്ചരിവിലും അണിനിരന്നു; അവരുടെ മധ്യേ ഒരു താഴ്വരയുണ്ടായിരുന്നു. അപ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നും മുമ്പോട്ടുവന്നു. അയാൾക്ക് ഒൻപതേമുക്കാൽ അടി ഉയരമുണ്ടായിരുന്നു. അയാൾ തലയിൽ വെങ്കലംകൊണ്ടുള്ള ശിരോകവചം ധരിച്ചിരുന്നു. അയ്യായിരം ശേക്കേൽ തൂക്കമുള്ള വെങ്കലക്കവചമായിരുന്നു അയാൾ ധരിച്ചിരുന്നത്. അയാൾ വെങ്കലംകൊണ്ടുള്ള കാൽച്ചട്ടയണിഞ്ഞിരുന്നു. വെങ്കലംകൊണ്ടുള്ള ഒരു വേൽ അയാളുടെ പിറകിൽ തോളിൽനിന്ന് തൂക്കിയിട്ടിരുന്നു. അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു. ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ! അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.” വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.” ആ ഫെലിസ്ത്യന്റെ വാക്കുകൾ കേട്ട് ശൗലും എല്ലാ ഇസ്രായേല്യരും ഭയന്നുവിറച്ചു. ദാവീദ് യെഹൂദ്യയിലെ ബേത്ലഹേംകാരനായ യിശ്ശായി എന്ന എഫ്രാത്യന്റെ മകനായിരുന്നു. യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. ശൗലിന്റെ കാലത്ത് അദ്ദേഹം വളരെ വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മൂന്നുപുത്രന്മാർ യുദ്ധത്തിനു ശൗലിനോടുകൂടെയായിരുന്നു: ആദ്യജാതൻ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മാ. ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്റെകൂടെയായിരുന്നു. എന്നാൽ ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് മിക്കപ്പോഴും ബേത്ലഹേമിൽ തന്റെ പിതാവിന്റെ ആടുകളെ നോക്കാൻ പോകുമായിരുന്നു. ഫെലിസ്ത്യനായ ഗൊല്യാത്ത് നാൽപ്പതുദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് യുദ്ധത്തിനു വെല്ലുവിളിച്ചുകൊണ്ടിരുന്നു. യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞു: “ഈ ഒരു ഏഫാ മലരും പത്ത് അപ്പവും എടുത്ത് വേഗത്തിൽ പാളയത്തിൽ കൊണ്ടുചെന്ന് നിന്റെ സഹോദരന്മാർക്കു കൊടുക്കുക. അവരുടെ സേനാധിപനുവേണ്ടി ഈ പാൽക്കട്ടി പത്തുംകൂടി എടുത്തുകൊള്ളുക! നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു ഉറപ്പുവരുത്തി തിരിച്ചുവരിക. അവർ ശൗലിനോടും മറ്റ് ഇസ്രായേല്യരോടും ഒപ്പം ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു പൊരുതുകയാണ്.” പിറ്റേദിവസം അതിരാവിലെ ദാവീദ് ആടുകളെ ഒരു ഇടയന്റെ പക്കൽ ഏൽപ്പിച്ചിട്ട് സാധനങ്ങളും എടുത്തു യിശ്ശായി പറഞ്ഞിരുന്നപ്രകാരം യാത്രതിരിച്ചു. സൈന്യം ആർത്തുവിളിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെടുന്ന നേരത്ത് ദാവീദ് അവിടെയെത്തി. ഇസ്രായേല്യരും ഫെലിസ്ത്യരും അഭിമുഖമായി അണിനിരന്നു. ദാവീദ് തന്റെ സാധനങ്ങൾ പടക്കോപ്പുസൂക്ഷിപ്പുകാരനെ ഏൽപ്പിച്ചിട്ട് അണികളിലേക്ക് ഓടിച്ചെന്ന് തന്റെ സഹോദരന്മാരെ കണ്ടുമുട്ടി കുശലം അന്വേഷിച്ചു. അയാൾ അവരോടു സംസാരിക്കുമ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നു മുമ്പോട്ടുവന്ന് പതിവുപോലെ വെല്ലുവിളി ഉയർത്തി. ദാവീദും അതുകേട്ടു. ഇസ്രായേല്യർ അവനെ കണ്ടപ്പോൾ അതിഭീതിയോടെ അവന്റെ മുമ്പിൽനിന്ന് ഓടിയകന്നു. അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു. തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?” അവർ സംസാരിച്ചുകൊണ്ടിരുന്നത് ഒന്നുകൂടി ആവർത്തിച്ചു. ആ മനുഷ്യനെ കൊല്ലുന്നവന് ഇന്നതൊക്കെയാണു കിട്ടുന്നത് എന്ന് ജനം പറഞ്ഞു. ദാവീദ് ആളുകളോടു സംസാരിക്കുന്നതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്തസഹോദരനായ എലീയാബ് കോപംകൊണ്ട് ജ്വലിച്ചു: “നീ എന്തിന് ഇവിടെവന്നു? കുറെ ആടുകളുള്ളതിനെ നീ മരുഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ടു വന്നു? നിന്റെ അഹങ്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. യുദ്ധം കാണുന്നതിനല്ലേ നീ വന്നത്?” എന്നു ചോദിച്ചു. ദാവീദ് പറഞ്ഞു: “ഞാനിപ്പോൾ എന്തു ചെയ്തു? എനിക്കു സംസാരിക്കുന്നതിനും അനുവാദമില്ലേ?” അദ്ദേഹം മറ്റൊരാളിന്റെ അടുത്തേക്കു തിരിഞ്ഞ് ഇതേകാര്യം വീണ്ടും ചോദിച്ചു. ദാവീദ് പറഞ്ഞകാര്യം പരസ്യമായി. അതു ശൗലിന്റെ ചെവിയിലുമെത്തി. അദ്ദേഹം ദാവീദിനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ദാവീദ് ശൗലിനോട്, “ഈ ഫെലിസ്ത്യനെപ്രതി ആരും പേടിക്കേണ്ടാ. അടിയൻ പോയി ഇവനോടു പൊരുതാം” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “ഈ ഫെലിസ്ത്യനെതിരേ പൊരുതാൻ നിനക്കു കഴിവില്ല! നീ വെറും ബാലനാണ്. എന്നാൽ അവൻ ചെറുപ്പംമുതലേ യോദ്ധാവാകുന്നു.” എന്നാൽ ദാവീദ് ശൗലിനോട് അറിയിച്ചു: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഓരോ ആടിനെ പിടിച്ചുകൊണ്ടുപോയി. ഞാൻ പിന്നാലെചെന്ന് അതിനെ അടിച്ചുവീഴ്ത്തുകയും അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. അത് എന്റെനേരേ തിരിഞ്ഞപ്പോൾ ഞാനതിനെ താടിക്കുപിടിച്ചു നിലത്തടിച്ചു കൊന്നു. അടിയൻ ആ സിംഹത്തെയും ആ കരടിയെയും കൊന്നു. ഈ പരിച്ഛേദനമില്ലാത്ത ഫെലിസ്ത്യനും ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കുകയാൽ അവയിൽ ഒന്നിനെപ്പോലെ ആകും. സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവ, എന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്ന് വിടുവിക്കും.” അപ്പോൾ ശൗൽ, “പോക, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നു പറഞ്ഞു. അപ്പോൾ ശൗൽ തന്റെ സ്വന്തം പടച്ചട്ട ദാവീദിനെ അണിയിച്ചു. അദ്ദേഹത്തെ കവചം ധരിപ്പിച്ച് വെങ്കലംകൊണ്ടുള്ള ശിരോകവചവും വെച്ചുകൊടുത്തു. ദാവീദ് തന്റെ വാൾ പടച്ചട്ടയിൽ കെട്ടിക്കൊണ്ട് നടക്കാൻ ശ്രമിച്ചു; എന്നാൽ അദ്ദേഹത്തിനതു ശീലമില്ലായിരുന്നു. “ശീലമില്ലായ്കയാൽ ഇവ ധരിച്ചുകൊണ്ട് എനിക്കു പോകാൻ സാധ്യമല്ല,” ദാവീദ് ശൗലിനോടു പറഞ്ഞു. അദ്ദേഹം അവയെല്ലാം അഴിച്ചുമാറ്റി. ദാവീദ് തന്റെ വടി കൈയിലെടുത്തു; അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തെരഞ്ഞെടുത്ത് തന്റെ ഇടയസഞ്ചിയുടെ ഉറയിലിട്ടു. കൈയിൽ കവിണയുമായി അദ്ദേഹം ഫെലിസ്ത്യനെ നേരിടാൻ സമീപിച്ചു. ആ ഫെലിസ്ത്യനും തന്റെ പരിചക്കാരനെ മുൻനിർത്തി ദാവീദിനോട് അടുത്തു. അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു. അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു. ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും. വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.” ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു. തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു. കൈവശം ഒരു വാളില്ലാതെതന്നെ ദാവീദ് ഫെലിസ്ത്യനെ വീഴ്ത്തി; അയാളെ വധിച്ചു. ദാവീദ് ഓടിയടുത്ത് ഫെലിസ്ത്യന്റെ പുറത്തുകയറി നിന്നു. ആ ഫെലിസ്ത്യന്റെ വാൾ ഉറയിൽനിന്നും ഊരിയെടുത്ത്. അവനെ കൊന്നു. അതിനുശേഷം ആ വാൾകൊണ്ടുതന്നെ അവന്റെ തല വെട്ടിമാറ്റി. തങ്ങളുടെ മല്ലൻ മരിച്ചെന്നുകണ്ടപ്പോൾ ഫെലിസ്ത്യർ പിന്തിരിഞ്ഞോടിപ്പോയി. അപ്പോൾ ഇസ്രായേൽജനവും യെഹൂദ്യരും ആർത്തുകൊണ്ട് മുന്നോട്ട് ഇരച്ചുകയറി ഗത്തിന്റെ അതിരോളവും എക്രോനിലേക്കുള്ള കവാടങ്ങൾവരെയും ഫെലിസ്ത്യരെ പിൻതുടർന്നു സംഹരിച്ചു. ശയരയീമിലേക്കുള്ള വഴിമുതൽ ഗത്തും എക്രോനുംവരെ കൊല്ലപ്പെട്ട ഫെലിസ്ത്യർ വീണുകിടന്നിരുന്നു.