1 പത്രൊസ് 4:1-19

1 പത്രൊസ് 4:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവംതന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനത്രേ ജീവിക്കേണ്ടതിനു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി. ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നത് അപൂർവം എന്നുവച്ച് അവർ ദുഷിക്കുന്നു. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിനായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവു സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിനുതന്നെ. എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർഥനയ്ക്കു സുബോധമുള്ളവരും നിർമദരുമായിരിപ്പിൻ. സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്ത്വപ്പെടുവാൻ ഇടവരട്ടെ. മഹത്ത്വവും ബലവും എന്നെന്നേക്കും അവനുള്ളത്. ആമേൻ. പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം നിങ്ങൾക്കു വന്നു കൂടി എന്നുവച്ച് അതിശയിച്ചു പോകരുത്. ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേണ്ടത്. ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാൻ പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും? അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.

1 പത്രൊസ് 4:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തു കായികമായ പീഡനം സഹിച്ചതുകൊണ്ട് നിങ്ങളും അവിടുത്തെ മനോഭാവം തന്നെ ആയുധമായി ധരിച്ചുകൊള്ളുക. ശരീരത്തിൽ പീഡനം സഹിച്ച ഏതൊരുവനും പാപത്തോടുള്ള ബന്ധം വിട്ടിരിക്കും. ഇനി അവശേഷിച്ച ജീവിതകാലം മാനുഷികമായ വികാരങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനുതന്നെ വിധേയരായി ജീവിക്കേണ്ടതാണ്. വിജാതീയർ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി. തങ്ങളുടെ അനിയന്ത്രിതമായ ദുർവൃത്തികളിൽ നിങ്ങൾ പങ്കുചേരാത്തതിൽ അവർ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്നവന്റെ മുമ്പിൽ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിനായിട്ടാണല്ലോ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്. അവർ ശാരീരികമായി മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും, ദൈവത്തെപ്പോലെ ആത്മാവിൽ ജീവിക്കേണ്ടതിനുതന്നെ. എല്ലാറ്റിന്റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ സമചിത്തരും ജാഗരൂകരുമായി പ്രാർഥനയിൽ മുഴുകുക. എല്ലാറ്റിനും ഉപരി, നിങ്ങൾ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാൽ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്‍ക്കുന്നു. പിറുപിറുപ്പുകൂടാതെ നിങ്ങൾ അന്യോന്യം സൽക്കരിക്കുക. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാർന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാർ എന്ന നിലയിൽ അന്യോന്യം ശുശ്രൂഷ ചെയ്യണം. പ്രസംഗിക്കുന്നത് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നതുപോലെ ആയിരിക്കട്ടെ; ശുശ്രൂഷിക്കുന്നത് ദൈവം നല്‌കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആയിരിക്കണം. അങ്ങനെ എല്ലാറ്റിലും യേശുക്രിസ്തുവിലൂടെ ദൈവം വാഴ്ത്തപ്പെടുവാൻ ഇടയാകട്ടെ. മഹത്ത്വവും അധികാരവും എന്നും എന്നേക്കും അവിടുത്തേക്കുള്ളത്, ആമേൻ. പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂർവ കാര്യം എന്നു കരുതി വിസ്മയിക്കരുത്. ക്രിസ്തുവിന്റെ പീഡനങ്ങളിൽ പങ്കാളികളാകുന്തോറും നിങ്ങൾ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്റെ പ്രത്യക്ഷതയിൽ നിങ്ങൾ ആനന്ദിച്ച് ഉല്ലസിക്കുവാൻ ഇടവരും. ക്രിസ്തുവിന്റെ നാമം നിമിത്തം നിങ്ങൾ നിന്ദിക്കപ്പെടുന്നുവെങ്കിൽ, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേൽ ആവസിക്കുന്നു. കൊലപാതകിയോ, മോഷ്ടാവോ, ദുർവൃത്തനോ, കലഹക്കാരനോ ആയി നിങ്ങളിൽ ആരും പീഡനം സഹിക്കുവാൻ ഇടയാകരുത്. പ്രത്യുത ക്രിസ്ത്യാനി എന്ന നിലയിൽ പീഡനം സഹിക്കുന്നുവെങ്കിൽ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്റെ നാമം ധരിച്ചുകൊണ്ട് അവൻ ദൈവത്തെ പ്രകീർത്തിക്കട്ടെ. ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു. അതു നമ്മിൽ ആരംഭിക്കുന്നെങ്കിൽ, ദൈവത്തിന്റെ സുവാർത്ത നിഷേധിക്കുന്നവരുടെ ഗതി എന്തായിരിക്കും? നീതിമാൻപോലും രക്ഷപ്രാപിക്കുന്നത് വിഷമിച്ചാണെങ്കിൽ, അഭക്തന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും? അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവർ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ.

1 പത്രൊസ് 4:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതുകൊണ്ട് ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ട് നിങ്ങളും ആ മനോഭാവം തന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിനത്രേ ജീവിക്കുന്നത്. ഭോഗേച്ഛകളിലും, കാമവികാരങ്ങളിലും, മദ്യപാനത്തിലും, മദോന്മത്തതയിലും, അറപ്പുളവാക്കുന്ന വിഗ്രഹാരാധനയിലും നടന്ന് മറ്റ് ജനതകളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി. ഈ വക കാര്യങ്ങൾ അവരോടൊപ്പം ചേർന്ന് നിങ്ങൾ ചെയ്യാത്തത് അപൂർവകാര്യം എന്നുചിന്തിച്ച് അവർ നിങ്ങൾക്ക് എതിരെ ദൂഷണം പറയുന്നു. ജീവനുള്ളവരെയും മരിച്ചവരേയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്ന ദൈവത്തിന് അവർ കണക്ക് ബോധിപ്പിക്കേണ്ടിവരും. ഈ ലക്ഷ്യത്തോടെയല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരേപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന് തന്നെ. എന്നാൽ എല്ലാറ്റിന്റേയും അവസാനം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് പ്രാർത്ഥനയ്ക്കുവേണ്ടി സുബോധമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിപ്പിൻ. സകലത്തിനും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു. പരാതിപ്പെടാതെ പരസ്പരം അതിഥിസൽക്കാരം ആചരിപ്പിൻ. ഓരോരുത്തർക്കും വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപാവരങ്ങളുടെ നല്ല ഗൃഹവിചാരകന്മാരായി അവയെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുവൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്‍റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുവൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിയ്ക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത് ആമേൻ. പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്. ക്രിസ്തുവിന്‍റെ കഷ്ടങ്ങളിൽ എത്രത്തോളം പങ്കുള്ളവരാകുമോ അത്രത്തോളം സന്തോഷിച്ചു കൊൾവിൻ. അങ്ങനെ നിങ്ങൾ അവന്‍റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കുവാൻ ഇടവരും. ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്. ന്യായവിധി ആദ്യമായി ദൈവഗൃഹമായ അവന്‍റെ ജനത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അത് നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തൻ്റെയും പാപിയുടെയും ഗതി എന്തായിത്തീരും? അതുകൊണ്ട് ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിൽ ഭരമേല്പിക്കട്ടെ.

1 പത്രൊസ് 4:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി. ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ. എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു. ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു. ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും? അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.

1 പത്രൊസ് 4:1-19 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു. എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക. സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു. പരാതികൂടാതെ പരസ്പരം ആതിഥ്യമര്യാദ കാണിക്കുക. ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക. പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ. പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്; ക്രിസ്തുവിന്റെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളാകുന്നതിൽ ആനന്ദിക്കുകയാണ് വേണ്ടത്. അങ്ങനെ അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾക്ക് അത്യധികം ആനന്ദിക്കാൻ സാധിക്കും. നിങ്ങൾ ക്രിസ്തുവിന്റെ നാമംമൂലം അവഹേളിക്കപ്പെടുന്നെങ്കിൽ, അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ അധിവസിക്കുന്നു. നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്. ക്രിസ്ത്യാനിയായിട്ട് പീഡനം സഹിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല; മറിച്ച്, ക്രിസ്തുവിന്റെ നാമം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു വേണ്ടത്. ദൈവഭവനത്തിൽ ന്യായവിധി ആരംഭിക്കാൻ സമയം ആസന്നമായിരിക്കുന്നു; അത് നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്തായിരിക്കും! “നീതിനിഷ്ഠർ രക്ഷപ്രാപിക്കുന്നത് ദുഷ്കരമെങ്കിൽ, അഭക്തരുടെയും പാപികളുടെയും ഗതി എന്താകും!” അതുകൊണ്ട്, ദൈവഹിതപ്രകാരം കഷ്ടം അനുഭവിക്കുന്നവർ, വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് നന്മ പ്രവർത്തിച്ചുകൊണ്ടിരിക്കട്ടെ.