1 പത്രൊസ് 1:18-25
1 പത്രൊസ് 1:18-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യർഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽതന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. “സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
1 പത്രൊസ് 1:18-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതൃപാരമ്പര്യ വഴിക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള വിലയായി കൊടുത്തത് വെള്ളി, സ്വർണം തുടങ്ങിയ നശ്വരവസ്തുക്കളല്ല, പ്രത്യുത ക്രിസ്തുവിന്റെ വിലയേറിയ രക്തമാണ് എന്നുള്ളതു നിങ്ങൾക്ക് അറിയാമല്ലോ. ഊനവും കളങ്കവും ഇല്ലാത്ത ബലിമൃഗമായ കുഞ്ഞാടാണ് അവിടുന്ന്. പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അവിടുന്നു നിയോഗിക്കപ്പെട്ടു. ഈ അന്ത്യനാളുകളിൽ നിങ്ങൾക്കുവേണ്ടി വെളിപ്പെടുകയും ചെയ്തു. അവിടുന്നു മുഖാന്തരം നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും, അവിടുത്തേക്കു മഹത്ത്വം നല്‌കുകയും ചെയ്ത ആ ദൈവത്തിലാകുന്നു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും. സത്യത്തെ അനുസരിക്കുന്നതിനാൽ ആത്മാവിനു നൈർമ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങൾക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അന്യോന്യം ഉറ്റുസ്നേഹിക്കുക. നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. എന്തെന്നാൽ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും അവരുടെ മഹിമ പുല്ലിന്റെ പൂപോലെയും ആകുന്നു. പുല്ലു വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു; സർവേശ്വരന്റെ വചനം ആകട്ടെ, എന്നേക്കും നിലനില്‌ക്കുന്നു. നിങ്ങളെ അറിയിച്ച സുവാർത്തയാണ് ആ വചനം.
1 പത്രൊസ് 1:18-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിൻ്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു. അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവനു തേജസ്സ് കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ. നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. “സകലജഡവും പുല്ലുപോലെയും അതിന്‍റെ മഹത്വം എല്ലാം പുല്ലിൻ്റെ പൂപോലെയും ആകുന്നു; പുല്ല് വാടിയും, പൂവ് കൊഴിഞ്ഞും പോകുന്നു; കർത്താവിന്‍റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.”
1 പത്രൊസ് 1:18-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
1 പത്രൊസ് 1:18-25 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്. ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു. നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ. “എല്ലാ മാനവരും തൃണസമാനരും, അവരുടെ സർവമഹിമയും വയലിലെ പൂപോലെയും! പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.