1 പത്രൊസ് 1:1-7
1 പത്രൊസ് 1:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്റെ മുന്നറിവിന് ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്ക് എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കുമാറാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിതന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും.
1 പത്രൊസ് 1:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുക്രിസ്തുവിന്റെ അപ്പോസ്തോലനായ പത്രോസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ഏഷ്യാദേശത്തും ബിഥുന്യയിലും പരദേശികളെപ്പോലെ ചിതറിപ്പാർക്കുന്ന ദൈവജനത്തിന് എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കട്ടെ. യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങൾ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ! മരണത്തിൽനിന്നുള്ള യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ ദൈവം തന്റെ മഹാകാരുണ്യംമൂലം നമുക്കു നവജന്മം നല്‌കിയിരിക്കുന്നു. അതുമൂലം സജീവമായ പ്രത്യാശ നമുക്കുണ്ട്. നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും, അനശ്വരവും, മാലിന്യമില്ലാത്തതും, അക്ഷയവുമായ അനുഗ്രഹങ്ങൾക്ക് നിങ്ങൾ അവകാശികൾ ആണ്. അന്ത്യകാലത്തു വെളിപ്പെടുവാനിരിക്കുന്ന രക്ഷയ്‍ക്കുവേണ്ടി വിശ്വാസത്തിലൂടെ ദൈവത്തിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കപ്പെടുന്നവരാണു നിങ്ങൾ. അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാൽ നിങ്ങൾ ഇപ്പോൾ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കിൽത്തന്നെയും അതിൽ നിങ്ങൾ ആനന്ദംകൊള്ളുക. നശ്വരമായ സ്വർണം അഗ്നിയിൽ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വർണത്തെക്കാൾ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും.
1 പത്രൊസ് 1:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശുക്രിസ്തുവിന്‍റെ ഒരു അപ്പൊസ്തലനായ പത്രൊസ്, പ്രദേശങ്ങളായ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും, യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും അവന്‍റെ രക്തത്താൽ തളിക്കപ്പെട്ടതിനാലും ആത്മാവിന്‍റെ വിശുദ്ധീകരണം പ്രാപിച്ച് പിതാവായ ദൈവത്തിന്‍റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിച്ച് വരുമാറാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം തന്‍റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വിശ്വാസത്താൽ രക്ഷയ്ക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും. ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ. നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.
1 പത്രൊസ് 1:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
1 പത്രൊസ് 1:1-7 സമകാലിക മലയാളവിവർത്തനം (MCV)
യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രോസ്, പൊന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നീ പ്രവിശ്യകളിൽ പ്രവാസികളായി ചിതറിപ്പാർക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക്, എഴുതുന്നത്: പിതാവായ ദൈവത്തിന്റെ പൂർവജ്ഞാനത്തിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങൾ, പരിശുദ്ധാത്മാവിനാലുള്ള വിശുദ്ധീകരണത്താൽ യേശുക്രിസ്തുവിനെ അനുസരിക്കുന്നവരും അവിടത്തെ രക്തത്താൽ വിശുദ്ധി ലഭിച്ചവരും ആയിത്തീർന്നിരിക്കുന്നല്ലോ. നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു. ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക. ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും.