1 രാജാക്കന്മാർ 9:6-21
1 രാജാക്കന്മാർ 9:6-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകല ജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി, യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് എന്നു ചോദിക്കും. അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്ന് അതിന് ഉത്തരം പറയും. ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം സോർരാജാവായ ഹീരാം ശലോമോന് അവന്റെ ഇഷ്ടംപോലെയൊക്കെയും ദേവദാരുവും സരളമരവും സ്വർണവും കൊടുത്തിരുന്നതുകൊണ്ട് ശലോമോൻരാജാവ് ഹീരാമിനു ഗലീലാദേശത്ത് ഇരുപതു പട്ടണം കൊടുത്തു. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന് അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവനു ബോധിച്ചില്ല, സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്ത് എന്ന് അവൻ പറഞ്ഞു. അവയ്ക്ക് ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു. ശലോമോൻരാജാവ് യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന് ഊഴിയവേല ചെയ്യിച്ച വിവരം: മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവച്ചു ചുട്ടുകളഞ്ഞ്, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്ന്, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിത് അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകല ജാതിയെയും യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
1 രാജാക്കന്മാർ 9:6-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നീയോ നിന്റെ മക്കളോ എന്നെ ഉപേക്ഷിക്കുകയും എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താൽ, ഇസ്രായേൽജനത്തിനു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാൻ ഉപേക്ഷിക്കും. ഇസ്രായേൽ സകല ജനതകൾക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും. ഈ ആലയം കല്‌ക്കൂമ്പാരമാകും; ഈ ദേശത്തോടും ആലയത്തോടും സർവേശ്വരൻ ഈ വിധം പെരുമാറിയത് എന്തുകൊണ്ടെന്നു കടന്നുപോകുന്നവർ അദ്ഭുതത്തോടെ ചോദിക്കും; തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവരെ ആരാധിക്കുകയും ചെയ്തതുകൊണ്ടാണ് സർവേശ്വരൻ ഈ നാശം വരുത്തിയതെന്ന് അവർതന്നെ ഉത്തരം പറയും.” ഇരുപതു വർഷംകൊണ്ടു സർവേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോൻ പണിതുതീർത്തു. പണിക്കാവശ്യമായ സരളമരവും ദേവദാരുവും സ്വർണവും നല്‌കിയതിനു പ്രതിഫലമായി സോരിലെ ഹീരാമിനു ശലോമോൻ രാജാവു ഗലീലാപ്രദേശത്ത് ഇരുപതു പട്ടണങ്ങൾ നല്‌കി. ആ പട്ടണങ്ങൾ കാണാൻ ഹീരാം സോരിൽനിന്നു വന്നു. അവ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല; ഹീരാം ചോദിച്ചു: “സഹോദരാ, ഒന്നിനും കൊള്ളാത്ത പട്ടണങ്ങളാണല്ലോ അങ്ങു എനിക്കു തന്നിരിക്കുന്നത്?” അതിനാൽ അവ ഇന്നും ‘കാബൂൽ’ എന്ന പേരിൽ അറിയപ്പെടുന്നു. ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വർണം കൊടുത്തയച്ചിരുന്നു. ദേവാലയവും കൊട്ടാരവും മില്ലോയും പണിയാനും പട്ടണത്തിന്റെ കിഴക്കുവശത്തുള്ള നിലം നികത്താനും പട്ടണമതിൽ കെട്ടാനും ശലോമോൻരാജാവ് ജനത്തെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നീ പട്ടണങ്ങൾ പുതുക്കിപ്പണിയുന്നതിനും അടിമകളെ ഉപയോഗിച്ചു. ഈജിപ്തിലെ ഫറവോരാജാവ് ഗേസെർ പിടിച്ചടക്കി അതിലെ നിവാസികളായ കനാന്യരെ കൊല്ലുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പില്‌ക്കാലത്ത് ഫറവോ തന്റെ മകളെ ശലോമോന് വിവാഹം കഴിച്ചുകൊടുത്തപ്പോൾ അവൾക്കു സ്‍ത്രീധനമായി ഈ പട്ടണം നല്‌കി. ആ പട്ടണവും താഴത്തെ ബേത്ത്- ഹോരോനും യെഹൂദാമരുഭൂമിയിലെ ബാലാത്ത്, താമാർ എന്നീ പട്ടണങ്ങളും അടിമകളെക്കൊണ്ട് ശലോമോൻ പുതുക്കിപ്പണിയിച്ചു. സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ ഭരണത്തിൻ കീഴുള്ള മറ്റു സ്ഥലങ്ങളിലും താൻ പണിയാൻ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്. ഇസ്രായേല്യരിൽ ഉൾപ്പെടാത്ത അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ശേഷിച്ച സകലരെയും ശലോമോൻ അടിമകളാക്കി.
1 രാജാക്കന്മാർ 9:6-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ, ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്‍റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചീറ്റുകയും ചെയ്തു, ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത്?’ എന്നു ചോദിക്കും. “‘അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു’ എന്നു അതിന് ഉത്തരം പറയും.” യഹോവയുടെ ആലയവും രാജധാനിയും ഇരുപതു വര്‍ഷം കൊണ്ടു പണിതശേഷം ശലോമോൻ രാജാവ് സോർരാജാവായ ഹീരാമിന് ഗലീലദേശത്ത് ഇരുപതു പട്ടണങ്ങൾ നൽകി; ശലോമോനു ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽ നിന്നു വന്നു; എന്നാൽ അവ അവനു ഇഷ്ടപ്പെട്ടില്ല. “സഹോദരാ, എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത്?” എന്നു അവൻ ചോദിച്ചു. അവയ്ക്ക് അവൻ കാബൂൽ ദേശം എന്നു പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു. ഹൂരാം ശലോമോനു ഏകദേശം 4,000 കിലോഗ്രാം പൊന്ന് കൊടുത്തയച്ചു. യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്. മിസ്രയീം രാജാവായ ഫറവോൻ, ഗേസെർ കീഴടക്കി, അത് തീവച്ചു നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു; ശലോമോന്‍റെ ഭാര്യയായ തന്റെ മകൾക്കു അതു അവൻ സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും പുതുക്കിപ്പണിയിച്ചു. ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോൻ പണിതു. ഇതുകൂടാതെ, തനിക്കു ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ, കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്‍റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു. അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽ മക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും യിസ്രായേൽ മക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്തു ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
1 രാജാക്കന്മാർ 9:6-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും. അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും. ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു. ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു. ശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം: മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
1 രാജാക്കന്മാർ 9:6-21 സമകാലിക മലയാളവിവർത്തനം (MCV)
“എന്നാൽ, നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെവിട്ടു പിന്മാറുകയും ഞാൻ നിങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും അനുസരിക്കാതിരുന്ന് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത രാജ്യത്തുനിന്ന് ഛേദിച്ചുകളയുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. അപ്പോൾ, ഇസ്രായേൽ സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിത്തീരും. ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട് ഇതിനെ പരിഹസിക്കുകയും ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കുകയും ചെയ്യും. ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.” യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. നിർമാണ ആവശ്യങ്ങൾക്കുള്ള ദേവദാരുവും സരളമരവും സ്വർണവും ശലോമോന് നൽകിയിരുന്നത് സോർരാജാവായ ഹീരാം ആയിരുന്നതിനാൽ, ശലോമോൻ അദ്ദേഹത്തിന് ഗലീലാദേശത്ത് ഇരുപതു നഗരങ്ങൾ നൽകി. ശലോമോൻ തനിക്കു സമ്മാനിച്ച നഗരങ്ങൾ കാണുന്നതിനായി സോരിൽനിന്ന് വന്ന ഹീരാമിന് അവ ഇഷ്ടമായില്ല. “എന്റെ സഹോദരാ! എങ്ങനെയുള്ള നഗരങ്ങളാണ് താങ്കൾ എനിക്കു സമ്മാനിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ട്, ഹീരാം അതിനെ കാബൂൽദേശം എന്നു പേരിട്ടു. ആ നഗരങ്ങൾ ഇന്നും ആ പേരിൽ അറിയപ്പെടുന്നു. ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു. യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം: ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി. പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു. ബാലാത്തും മരുഭൂമിയിലെ തദ്മോറും ശലോമോൻ നിർമിച്ചു. ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ഇസ്രായേൽമക്കൾക്ക് ഉന്മൂലനംചെയ്യാൻ കഴിയാതെയിരുന്ന ഈ ജനതകളുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു.