1 രാജാക്കന്മാർ 9:15-23

1 രാജാക്കന്മാർ 9:15-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശലോമോൻരാജാവ് യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന് ഊഴിയവേല ചെയ്യിച്ച വിവരം: മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവച്ചു ചുട്ടുകളഞ്ഞ്, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്ന്, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിത് അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകല ജാതിയെയും യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു. യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു. അഞ്ഞൂറ്റമ്പതു പേർ ശലോമോന്റെ വേലയെടുത്ത ജനത്തിനു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.

1 രാജാക്കന്മാർ 9:15-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദേവാലയവും കൊട്ടാരവും മില്ലോയും പണിയാനും പട്ടണത്തിന്റെ കിഴക്കുവശത്തുള്ള നിലം നികത്താനും പട്ടണമതിൽ കെട്ടാനും ശലോമോൻരാജാവ് ജനത്തെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നീ പട്ടണങ്ങൾ പുതുക്കിപ്പണിയുന്നതിനും അടിമകളെ ഉപയോഗിച്ചു. ഈജിപ്തിലെ ഫറവോരാജാവ് ഗേസെർ പിടിച്ചടക്കി അതിലെ നിവാസികളായ കനാന്യരെ കൊല്ലുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പില്‌ക്കാലത്ത് ഫറവോ തന്റെ മകളെ ശലോമോന് വിവാഹം കഴിച്ചുകൊടുത്തപ്പോൾ അവൾക്കു സ്‍ത്രീധനമായി ഈ പട്ടണം നല്‌കി. ആ പട്ടണവും താഴത്തെ ബേത്ത്- ഹോരോനും യെഹൂദാമരുഭൂമിയിലെ ബാലാത്ത്, താമാർ എന്നീ പട്ടണങ്ങളും അടിമകളെക്കൊണ്ട് ശലോമോൻ പുതുക്കിപ്പണിയിച്ചു. സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ ഭരണത്തിൻ കീഴുള്ള മറ്റു സ്ഥലങ്ങളിലും താൻ പണിയാൻ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്. ഇസ്രായേല്യരിൽ ഉൾപ്പെടാത്ത അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ശേഷിച്ച സകലരെയും ശലോമോൻ അടിമകളാക്കി. അവർ ഇന്നും അടിമകളാണ്. ഇസ്രായേല്യരിൽ ആരെയും അടിമവേലയ്‍ക്കു ശലോമോൻ നിയോഗിച്ചില്ല. അവരെ തന്റെ സൈനികരും ഉദ്യോഗസ്ഥരും സൈന്യാധിപരും രഥസൈന്യത്തിന്റെ നായകരും കുതിരപ്പട്ടാളക്കാരുമായി നിയമിച്ചു; ശലോമോന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പണിയെടുത്തിരുന്ന അടിമകളുടെ മേൽനോട്ടം വഹിക്കുന്നതിന് അഞ്ഞൂറ്റി അമ്പത് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 9:15-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്‍റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്. മിസ്രയീം രാജാവായ ഫറവോൻ, ഗേസെർ കീഴടക്കി, അത് തീവച്ചു നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു; ശലോമോന്‍റെ ഭാര്യയായ തന്‍റെ മകൾക്കു അതു അവൻ സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും പുതുക്കിപ്പണിയിച്ചു. ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോൻ പണിതു. ഇതുകൂടാതെ, തനിക്കു ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ, കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്‍റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു. അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽ മക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും യിസ്രായേൽ മക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്തു ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു. യിസ്രായേൽ മക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്‍റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു. ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്‍റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.

1 രാജാക്കന്മാർ 9:15-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം: മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു. യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു. അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.

1 രാജാക്കന്മാർ 9:15-23 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം: ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി. പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു. ബാലാത്തും മരുഭൂമിയിലെ തദ്മോറും ശലോമോൻ നിർമിച്ചു. ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ഇസ്രായേൽമക്കൾക്ക് ഉന്മൂലനംചെയ്യാൻ കഴിയാതെയിരുന്ന ഈ ജനതകളുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു. എന്നാൽ, ഇസ്രായേല്യരിൽനിന്ന് ഒരാളെപ്പോലും ശലോമോൻ അടിമവേലയ്ക്കു നിയമിച്ചില്ല. അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും ഭരണകാര്യങ്ങളിലെ ഉദ്യോഗസ്ഥരും കാര്യസ്ഥരും സൈന്യാധിപന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു. ശലോമോന്റെ പ്രവർത്തനപദ്ധതികളിൽ പ്രധാനചുമതലകൾ വഹിക്കുന്നവരായി 550 ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. വിവിധ ജോലിക്കാരുടെ മേൽനോട്ടം ഇവർക്കായിരുന്നു.