1 രാജാക്കന്മാർ 9:10-14
1 രാജാക്കന്മാർ 9:10-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം സോർരാജാവായ ഹീരാം ശലോമോന് അവന്റെ ഇഷ്ടംപോലെയൊക്കെയും ദേവദാരുവും സരളമരവും സ്വർണവും കൊടുത്തിരുന്നതുകൊണ്ട് ശലോമോൻരാജാവ് ഹീരാമിനു ഗലീലാദേശത്ത് ഇരുപതു പട്ടണം കൊടുത്തു. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന് അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവനു ബോധിച്ചില്ല, സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്ത് എന്ന് അവൻ പറഞ്ഞു. അവയ്ക്ക് ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
1 രാജാക്കന്മാർ 9:10-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇരുപതു വർഷംകൊണ്ടു സർവേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോൻ പണിതുതീർത്തു. പണിക്കാവശ്യമായ സരളമരവും ദേവദാരുവും സ്വർണവും നല്‌കിയതിനു പ്രതിഫലമായി സോരിലെ ഹീരാമിനു ശലോമോൻ രാജാവു ഗലീലാപ്രദേശത്ത് ഇരുപതു പട്ടണങ്ങൾ നല്‌കി. ആ പട്ടണങ്ങൾ കാണാൻ ഹീരാം സോരിൽനിന്നു വന്നു. അവ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല; ഹീരാം ചോദിച്ചു: “സഹോദരാ, ഒന്നിനും കൊള്ളാത്ത പട്ടണങ്ങളാണല്ലോ അങ്ങു എനിക്കു തന്നിരിക്കുന്നത്?” അതിനാൽ അവ ഇന്നും ‘കാബൂൽ’ എന്ന പേരിൽ അറിയപ്പെടുന്നു. ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വർണം കൊടുത്തയച്ചിരുന്നു.
1 രാജാക്കന്മാർ 9:10-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ആലയവും രാജധാനിയും ഇരുപതു വര്‍ഷം കൊണ്ടു പണിതശേഷം ശലോമോൻ രാജാവ് സോർരാജാവായ ഹീരാമിന് ഗലീലദേശത്ത് ഇരുപതു പട്ടണങ്ങൾ നൽകി; ശലോമോനു ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽ നിന്നു വന്നു; എന്നാൽ അവ അവനു ഇഷ്ടപ്പെട്ടില്ല. “സഹോദരാ, എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത്?” എന്നു അവൻ ചോദിച്ചു. അവയ്ക്ക് അവൻ കാബൂൽ ദേശം എന്നു പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു. ഹൂരാം ശലോമോനു ഏകദേശം 4,000 കിലോഗ്രാം പൊന്ന് കൊടുത്തയച്ചു.
1 രാജാക്കന്മാർ 9:10-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു. ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
1 രാജാക്കന്മാർ 9:10-14 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. നിർമാണ ആവശ്യങ്ങൾക്കുള്ള ദേവദാരുവും സരളമരവും സ്വർണവും ശലോമോന് നൽകിയിരുന്നത് സോർരാജാവായ ഹീരാം ആയിരുന്നതിനാൽ, ശലോമോൻ അദ്ദേഹത്തിന് ഗലീലാദേശത്ത് ഇരുപതു നഗരങ്ങൾ നൽകി. ശലോമോൻ തനിക്കു സമ്മാനിച്ച നഗരങ്ങൾ കാണുന്നതിനായി സോരിൽനിന്ന് വന്ന ഹീരാമിന് അവ ഇഷ്ടമായില്ല. “എന്റെ സഹോദരാ! എങ്ങനെയുള്ള നഗരങ്ങളാണ് താങ്കൾ എനിക്കു സമ്മാനിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ട്, ഹീരാം അതിനെ കാബൂൽദേശം എന്നു പേരിട്ടു. ആ നഗരങ്ങൾ ഇന്നും ആ പേരിൽ അറിയപ്പെടുന്നു. ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു.