1 രാജാക്കന്മാർ 8:22-40
1 രാജാക്കന്മാർ 8:22-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവ സഭയുടെയും സമക്ഷത്തു നിന്നുംകൊണ്ട് ആകാശത്തിലേക്കു കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥന കേൾക്കേണ്ടതിന് നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ, ഈ സ്ഥലത്തുവച്ചു പ്രാർഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനുമുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗത്തിൽ കേട്ടു പ്രവർത്തിച്ച്, ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്നോടു പ്രാർഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗത്തിൽ കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ നീ സ്വർഗത്തിൽ കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്ത് അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്.
1 രാജാക്കന്മാർ 8:22-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പിൽ നിന്നുകൊണ്ട് ഇസ്രായേൽജനത്തിന്റെ സാന്നിധ്യത്തിൽ കരങ്ങളുയർത്തി പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ! അങ്ങയെപ്പോലൊരു ദൈവം സ്വർഗത്തിലോ ഭൂമിയിലോ ഇല്ല; പൂർണഹൃദയത്തോടെ അങ്ങയെ അനുസരിച്ചു ജീവിക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അവരുടെമേൽ അവിടുത്തെ അചഞ്ചലസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്ന് ആ വാഗ്ദാനം പാലിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ‘നീ എന്റെ മുമ്പിൽ ജീവിച്ചതുപോലെ നിന്റെ മക്കളും ജീവിച്ചാൽ ഇസ്രായേലിന്റെ സിംഹാസനത്തിലിരുന്നു വാഴാൻ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല എന്ന് എന്റെ പിതാവായ ദാവീദിനോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; ആ വാഗ്ദാനം നിറവേറ്റണമേ. ഇസ്രായേലിന്റെ ദൈവമേ, എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്നു ചെയ്ത വാഗ്ദാനം ഇപ്പോൾ യാഥാർഥ്യമാക്കി തീർക്കണമേ. “എന്നാൽ ദൈവം യഥാർഥത്തിൽ ഭൂമിയിൽ വസിക്കുമോ? സ്വർഗവും അത്യുന്നതസ്വർഗവും അവിടുത്തേക്ക് വസിക്കാൻ മതിയാകുകയില്ലല്ലോ. അവയെക്കാൾ എത്രയോ നിസ്സാരമാണ് ഞാൻ നിർമ്മിച്ച ഈ ദേവാലയം! എങ്കിലും എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാർഥനകളും അപേക്ഷകളും ശ്രവിച്ചാലും. അവിടുത്തെ ദാസൻ അർപ്പിക്കുന്ന പ്രാർഥനയും നിലവിളിയും കേൾക്കണമേ! അങ്ങയുടെ ദാസൻ ഈ ആലയത്തിൽവച്ചു നടത്തുന്ന പ്രാർഥന കേൾക്കാൻ അങ്ങ് ഈ ആലയത്തെ രാവും പകലും തൃക്കൺപാർക്കണമേ. തിരുസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ; ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ അർപ്പിക്കുന്ന പ്രാർഥനകൾ ശ്രദ്ധിക്കണമേ. അതേ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു ഞങ്ങളുടെ പ്രാർഥന കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ. “ഒരാൾ അയൽക്കാരനോടു തെറ്റു ചെയ്തതായി ആരോപണം ഉണ്ടാവുകയും അയാൾ ഈ ആലയത്തിൽ അവിടുത്തെ യാഗപീഠത്തിന്റെ മുമ്പാകെ വന്നു താൻ നിരപരാധി എന്നു സത്യം ചെയ്യുകയും ചെയ്യുമ്പോൾ, സർവേശ്വരാ, സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസന്മാരെ ന്യായം വിധിക്കേണമേ. അപരാധിക്ക് അവന്റെ കുറ്റത്തിനു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്ക് തക്ക പ്രതിഫലവും നല്‌കണമേ. “അങ്ങയുടെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളുടെ മുമ്പിൽ പരാജയപ്പെടുമ്പോൾ പശ്ചാത്തപിച്ച് ഈ ആലയത്തിൽവച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ് പ്രാർഥിച്ചാൽ സ്വർഗത്തിൽനിന്ന് അങ്ങ് അവരെ ശ്രദ്ധിക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് അവിടുന്നു നല്‌കിയിരുന്ന ദേശത്തേക്ക് അവരെ മടക്കിക്കൊണ്ടു വരണമേ! അവിടുത്തെ ജനം അങ്ങയോടു പാപം ചെയ്തതിന്റെ ഫലമായി മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ ആലയത്തിലേക്കു തിരിഞ്ഞു പ്രാർഥിക്കുകയും അങ്ങയുടെ നാമം ഏററുപറഞ്ഞു തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ, അങ്ങു സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേൾക്കണമേ. അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിന്റെ പാപം ക്ഷമിക്കണമേ; അവരെ നേർവഴി നടത്തുകയും അവർക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ. “നാട്ടിൽ ക്ഷാമമോ, പകർച്ചവ്യാധിയോ ഉണ്ടാകുമ്പോഴും പൂപ്പൽരോഗം, വെട്ടുക്കിളി, കീടബാധ മുതലായവമൂലം വിളവു നശിക്കുമ്പോഴും ശത്രുക്കൾ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുമ്പോഴും മഹാമാരിയോ മറ്റു രോഗമോ ഉണ്ടാകുമ്പോഴും ജനം വ്യക്തികളായോ സമൂഹമായോ ഈ ദേവാലയത്തിലേക്കു തിരിഞ്ഞു പ്രാർഥിച്ചാൽ അവരുടെ പ്രാർഥന കേൾക്കണമേ. അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവരോടു ക്ഷമിക്കണമേ! മനുഷ്യന്റെ ഹൃദയവിചാരങ്ങൾ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരർഹിക്കുന്ന പ്രതിഫലം അവർക്കു നല്‌കണമേ. അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് അവർ പാർക്കുന്ന കാലം മുഴുവൻ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവർക്കു ഇടയാക്കണമേ.
1 രാജാക്കന്മാർ 8:22-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്‍റെ മുൻപിൽ യിസ്രായേലിന്‍റെ സർവ്വസഭയും കാൺകെ ആകാശത്തിലേക്കു കരങ്ങൾ ഉയർത്തി പറഞ്ഞത്: “യിസ്രായേലിന്‍റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ മുമ്പാകെ നടക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി നിറവേറ്റുകയും, ദയ കാണിക്കുകയും ചെയ്യുന്ന അങ്ങേക്കു തുല്യനായി മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു ദൈവവും ഇല്ല. അങ്ങ് എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോടു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു. തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. “ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടന്ന് തങ്ങളുടെ വഴി സൂക്ഷിക്കുക മാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരുകയില്ല’ എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട് അങ്ങ് അരുളിച്ചെയ്ത വചനം സാദ്ധ്യമായി തീരുമാറാകട്ടെ. “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന് അടിയന്‍റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന് ‘അവിടുത്തെ നാമം ഉണ്ടായിരിക്കുമെന്നു അവിടുന്നു അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും അവിടുത്തെ കടാക്ഷം ഉണ്ടായിരിക്കേണമേ. അടിയനും അവിടുത്തെ ജനമായ യിസ്രായേലും ഈ സ്ഥലത്ത് വച്ചു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ യാചന കേൾക്കേണമേ; അങ്ങേയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേൾക്കേണമേ; കേട്ടു അടിയങ്ങളോടു ക്ഷമിക്കേണമേ. “ഒരുത്തൻ തന്‍റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ, അവൻ ഈ ആലയത്തിൽ അങ്ങേയുടെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യംചെയ്കയും ചെയ്താൽ, അവിടുന്നു സ്വർഗ്ഗത്തിൽ നിന്നു കേട്ടു പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്‍റെ പ്രവൃത്തി അവന്‍റെ തലമേൽ വരുത്തുകയും, നീതിമാന്‍റെ നീതിക്കു തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്തു അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. “അങ്ങേയുടെ ജനമായ യിസ്രായേൽ അങ്ങേയോടു പാപം ചെയ്കയും, തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ മനംതിരിഞ്ഞു അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവച്ചു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ, അങ്ങ് സ്വർഗ്ഗത്തിൽനിന്നു കേട്ടു അവിടുത്തെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ. “അവർ അങ്ങേയോട് പാപം ചെയ്കമൂലം ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു അങ്ങേയുടെ നാമത്തെ സ്വീകരിക്കയും, അങ്ങ് അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളിൽ നിന്നു പിന്തിരികയും ചെയ്താൽ, അങ്ങ് സ്വർഗ്ഗത്തിൽ നിന്നു കേട്ടു അങ്ങേയുടെ ദാസന്മാരുടെയും അവിടുത്തെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കുകയും അങ്ങേയുടെ ജനത്തിന് അവകാശമായി കൊടുത്ത ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ. “ദേശത്തു ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കുകയും, ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്കു കൈ മലർത്തുകയും ചെയ്താൽ അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും അങ്ങനെ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിനു, ഓരോരുത്തന്‍റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്‍റെ നടപ്പിനു തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.
1 രാജാക്കന്മാർ 8:22-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈമലർത്തി പറഞ്ഞതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ, ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താൽ നീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.
1 രാജാക്കന്മാർ 8:22-40 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് ആകാശത്തിലേക്കു കൈകളുയർത്തി ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഉയരെ ആകാശത്തിലോ താഴേ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ! അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു. “ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ! അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ! “എന്നാൽ, ദൈവം യഥാർഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം? എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അടിയന്റെ യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ ഇന്നു തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ! രാപകൽ അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘എന്റെ നാമം അവിടെ ഉണ്ടായിരിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളുമല്ലോ! അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചന കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ! “ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ, അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും അയാളുടെ പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ! “അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിഞ്ഞ് അവിടത്തെ ഈ ആലയത്തിലേക്കു വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ, അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവരുടെ പിതാക്കന്മാർക്ക് അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ! “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം, അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണേ. “ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രു അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ, അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, ഹൃദയവ്യഥയോടെ ഈ ആലയത്തിലേക്കു കരങ്ങളുയർത്തി അവിടത്തെ സമക്ഷത്തിൽ ഒരു പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! സകലമനുഷ്യരുടെയും ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ! അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാൻ ഇടയാകുമല്ലോ.