1 രാജാക്കന്മാർ 7:40-51

1 രാജാക്കന്മാർ 7:40-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു. രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലയ്ക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തുപീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള, കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവതന്നെ. യഹോവയുടെ ആലയംവക ശലോമോൻരാജാവിനു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു. യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിനു നിശ്ചയമില്ലായിരുന്നു. ശലോമോൻ യഹോവയുടെ ആലയത്തിനുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, അന്തർമന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവതന്നെ. അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.

1 രാജാക്കന്മാർ 7:40-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹീരാം കലങ്ങളും കോരികകളും കോപ്പകളും ഉണ്ടാക്കി; അങ്ങനെ അയാൾ ശലോമോനുവേണ്ടി ദേവാലയത്തിലെ പണികൾ പൂർത്തിയാക്കി. രണ്ടു സ്തംഭങ്ങൾ, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങൾ, അവയെ മൂടിയിരുന്ന തൊങ്ങലുകൾ, തൊങ്ങലുകളിൽ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങൾ, പത്തു വണ്ടികൾ, അവയിൽ പത്തു തൊട്ടികൾ, ജലസംഭരണി, അതിന്റെ അടിയിൽ പന്ത്രണ്ടു കാളകൾ, കലങ്ങൾ, കോരികകൾ, കോപ്പകൾ എന്നിവ ശുദ്ധിചെയ്ത മേൽത്തരം ഓടുകൊണ്ടാണു ഹീരാം ഉണ്ടാക്കിയത്. യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും ഇടയ്‍ക്ക് കളിമണ്ണുള്ള സ്ഥലത്തുവച്ചാണു രാജാവ് ഇവയെല്ലാം വാർപ്പിച്ചത്. ഇവയെല്ലാം ധാരാളമായി നിർമ്മിച്ചതുകൊണ്ട് ശലോമോൻ അവയുടെ തൂക്കമെടുത്തില്ല. ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല. സ്വർണംകൊണ്ടുള്ള ബലിപീഠം, കാഴ്ചയപ്പം വയ്‍ക്കാനുള്ള സ്വർണമേശ, അതിവിശുദ്ധസ്ഥലത്തിന്റെ മുമ്പിൽ തെക്കുവശത്തും വടക്കുവശത്തുമായി അഞ്ചു വീതം തങ്കംകൊണ്ടുള്ള വിളക്കുതണ്ടുകൾ, സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കൊടിലുകൾ, തങ്കംകൊണ്ടുള്ള കോപ്പകൾ, കത്രികകൾ, തൊട്ടികൾ, തളികകൾ, ധൂപകലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിവിശുദ്ധസ്ഥലമായ അന്തർമന്ദിരത്തിന്റെ വാതിലുകളുടെ സ്വർണവിജാഗിരികൾ എന്നിവയും ശലോമോൻ ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിർമ്മിച്ചു. ശലോമോൻരാജാവ് സർവേശ്വരമന്ദിരത്തിന്റെ പണികളെല്ലാം പൂർത്തിയാക്കി തന്റെ പിതാവായ ദാവീദു സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റു സകല വസ്തുക്കളും ആലയത്തിലെ ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ചു.

1 രാജാക്കന്മാർ 7:40-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ഹൂരാം തൊട്ടികളും വലിയ ചട്ടുകങ്ങളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹൂരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു. രണ്ടു തൂണുകൾ, രണ്ടു സ്തംഭങ്ങളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ടു മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണികൾ, സ്തംഭങ്ങളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തു പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്‍റെ കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ, വലിയ ചട്ടുകങ്ങൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിനു വേണ്ടി ശലോമോൻരാജാവിന്‍റെ ആവശ്യപ്രകാരം ഹൂരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രം കൊണ്ടായിരുന്നു. യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്‍റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു. അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിനു വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, അന്തർമ്മന്ദിരത്തിന്‍റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്‍റെ വാതിലുകൾക്കും ആലയത്തിന്‍റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ. അങ്ങനെ ശലോമോൻ രാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.

1 രാജാക്കന്മാർ 7:40-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു. രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള, കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻരാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു. യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു. ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ, അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ. അങ്ങനെ ശലോമോൻരാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.

1 രാജാക്കന്മാർ 7:40-51 സമകാലിക മലയാളവിവർത്തനം (MCV)

പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹീരാം നിർമിച്ചു. അങ്ങനെ, യഹോവയുടെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികളെല്ലാം ഹീരാം പൂർത്തീകരിച്ചു: രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ; സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ; പത്തു ക്ഷാളനപാത്രങ്ങളോടുചേർന്നുള്ള പത്തു പീഠങ്ങൾ; വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും; കലങ്ങൾ, കോരികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ. യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു. യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സാരേഥാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു. ശലോമോൻ ഉപകരണങ്ങളൊന്നും തൂക്കിനോക്കിയില്ല; കാരണം അവ അത്രയധികമായിരുന്നു. മൊത്തം ചെലവായ വെങ്കലത്തിന്റെ കണക്കും കണക്കാക്കിയിരുന്നില്ല. യഹോവയുടെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു: സ്വർണയാഗപീഠം; കാഴ്ചയപ്പം വെക്കുന്നതിനുള്ള സ്വർണമേശ; അന്തർമന്ദിരത്തിനുമുമ്പിൽ തെക്കുഭാഗത്തു അഞ്ചും വടക്കുഭാഗത്തു അഞ്ചുമായി തങ്കംകൊണ്ടുള്ള വിളക്കുകാലുകൾ പത്ത്, സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ, സ്വർണനിർമിതമായ ക്ഷാളനപാത്രങ്ങൾ, തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, അന്തർമന്ദിരത്തിന്റെ—അതിവിശുദ്ധസ്ഥലത്തിന്റെ—വാതിലുകൾക്കും ആലയത്തിന്റെ വിശാലമായ മുറിയുടെ വാതിലുകൾക്കുംവേണ്ടി സ്വർണംകൊണ്ടു നിർമിച്ച വിജാഗിരികൾ. ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം, തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.