1 രാജാക്കന്മാർ 7:13-51
1 രാജാക്കന്മാർ 7:13-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോൻരാജാവ് സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി. അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ; അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണിയൊക്കെയും തീർത്തു. അവൻ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിനു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉണ്ടായിരുന്നു. സ്തംഭങ്ങളുടെ തലയ്ക്കൽ വയ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു. സ്തംഭങ്ങളുടെ തലയ്ക്കലെ പോതികയ്ക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിനും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു. അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റേ പോതികയ്ക്കും അവൻ അങ്ങനെതന്നെ ഉണ്ടാക്കി. മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലയ്ക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു. രണ്ടു സ്തംഭത്തിന്റെയും തലയ്ക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികയ്ക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്ന് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റേ പോതികയ്ക്കും അങ്ങനെതന്നെ. അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിനു യാഖീൻ എന്നും, ഇടത്തെ സ്തംഭം നിറുത്തി അതിനു ബോവസ് എന്നും പേരിട്ടു. സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു. അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അത് വൃത്താകാരമായിരുന്നു; അതിനു വക്കോടുവക്ക് പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു. അതിന്റെ വക്കിനു താഴെ, പുറത്ത്, മുഴം ഒന്നിനു പത്തു കുമിഴ് വീതം കടലിനു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾത്തന്നെ കുമിഴും രണ്ടു നിരയായി വാർത്തിരുന്നു. അതു പന്ത്രണ്ടു കാളയുടെ പുറത്തു വച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു. അതിന്റെ കനംനാലംഗുലം; അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും. അവൻ താമ്രംകൊണ്ട് പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിനു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവയ്ക്കു ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു. ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപ്പണിയും ഉണ്ടായിരുന്നു. ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിനും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു. അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായ്ക്ക് കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു. ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം. ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചു തണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പുപണി ആയിരുന്നു. ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നുതന്നെ ഉള്ളവ ആയിരുന്നു. ഓരോ പീഠത്തിന്റെയും തലയ്ക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്ത് അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നുതന്നെ ആയിരുന്നു. അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി. ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവയ്ക്കൊക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു. അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലുമുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു. അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തുഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തുഭാഗത്ത് തെക്കുകിഴക്കായി വച്ചു. പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു. രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലയ്ക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തുപീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള, കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവതന്നെ. യഹോവയുടെ ആലയംവക ശലോമോൻരാജാവിനു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു. യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിനു നിശ്ചയമില്ലായിരുന്നു. ശലോമോൻ യഹോവയുടെ ആലയത്തിനുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, അന്തർമന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവതന്നെ. അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.
1 രാജാക്കന്മാർ 7:13-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻരാജാവ് സോരിൽനിന്ന് ഓടുകൊണ്ടുള്ള പണിയിൽ വിദഗ്ദ്ധനായിരുന്ന ഹീരാം എന്നൊരു ശില്പിയെ വരുത്തി. അയാൾ നഫ്താലിഗോത്രത്തിൽപ്പെട്ട ഒരു വിധവയുടെ മകനായിരുന്നു. അയാളുടെ പിതാവും ആ പണിയിൽ വിദഗ്ദ്ധനായിരുന്നു. ഓടുകൊണ്ടുള്ള ഏതു പണിയും ചെയ്യാനുള്ള ബുദ്ധിയും അറിവും വൈദഗ്ദ്ധ്യവും ഉള്ള ശില്പിയായിരുന്നു ഹീരാം. അയാൾ വന്നു ശലോമോന് ആവശ്യമായ എല്ലാ പണികളും ചെയ്തുകൊടുത്തു. ഹീരാം രണ്ട് ഓട്ടുസ്തംഭങ്ങൾ ഉണ്ടാക്കി. ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. സ്തംഭങ്ങളുടെ മുകളിൽ വയ്‍ക്കാൻ ഓടുകൊണ്ട് അഞ്ചു മുഴം വീതം ഉയരമുള്ള രണ്ടു മകുടങ്ങൾ നിർമ്മിച്ചു. രണ്ടു സ്തംഭങ്ങളുടെയും മീതെയുള്ള മകുടങ്ങളിൽ ഓരോന്നിലും ഏഴുവീതം ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു. സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളുടെ തൊങ്ങലുകൾക്കുമീതെ മകുടങ്ങൾ മൂടത്തക്കവിധം രണ്ടു വരി മാതളപ്പഴരൂപങ്ങൾ കൊത്തിവച്ചു. പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങൾ നാലു മുഴം ഉയരത്തിൽ ലില്ലിപ്പൂവിന്റെ ആകൃതിയിലാണു നിർമ്മിച്ചിരുന്നത്. സ്തംഭങ്ങളുടെ തലയ്‍ക്കൽ തൊങ്ങലുകളോടു ചേർന്ന് ഉന്തി നില്‌ക്കുന്ന ഭാഗത്തിനു മുകളിൽ മകുടങ്ങൾ ഉറപ്പിച്ചു. അവയ്‍ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴരൂപങ്ങളും കൊത്തിവച്ചു. ദേവാലയത്തിന്റെ പൂമുഖത്തായിരുന്നു സ്തംഭങ്ങൾ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീൻ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു. സ്തംഭങ്ങളുടെ മുകൾഭാഗം ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂർത്തിയായി. ഓടുകൊണ്ടു വൃത്താകൃതിയിലുള്ള ഒരു ജലസംഭരണി ഹീരാം ഉണ്ടാക്കി. അതിനു പത്തു മുഴം വ്യാസവും അഞ്ചു മുഴം ആഴവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വക്കിനു താഴെ ചുറ്റും രണ്ടു നിരയായി മുഴം ഒന്നിനു പത്തു കായ്‍രൂപങ്ങൾ വീതം ഉണ്ടായിരുന്നു. ജലസംഭരണിയും കായ്കളും ഒന്നായിട്ടാണു വാർത്തിരുന്നത്. പന്ത്രണ്ടു കാളകളുടെ രൂപങ്ങളിന്മേലായിരുന്നു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവ മൂന്നു വീതം നാലു ദിക്കുകളിലേക്കും തിരിഞ്ഞുനിന്നിരുന്നു. ജലസംഭരണിയുടെ അടിയിലായിരുന്നു അവയുടെ പിൻഭാഗം. ജലസംഭരണിയുടെ ഭിത്തിക്ക് ഒരു കൈപ്പത്തിയുടെ ഘനമുണ്ടായിരുന്നു. അതിന്റെ വക്ക് കോപ്പയുടേതെന്നപോലെ ലില്ലിപ്പൂക്കളുടെ ആകൃതിയിൽ ആയിരുന്നു. ജലസംഭരണിയിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു. ഹീരാം ഓടുകൊണ്ടു പത്തു വണ്ടികളുണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ചതുരപ്പലകകൾ ചട്ടങ്ങളിൽ ഉറപ്പിച്ചാണ് അവ ഉണ്ടാക്കിയത്. പലകകളിൽ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങൾ കൊത്തിയിരുന്നു. മുകളിലും താഴെയുമുള്ള ചട്ടങ്ങളിൽ സിംഹം, കാള, പുഷ്പഹാരം എന്നിവയുടെ രൂപങ്ങളും കൊത്തിവച്ചിരുന്നു. ഓരോ വണ്ടിക്കും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അതിന്റെ നാലു കോണിലും തൊട്ടികൾ വയ്‍ക്കാനുള്ള കാലുകൾ നിർമ്മിച്ചിരുന്നു. അവ ചിത്രപ്പണികളോടുകൂടി വാർത്തിരുന്നു. ഒരു മുഴം ഉയർന്നു നില്‌ക്കുന്ന ഒരു മകുടത്തിലാണ് അതിന്റെ വായ് ഉറപ്പിച്ചിരുന്നത്; അത് ഉള്ളിലേക്ക് ഇറങ്ങിയിരുന്നു; അതിന്മേലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകൾ വൃത്താകൃതിയിലല്ല; ചതുരത്തിലായിരുന്നു. ചക്രങ്ങൾ പലകകളുടെ അടിയിലായിരുന്നു. അച്ചുതണ്ടുകൾ വണ്ടിയോടു ചേർത്തു ഘടിപ്പിച്ചിരുന്നു. ഓരോ ചക്രത്തിനും ഒന്നര മുഴം ഉയരം ഉണ്ടായിരുന്നു. രഥത്തിന്റെ ചക്രങ്ങൾ പോലെയാണ് അവ ഉറപ്പിച്ചിരുന്നത്. അച്ചുതണ്ടുകളും വണ്ടിപ്പട്ടകളും ആരക്കാലുകളും ചക്രനാഭികളുമെല്ലാം വാർത്തുണ്ടാക്കിയവ ആയിരുന്നു. ഓരോ വണ്ടിയുടെയും നാലു കോണുകളിലും താങ്ങുകൾ ഉണ്ടായിരുന്നു; അവയും വണ്ടിയോടു ഘടിപ്പിച്ചിരുന്നു. ഓരോ വണ്ടിയുടെയും മേൽഭാഗത്ത് അര മുഴം ഉയരമുള്ള വളയം ഉണ്ടായിരുന്നു. അതിന്റെ താങ്ങുകളും തട്ടുകളും വണ്ടിയോടു ഘടിപ്പിച്ചിരുന്നു. താങ്ങുകളുടെയും തട്ടുകളുടെയുംമേൽ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപങ്ങൾ ചുറ്റുമുള്ള ചിത്രപ്പണിയോടൊപ്പം കൊത്തിവച്ചിരുന്നു. ഈ രീതിയിലായിരുന്നു വണ്ടികളെല്ലാം ഉണ്ടാക്കിയിരുന്നത്; അളവിലും രൂപത്തിലും അവയെല്ലാം ഒരുപോലെ ആയിരുന്നു. ഓരോ വണ്ടിക്കും ഓരോ തൊട്ടിവീതം ഹീരാം ഓടുകൊണ്ടു പത്തു തൊട്ടികളുണ്ടാക്കി. അവയുടെ രൂപം തളികയുടേതുപോലെ ആയിരുന്നു; നാലു മുഴം വീതം വ്യാസമുള്ള തൊട്ടികളിൽ നാല്പതു ബത്തു വെള്ളംവീതം കൊള്ളുമായിരുന്നു. വണ്ടികളിൽ അഞ്ചെണ്ണം ദേവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചിരുന്നു. ജലസംഭരണി ദേവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചിരുന്നത്. ഹീരാം കലങ്ങളും കോരികകളും കോപ്പകളും ഉണ്ടാക്കി; അങ്ങനെ അയാൾ ശലോമോനുവേണ്ടി ദേവാലയത്തിലെ പണികൾ പൂർത്തിയാക്കി. രണ്ടു സ്തംഭങ്ങൾ, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങൾ, അവയെ മൂടിയിരുന്ന തൊങ്ങലുകൾ, തൊങ്ങലുകളിൽ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങൾ, പത്തു വണ്ടികൾ, അവയിൽ പത്തു തൊട്ടികൾ, ജലസംഭരണി, അതിന്റെ അടിയിൽ പന്ത്രണ്ടു കാളകൾ, കലങ്ങൾ, കോരികകൾ, കോപ്പകൾ എന്നിവ ശുദ്ധിചെയ്ത മേൽത്തരം ഓടുകൊണ്ടാണു ഹീരാം ഉണ്ടാക്കിയത്. യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും ഇടയ്‍ക്ക് കളിമണ്ണുള്ള സ്ഥലത്തുവച്ചാണു രാജാവ് ഇവയെല്ലാം വാർപ്പിച്ചത്. ഇവയെല്ലാം ധാരാളമായി നിർമ്മിച്ചതുകൊണ്ട് ശലോമോൻ അവയുടെ തൂക്കമെടുത്തില്ല. ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല. സ്വർണംകൊണ്ടുള്ള ബലിപീഠം, കാഴ്ചയപ്പം വയ്‍ക്കാനുള്ള സ്വർണമേശ, അതിവിശുദ്ധസ്ഥലത്തിന്റെ മുമ്പിൽ തെക്കുവശത്തും വടക്കുവശത്തുമായി അഞ്ചു വീതം തങ്കംകൊണ്ടുള്ള വിളക്കുതണ്ടുകൾ, സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കൊടിലുകൾ, തങ്കംകൊണ്ടുള്ള കോപ്പകൾ, കത്രികകൾ, തൊട്ടികൾ, തളികകൾ, ധൂപകലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിവിശുദ്ധസ്ഥലമായ അന്തർമന്ദിരത്തിന്റെ വാതിലുകളുടെ സ്വർണവിജാഗിരികൾ എന്നിവയും ശലോമോൻ ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിർമ്മിച്ചു. ശലോമോൻരാജാവ് സർവേശ്വരമന്ദിരത്തിന്റെ പണികളെല്ലാം പൂർത്തിയാക്കി തന്റെ പിതാവായ ദാവീദു സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റു സകല വസ്തുക്കളും ആലയത്തിലെ ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ചു.
1 രാജാക്കന്മാർ 7:13-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശലോമോൻ രാജാവ് സോരിൽ നിന്നു ഹൂരാം എന്നൊരുവനെ വരുത്തി. അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്‍റെ പിതാവ് സോർ ദേശക്കാരനായ ഒരു താമ്രപ്പണിക്കാരനായിരുന്നു: അവൻ താമ്രംകൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്‍റെ അടുക്കൽവന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു. ഹൂരാം ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉള്ള രണ്ടു സ്തംഭങ്ങൾ താമ്രംകൊണ്ട് വാർത്തുണ്ടാക്കി. സ്തംഭങ്ങളുടെ മുകളിൽ അവൻ താമ്രംകൊണ്ടു രണ്ടു മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു. സ്തംഭങ്ങളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴു ചങ്ങലകൾ ഉണ്ടായിരുന്നു. അങ്ങനെ അവൻ സ്തംഭങ്ങൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി. മണ്ഡപത്തിലെ സ്തംഭങ്ങളുടെ മുകളിലെ മകുടം താമരപ്പൂവിന്‍റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു. ഇരു സ്തംഭങ്ങളുടെയും മുകളിലെ മകുടത്തിന്‍റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്തു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു. അവൻ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു. സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂർത്തിയാക്കി. ഹൂരാം താമ്രംകൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്‍റെ വ്യാസം പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു. അതിന്‍റെ വക്കിന് താഴെ, കടലിന് ചുറ്റും മുഴം ഒന്നിനു പത്തു അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ടു നിരയായി വാർത്തിരുന്നു. അത് പന്ത്രണ്ടു കാളകളുടെ പുറത്തുവച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു. അതിന് ഒരു കൈപ്പത്തിയുടെ ഘനവും, വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്‍റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം പാത്രം വെള്ളം കൊള്ളുമായിരുന്നു. ഹൂരാം താമ്രംകൊണ്ട് പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു. ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിനു മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി. ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാലു ചക്രങ്ങളും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്തു പുഷ്പചക്രങ്ങൾ വാർത്തിരുന്നു. അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്തും മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു. ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം. ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രംകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു. ഓരോ പീഠത്തിന്റെ നാലു കോണിലും നാലു താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്നു തന്നെ ഉള്ളവ ആയിരുന്നു. ഓരോ പീഠത്തിന്‍റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്‍റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു. അതിന്‍റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ, അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി. ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും, ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു. ഹൂരാം താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു പാത്രം വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാലു മുഴം വ്യാസം ഉള്ളതായിരുന്നു. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു. അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്‍റെ വലത്തുഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്തു ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു. പിന്നെ ഹൂരാം തൊട്ടികളും വലിയ ചട്ടുകങ്ങളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹൂരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു. രണ്ടു തൂണുകൾ, രണ്ടു സ്തംഭങ്ങളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ടു മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണികൾ, സ്തംഭങ്ങളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തു പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്‍റെ കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ, വലിയ ചട്ടുകങ്ങൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിനു വേണ്ടി ശലോമോൻരാജാവിന്‍റെ ആവശ്യപ്രകാരം ഹൂരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രം കൊണ്ടായിരുന്നു. യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്‍റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു. അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിനു വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്‍റെ വാതിലുകൾക്കും ആലയത്തിന്‍റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ. അങ്ങനെ ശലോമോൻ രാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.
1 രാജാക്കന്മാർ 7:13-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി. അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു. അവൻരണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു. സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു. അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി. മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു. രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ. അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു. സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു. അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു. അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾ തന്നെ കുമിഴും രണ്ടു നിരയായി വാർത്തിരുന്നു. അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു. അതിന്റെ കനം നാലംഗുലം; അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും. അവൻ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവക്കുചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു. ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു. ഓരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു. അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായ്ക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു. ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം. ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പു പണി ആയിരുന്നു. ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു. ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു. അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി. ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു. അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു. അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു. പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു. രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള, കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻരാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു. യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു. ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു. ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ, അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ. അങ്ങനെ ശലോമോൻരാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.
1 രാജാക്കന്മാർ 7:13-51 സമകാലിക മലയാളവിവർത്തനം (MCV)
ശലോമോൻരാജാവ് സോരിൽനിന്നും ഹീരാം എന്നൊരാളെ വരുത്തി. അദ്ദേഹത്തിന്റെ അമ്മ നഫ്താലിഗോത്രത്തിൽപ്പെട്ട ഒരു വിധവയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സോർ ദേശക്കാരനും വെങ്കലംകൊണ്ടുള്ള കരകൗശലവേലയിൽ വിദഗ്ദ്ധനുമായിരുന്നു. വെങ്കലംകൊണ്ടുള്ള എല്ലാത്തരം ശില്പവേലകളിലും ഹീരാം അതിവിദഗ്ദ്ധനും പരിചയസമ്പന്നനുമായിരുന്നു. അദ്ദേഹം ശലോമോൻരാജാവിന്റെ അടുക്കൽവന്നു; ശലോമോൻരാജാവ് ഏൽപ്പിച്ച പണികളെല്ലാം അദ്ദേഹം ചെയ്തുകൊടുത്തു. പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവുമുള്ള രണ്ടു വെങ്കലസ്തംഭങ്ങൾ, ഒരേനിരയിൽ ഹീരാം വാർത്തുണ്ടാക്കി. സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിക്കാൻ അദ്ദേഹം രണ്ടു വെങ്കലമകുടങ്ങളും വാർത്തുണ്ടാക്കി. ഓരോ മകുടത്തിനും അഞ്ചുമുഴം ഉയരമുണ്ടായിരുന്നു. ചിത്രപ്പണികളോടുകൂടിയതും വലക്കണ്ണികളുടെ ആകൃതിയിലുള്ളതും കണ്ണികൾ പരസ്പരം കോർത്തുചേർത്തിട്ടുള്ളതുമായ ഏഴേഴു ചങ്ങലവീതം ഓരോ സ്തംഭത്തിനും മുകളിലുള്ള മകുടങ്ങൾക്കും തോരണം ചാർത്തിയിരുന്നു. സ്തംഭങ്ങളിലെ മകുടങ്ങൾക്ക് അലങ്കാരമായി ഓരോ തോരണത്തെയും വലയംചെയ്തുകൊണ്ട് രണ്ടുവരി മാതളപ്പഴങ്ങളും അദ്ദേഹം വാർത്തുണ്ടാക്കി ഘടിപ്പിച്ചു. രണ്ടുമകുടങ്ങളും അദ്ദേഹം ഒരേവിധത്തിൽത്തന്നെ അലങ്കരിച്ചു. പൂമുഖത്തിന്റെ മുമ്പിലുള്ള സ്തംഭങ്ങളിലെ മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. അവയുടെ ഉയരം നാലുമുഴം വീതമായിരുന്നു. രണ്ടുസ്തംഭങ്ങളുടെയും മകുടങ്ങളിൽ മുകളിൽ പുറത്തേക്ക് ഉന്തിനിൽക്കുന്ന ഭാഗത്ത് ചുറ്റുപാടും വരിവരിയായി ഇരുനൂറു മാതളപ്പഴങ്ങൾവീതം ഉണ്ടായിരുന്നു. ദൈവാലയത്തിന്റെ പൂമുഖത്തിങ്കൽ അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; വലതുഭാഗത്തെ സ്തംഭത്തിന് യാഖീൻ എന്നും ഇടതുഭാഗത്തെ സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു. സ്തംഭങ്ങളുടെ അഗ്രങ്ങളിലുള്ള മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. ഇപ്രകാരം, അദ്ദേഹം സ്തംഭങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു. വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം അലങ്കാരക്കായ്കൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ ഈ കായ്കളും രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു. പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്. ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം സംഭരിക്കാം. ഹീരാം വെങ്കലംകൊണ്ട് ചലിപ്പിക്കാവുന്ന പത്തു പീഠങ്ങൾ ഉണ്ടാക്കി; ഓരോന്നും നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ളതായിരുന്നു. പീഠങ്ങളുടെ നിർമാണം ഇപ്രകാരമായിരുന്നു: അവയുടെ പാർശ്വത്തിലെ പലകകൾ ലംബമായുള്ള ചട്ടങ്ങളിൽ ഘടിപ്പിച്ചിരുന്നു. ചട്ടങ്ങൾക്കകത്തു ഘടിപ്പിച്ചിരുന്ന പലകകളിൽ സിംഹങ്ങളുടെയും കാളകളുടെയും കെരൂബുകളുടെയും ചിത്രങ്ങൾ കൊത്തിവെച്ചിരുന്നു. ചട്ടങ്ങളിലും ഈ വിധം ഇവയുടെ ചിത്രങ്ങൾ ആലേഖനംചെയ്തതു കൂടാതെ, സിംഹങ്ങളുടെയും കാളകളുടെയും താഴെയും മുകളിലുമായി പുഷ്പചക്രങ്ങളും കൊത്തിയുണ്ടാക്കിയിരുന്നു. ഓരോ പീഠത്തിനും വെങ്കലംകൊണ്ടുള്ള നന്നാലു ചക്രവും വെങ്കലംകൊണ്ടുള്ള അച്ചുതണ്ടും ഉണ്ടായിരുന്നു. ഓരോ പീഠത്തിനും ഓരോ ക്ഷാളനപാത്രവും നന്നാലു കാലുകളിൽ ഘടിപ്പിച്ചിരുന്നു. അവയുടെ ഓരോ വശത്തും പുഷ്പമാല്യങ്ങൾ വാർത്തുപിടിപ്പിച്ചിരുന്നു. പീഠത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള ചട്ടത്തിനുള്ളിൽ ഒരുമുഴം ആഴം വരത്തക്കവിധം മുകളിലേക്കു തള്ളിനിൽക്കുന്ന ഒരു വായ് അതിനു ഘടിപ്പിച്ചിരുന്നു. ഈ വക്ക് പീഠത്തിന്റെ പണിപോലെ വൃത്താകൃതിയിലുള്ളതും അതിന്റെ ഉയരം ഒന്നരമുഴവും ആയിരുന്നു. വക്കിനുചുറ്റും കൊത്തുപണികളും ചെയ്തിരുന്നു. ഇതിന്റെ ചട്ടത്തിനുള്ള പലകകൾ വൃത്താകാരമായിരുന്നില്ല; പകരം, ചതുരാകൃതിയായിരുന്നു. പീഠത്തിന്റെ ചക്രങ്ങൾ നാലും പലകകളുടെ അടിഭാഗത്തായിരുന്നു; ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തോടു ഘടിപ്പിക്കപ്പെട്ടിരുന്നു. ഓരോ ചക്രത്തിന്റെയും വ്യാസം ഒന്നരമുഴമായിരുന്നു. ചക്രങ്ങൾ പണിയപ്പെട്ടിരുന്നത് രഥചക്രങ്ങൾപോലെയായിരുന്നു; അച്ചുതണ്ടുകളും ചക്രത്തിന്റെ വക്കുകളും ആരക്കാലുകളും ചക്രത്തിന്റെ കേന്ദ്രഭാഗങ്ങളും എല്ലാം വാർത്തുണ്ടാക്കിയവയായിരുന്നു. പീഠങ്ങൾ ഓരോന്നിനും നാലുകോണിലും നാലു കൈപ്പിടികൾ ഉണ്ടായിരുന്നു. കാലുകൾ പീഠത്തിന്റെ തുടർച്ചയായിത്തന്നെ പണിതിരുന്നു. പീഠത്തിന്റെ മുകൾഭാഗത്ത് അരമുഴം ഉയരത്തിൽ ഒരു ചുറ്റുവളയം ഉണ്ടായിരുന്നു. പീഠത്തിന്റെ അഗ്രത്തിലെ താങ്ങുകളും പലകകളും എല്ലാം മുകൾഭാഗത്തോടുചേർത്ത് ഒന്നായിത്തന്നെ വാർത്തെടുത്തിരുന്നു. താങ്ങുകളുടെ ഉപരിതലങ്ങളിലും പലകകളിലും, ലഭ്യമായിരുന്ന എല്ലാ ഇടങ്ങളിലും അദ്ദേഹം കെരൂബുകളുടെയും സിംഹങ്ങളുടെയും ഈന്തപ്പനകളുടെയും രൂപങ്ങളും അവയ്ക്കുചുറ്റും പുഷ്പമാല്യങ്ങളും കൊത്തിയുണ്ടാക്കി. പത്തുപീഠങ്ങളും ഈ വിധത്തിലാണ് അദ്ദേഹം നിർമിച്ചത്. അവയെല്ലാം ഒരേ അച്ചിൽ വാർത്തതും ആകൃതിയിലും അളവിലും ഒരേപോലെയുള്ളതും ആയിരുന്നു. അതിനുശേഷം, അദ്ദേഹം വെങ്കലംകൊണ്ട് പത്തു ക്ഷാളനപാത്രങ്ങളും നിർമിച്ചു. ഓരോന്നും നാൽപ്പതുബത്ത് വീതം വെള്ളം കൊള്ളുന്നതും നാലുമുഴംവീതം വ്യാസമുള്ളതും ആയിരുന്നു. പത്തു പീഠങ്ങളിൽ ഓരോന്നിനും ഓരോ ക്ഷാളനപാത്രം വീതം ഉണ്ടായിരുന്നു. അദ്ദേഹം, പീഠങ്ങളിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു. വെങ്കലംകൊണ്ട് നിർമിച്ച വലിയ ജലസംഭരണി ദൈവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചത്. പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹീരാം നിർമിച്ചു. അങ്ങനെ, യഹോവയുടെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികളെല്ലാം ഹീരാം പൂർത്തീകരിച്ചു: രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ; സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ; പത്തു ക്ഷാളനപാത്രങ്ങളോടുചേർന്നുള്ള പത്തു പീഠങ്ങൾ; വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും; കലങ്ങൾ, കോരികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ. യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു. യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സാരേഥാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു. ശലോമോൻ ഉപകരണങ്ങളൊന്നും തൂക്കിനോക്കിയില്ല; കാരണം അവ അത്രയധികമായിരുന്നു. മൊത്തം ചെലവായ വെങ്കലത്തിന്റെ കണക്കും കണക്കാക്കിയിരുന്നില്ല. യഹോവയുടെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു: സ്വർണയാഗപീഠം; കാഴ്ചയപ്പം വെക്കുന്നതിനുള്ള സ്വർണമേശ; അന്തർമന്ദിരത്തിനുമുമ്പിൽ തെക്കുഭാഗത്തു അഞ്ചും വടക്കുഭാഗത്തു അഞ്ചുമായി തങ്കംകൊണ്ടുള്ള വിളക്കുകാലുകൾ പത്ത്, സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ, സ്വർണനിർമിതമായ ക്ഷാളനപാത്രങ്ങൾ, തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, അന്തർമന്ദിരത്തിന്റെ—അതിവിശുദ്ധസ്ഥലത്തിന്റെ—വാതിലുകൾക്കും ആലയത്തിന്റെ വിശാലമായ മുറിയുടെ വാതിലുകൾക്കുംവേണ്ടി സ്വർണംകൊണ്ടു നിർമിച്ച വിജാഗിരികൾ. ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം, തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.