1 രാജാക്കന്മാർ 3:5-15
1 രാജാക്കന്മാർ 3:5-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. അതിനു ശലോമോൻ പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ നിന്റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കറിവില്ല. നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും. ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി. ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട് ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെ ശേഷം ഉണ്ടാകയും ഇല്ല. ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും. ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ച് സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകല ഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
1 രാജാക്കന്മാർ 3:5-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിബെയോനിൽ വച്ചു സർവേശ്വരൻ രാത്രിയിൽ ശാലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി ചോദിച്ചു: “ഞാൻ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.” ശലോമോൻ പറഞ്ഞു: “അവിടുത്തെ ദാസനും എന്റെ പിതാവുമായ ദാവീദ് തിരുമുമ്പിൽ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലർത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ ഒരു പുത്രനെ നല്‌കുകയും ചെയ്തു. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് അടിയനെ എന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാൻ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലൻ മാത്രം. അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാൻ ഇപ്പോൾ. ഈ വലിയ ജനതയെ ഭരിക്കാൻ ആർക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.” ശലോമോന്റെ ഈ പ്രാർഥന സർവേശ്വരനു ഹിതകരമായി. അവിടുന്ന് അരുളിച്ചെയ്തു: “ദീർഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്. അതുകൊണ്ടു ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാൻ നിനക്കു തരുന്നു. ഇക്കാര്യത്തിൽ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങൾ കൂടി ഞാൻ നിനക്കു തരുന്നു; നിന്റെ ജീവിതകാലം മുഴുവൻ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാൻ നിനക്കു നല്‌കും. നിന്റെ പിതാവായ ദാവിദിനെപ്പോലെ എന്റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്റെ മാർഗത്തിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സു നല്‌കും.” ശലോമോൻ ഉറക്കത്തിൽനിന്നും ഉണർന്നപ്പോൾ അത് ഒരു ദർശനമായിരുന്നു എന്നു മനസ്സിലായി. അദ്ദേഹം യെരൂശലേമിൽ മടങ്ങിവന്നു സർവേശ്വരന്റെ സാക്ഷ്യപെട്ടകത്തിനു മുമ്പിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു; പിന്നീട് തന്റെ ഭൃത്യന്മാർക്ക് വിരുന്നു നടത്തി.
1 രാജാക്കന്മാർ 3:5-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക” എന്നു ദൈവം അരുളിച്ചെയ്തു. അതിന് ശലോമോൻ മറുപടി പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങേയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല. അങ്ങ് തിരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്‍റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങേയുടെ ജനത്തിന് ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും?” ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി. ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട് ഞാൻ നിന്‍റെ അപേക്ഷ പ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പുണ്ടായിട്ടില്ല; നിന്‍റെ ശേഷം ഉണ്ടാകയും ഇല്ല. കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്കു തന്നിരിക്കുന്നു; അതിനാൽ നിന്‍റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.” ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്നു മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്‍റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു.
1 രാജാക്കന്മാർ 3:5-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല. നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്വാൻ ആർക്കു കഴിയും. ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി. ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും. ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
1 രാജാക്കന്മാർ 3:5-15 സമകാലിക മലയാളവിവർത്തനം (MCV)
ഗിബെയോനിൽവെച്ച് ആ രാത്രിയിൽ ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു തരും,” എന്നു ദൈവം അരുളിച്ചെയ്തു. ശലോമോൻ അതിനു മറുപടി പറഞ്ഞത്: “എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് അങ്ങയുടെമുമ്പാകെ സത്യസന്ധതയോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ ജീവിച്ചു. അതുകൊണ്ട്, അവിടന്ന് അദ്ദേഹത്തോട് വലിയ ദയ കാണിക്കുകയും അവിടത്തെ ആ വലിയ ദയ ഇന്നുവരെ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ഒരു മകനെ നൽകുകയും ചെയ്തിരിക്കുന്നു. “എന്റെ ദൈവമായ യഹോവേ, അവിടന്ന് ഇപ്പോൾ ഈ ദാസനെ, അടിയന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. എന്നാൽ, ഞാനോ ഒരു ബാലനത്രേ. കർത്തവ്യങ്ങൾ എങ്ങനെ നിർവഹിക്കേണം എന്നെനിക്കറിവില്ല. അങ്ങു തെരഞ്ഞെടുത്തതും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അസംഖ്യവുമായ ഒരു മഹാജനതയുടെ മധ്യേ അവിടത്തെ ഈ ദാസൻ ആയിരിക്കുന്നു. അതുകൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ വിവേകമുള്ള ഒരു ഹൃദയം അവിടത്തെ ഈ ദാസനു തരണമേ! അതില്ലാതെ അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?” ശലോമോൻ ഈ കാര്യം ചോദിച്ചതിൽ കർത്താവ് സംപ്രീതനായി. ദൈവം അദ്ദേഹത്തോട് പ്രതിവചിച്ചത്: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ അപേക്ഷിക്കാതെ നീതിനിർവഹണത്തിനുള്ള വിവേകംമാത്രം അപേക്ഷിച്ചിരിക്കുകയാൽ, ഞാൻ നിന്റെ അപേക്ഷപോലെ പ്രവർത്തിക്കും. ജ്ഞാനവും വിവേകവുമുള്ള ഹൃദയം ഞാൻ നിനക്കു നൽകും. നിനക്കു സമനായവൻ മുമ്പ് ഉണ്ടായിട്ടില്ല; നിനക്കുശേഷം ഇനി ഉണ്ടാകുകയുമില്ല. ഇതു കൂടാതെ, നീ അപേക്ഷിക്കാത്തവയായ സമ്പത്തും ബഹുമതിയുംകൂടെ ഞാൻ നിനക്കു നൽകും. അതുമൂലം, രാജാക്കന്മാരിൽ നിനക്കു സമനായി യാതൊരുവനും നിന്റെ ആയുഷ്കാലത്ത് ഉണ്ടായിരിക്കുകയില്ല. നിന്റെ പിതാവായ ദാവീദ് ജീവിച്ചതുപോലെ നീ എന്റെ ഉത്തരവുകളും കൽപ്പനകളും അനുസരിച്ച് എന്റെ വഴികളിൽ ജീവിച്ചാൽ ഞാൻ നിനക്കു ദീർഘായുസ്സും നൽകും.” ശലോമോൻ ഉറക്കമുണർന്നപ്പോൾ അത് ഒരു സ്വപ്നമായിരുന്നു എന്ന് സ്വയം മനസ്സിലാക്കി. അദ്ദേഹം ജെറുശലേമിൽ മടങ്ങിവന്നു; കർത്താവിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിന്ന് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം, തന്റെ സകല ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും അദ്ദേഹം ഒരു വിരുന്നു നൽകി.