1 രാജാക്കന്മാർ 21:20-29

1 രാജാക്കന്മാർ 21:20-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആഹാബ് ഏലീയാവോട്: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു ഞാൻ നിന്റെമേൽ അനർഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെയൊക്കെയും ഞാൻ നിഗ്രഹിച്ചുകളയും. നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും. ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തത്: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവച്ചു തിന്നുകളയും. ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും. എന്നാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിനായി ഉത്സാഹിപ്പിച്ചിരുന്നു. യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു. ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽതന്നെ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു. അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന് ഉണ്ടായി: ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്ത് അനർഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർഥം വരുത്തും എന്നു കല്പിച്ചു.

1 രാജാക്കന്മാർ 21:20-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആഹാബ് ഏലിയായെ കണ്ടപ്പോൾ: “എന്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ” എന്നു ചോദിച്ചു. “അതേ, ഞാൻ കണ്ടെത്തി” ഏലിയാ പ്രതിവചിച്ചു. സർവേശ്വരന്റെ സന്നിധിയിൽ അധർമം ചെയ്യാൻ നീ നിന്നെത്തന്നെ വിലയ്‍ക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു അനർഥം വരുത്തും; ഞാൻ നിന്നെയും പ്രായഭേദം കൂടാതെ നിന്റെ കുടുംബത്തിലുള്ള സകല പുരുഷസന്താനങ്ങളെയും ഇസ്രായേലിൽനിന്നു നീക്കിക്കളയും. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച് നീ എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതിനാൽ നിന്റെ ഭവനത്തെ നെബാത്തിന്റെ മകൻ യെരോബെയാമിന്റെയും അഹീയായുടെ മകൻ ബയെശയുടെയും ഭവനങ്ങൾപോലെ ആക്കിത്തീർക്കും. ജെസ്രീൽ പട്ടണത്തിൽവച്ചു നായ്‍ക്കൾ ഈസേബെലിന്റെ ശരീരം തിന്നുകളയും എന്ന് ഈസേബെലിനെക്കുറിച്ച് സർവേശ്വരൻ അരുളിച്ചെയ്തു. നിന്റെ ചാർച്ചക്കാരിൽ പട്ടണത്തിൽവച്ചു മരിക്കുന്നവരുടെ ശരീരം നായ്‍ക്കൾ തിന്നും; വിജനപ്രദേശത്തുവച്ചു മരിക്കുന്നവരുടെ ശരീരം പറവകൾക്ക് ഇരയാകും.” സർവേശ്വരന്റെ സന്നിധിയിൽ തിന്മകൾ പ്രവർത്തിക്കുന്നതിന് ആഹാബിനെപ്പോലെ സ്വയം വിലയ്‍ക്കു നല്‌കിയ മറ്റൊരാൾ ഉണ്ടായിട്ടില്ല. ഈസേബെലിന്റെ ദുഷ്പ്രേരണ കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഇസ്രായേലിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവർത്തിച്ചു. പ്രവാചകന്റെ വാക്കുകൾ കേട്ട് ആഹാബ് വസ്ത്രം കീറി; ചാക്കുതുണി ധരിച്ചു; ഉപവസിച്ച് ചാക്കുതുണി വിരിച്ചു കിടന്നു. പിന്നീട് മ്ലാനവദനനായി നടന്നു. അപ്പോൾ സർവേശ്വരൻ തിശ്ബ്യനായ ഏലിയായോടു അരുളിച്ചെയ്തു; “ആഹാബ് എന്റെ മുമ്പിൽ സ്വയം വിനയപ്പെടുത്തിയതു കണ്ടില്ലേ? അവൻ അങ്ങനെ പ്രവർത്തിച്ചതുകൊണ്ട് ഞാൻ ഉദ്ദേശിച്ച അനർഥം അവന്റെ ജീവിതകാലത്തു വരുത്തുകയില്ല; അവന്റെ പുത്രന്റെ കാലത്ത് അവന്റെ കുടുംബത്തിൽ അതു സംഭവിക്കും.”

1 രാജാക്കന്മാർ 21:20-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആഹാബ് ഏലീയാവിനോട്: “എന്‍റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ടു ഞാൻ നിന്‍റെമേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്‍റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും. നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്‍റെ ഗൃഹത്തെ നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെയും അഹീയാവിന്‍റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും. “ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തത്: നായ്ക്കൾ ഈസേബെലിനെ യിസ്രായേലിന്‍റെ മതിലരികെവച്ചു തിന്നുകളയും. “ആഹാബിന്‍റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.“ എന്നാൽ തന്‍റെ ഭാര്യയായ ഈസേബെലിന്‍റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല. യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു. ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽ തന്നെ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു. അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്: “ആഹാബ് എന്‍റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്‍റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്‍റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്‍റെ മകന്‍റെ കാലത്ത് അവന്‍റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്നു കല്പിച്ചു.

1 രാജാക്കന്മാർ 21:20-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു ഞാൻ നിന്റെമേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ നിഗ്രഹിച്ചുകളയും. നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും. ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും. ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും. എന്നാൽ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു. യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു. ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു. അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി: ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്തു അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തും എന്നു കല്പിച്ചു.

1 രാജാക്കന്മാർ 21:20-29 സമകാലിക മലയാളവിവർത്തനം (MCV)

ആഹാബ് ഏലിയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയിരിക്കുന്നോ?” എന്നു ചോദിച്ചു. ഏലിയാവു മറുപടി നൽകിയത്: “അതേ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. കാരണം, യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി നീ നിന്നെത്തന്നെ വിറ്റുകളഞ്ഞിരിക്കുന്നു. അതുകൊണ്ട്, ‘ഞാൻ നിന്റെമേൽ മഹാവിപത്തു വരുത്തും. നിന്റെ സന്തതിയെ ഞാൻ ഉന്മൂലനംചെയും. ഇസ്രായേലിൽ ആഹാബിൽ നിന്നുള്ള അവന്റെ അവസാനത്തെ പുരുഷസന്താനത്തെവരെ—അവൻ ദാസനായാലും സ്വതന്ത്രനായാലും—ഞാൻ ഛേദിച്ചുകളയും. നീ എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിപ്പിക്കുകയും ചെയ്തതിനാൽ ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കിത്തീർക്കും.’ “ഈസബേലിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യെസ്രീലിന്റെ മതിലിന്നരികെവെച്ച് ഈസബേലിനെ നായ്ക്കൾ കടിച്ചുകീറിക്കളയും.’ “ആഹാബിന്റെ കുടുംബാംഗങ്ങളിൽ നഗരത്തിൽവെച്ചു മരിക്കുന്നവർ നായ്ക്കൾക്ക് ആഹാരമായിത്തീരും; വെളിമ്പ്രദേശത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവജാതികൾക്ക് ആഹാരമായിത്തീരും.” തന്റെ ഭാര്യയായ ഈസബേലിനാൽ പ്രേരിതനായി യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി തന്നെത്തന്നെ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ഒരു മനുഷ്യൻ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഇസ്രായേലിന്റെ മുമ്പിൽനിന്നു യഹോവ ഓടിച്ചുകളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളുടെ പിന്നാലെപോയി ഏറ്റവും ഹീനമായ വിധത്തിൽ പ്രവർത്തിച്ചു. ഈ വാക്കുകൾ കേട്ടപ്പോൾ ആഹാബ് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, ചാക്കുശീല ധരിച്ച് ഉപവസിച്ചു. അദ്ദേഹം ചാക്കുശീലയിൽത്തന്നെ കിടന്നുറങ്ങുകയും ദുഃഖാർത്തനായി സാവധാനം സഞ്ചരിക്കുകയും ചെയ്തു. അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് വീണ്ടും യഹോവയുടെ അരുളപ്പാടുണ്ടായി. “ആഹാബ് എന്റെമുമ്പിൽ സ്വയം വിനയപ്പെടുത്തിയത് എങ്ങനെയെന്നു നീ ശ്രദ്ധിച്ചോ? അവൻ സ്വയം താഴ്ത്തിയതിനാൽ ഞാൻ അവന്റെ ജീവിതകാലത്ത് ഈ വിപത്തുകളൊന്നും വരുത്തുകയില്ല; എന്നാൽ, അവന്റെ പുത്രന്റെകാലത്ത് ഞാൻ അവന്റെ ഗൃഹത്തിന്മേൽ ഈ അനർഥംവരുത്തും.”