1 രാജാക്കന്മാർ 18:41-44

1 രാജാക്കന്മാർ 18:41-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ഏലീയാവ് ആഹാബിനോട്: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട് എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽപർവതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞ് മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു. തന്റെ ബാല്യക്കാരനോട്: നീ ചെന്നു കടലിനു നേരേ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നുപറഞ്ഞു. അതിന് അവൻ: നീ ചെന്ന് ആഹാബിനോട്: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിനു രഥംപൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.

1 രാജാക്കന്മാർ 18:41-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആഹാബ്‍രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പൽ കേൾക്കുന്നു.” ആഹാബ് ഭക്ഷണം കഴിക്കാൻ പോയി; ഏലിയാ കർമ്മേൽമലയുടെ മുകളിൽ കയറി നിലംപറ്റെ കുനിഞ്ഞ് മുഖം കാൽമുട്ടുകളുടെ ഇടയിലാക്കി ഇരുന്നു. “നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്റെ ഭൃത്യനോടു പറഞ്ഞു. അവൻ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാൻ ഏലിയാ കല്പിച്ചു. ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോൾ അവൻ പറഞ്ഞു: “ഒരു മനുഷ്യന്റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലിൽനിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടൻതന്നെ ആഹാബിന്റെ അടുക്കൽ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കിൽ മഴ അങ്ങയുടെ യാത്രയ്‍ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.”

1 രാജാക്കന്മാർ 18:41-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്‍റെ മുകളിൽ കയറി മുഖം തന്‍റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു കുനിഞ്ഞിരുന്നു. അവൻ തന്‍റെ ബാല്യക്കാരനോട്: “നീ ചെന്നു കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: “ഒന്നും ഇല്ല” എന്നു പറഞ്ഞു. അതിന് അവൻ: “വീണ്ടും ചെല്ലുക” എന്നു ഏഴു പ്രാവശ്യം പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: “ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്‍റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “നീ ചെന്നു മഴ നിന്നെ തടഞ്ഞു നിർത്താതിരിക്കേണ്ടതിനു രഥം പൂട്ടി ഇറങ്ങിപ്പോകാൻ ആഹാബിനോട് പറയുക” എന്നു പറഞ്ഞു.

1 രാജാക്കന്മാർ 18:41-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു, തന്റെ ബാല്യക്കാരനോടു: നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.

1 രാജാക്കന്മാർ 18:41-44 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: “പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്” എന്നു പറഞ്ഞു. അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു. “നീ പോയി കടലിനുനേരേ നോക്കുക,” എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി. “അവിടെ ഒന്നുമില്ല,” എന്ന് അയാൾ തിരികെവന്നു പറഞ്ഞു. ഏലിയാവ്, “പോയി നോക്കുക” എന്ന് ഏഴുപ്രാവശ്യം പറഞ്ഞു. ഏഴാംപ്രാവശ്യം ദാസൻ വന്നു: “ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്” എന്നു പറഞ്ഞു. “നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക” എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു.