1 രാജാക്കന്മാർ 18:36-39
1 രാജാക്കന്മാർ 18:36-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18:36-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി. ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു.
1 രാജാക്കന്മാർ 18:36-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18:36-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18:36-39 സമകാലിക മലയാളവിവർത്തനം (MCV)
യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു. അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു.