1 യോഹന്നാൻ 5:10-20
1 യോഹന്നാൻ 5:10-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ. പുത്രനുള്ളവനു ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇത് എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനു തന്നെ. അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്കുതന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. ഏത് അനീതിയും പാപം ആകുന്നു; മരണത്തിനല്ലാത്ത പാപം ഉണ്ടുതാനും. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
1 യോഹന്നാൻ 5:10-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു. ദൈവം നമുക്കു നിത്യജീവൻ നല്കി; അവിടുത്തെ പുത്രനോടുള്ള ഐക്യത്തിൽ ആ ജീവൻ നമുക്കു ലഭിക്കുന്നു. ഇതാണ് ആ സാക്ഷ്യം. പുത്രനുള്ളവനു ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല. നിങ്ങൾക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്, ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവരായ നിങ്ങൾക്ക് ഞാൻ ഇതെഴുതുന്നു. ദൈവത്തിന്റെ ഇച്ഛാനുസരണം നാം അപേക്ഷിക്കുമെങ്കിൽ, അവിടുന്നു നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതാണു നമുക്ക് അവിടുത്തെക്കുറിച്ചുള്ള ഉറപ്പ്. നാം എന്തുതന്നെ അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നു നാം അറിയുന്നുവെങ്കിൽ, നാം ചോദിച്ചതു ലഭിച്ചിരിക്കുന്നു എന്നും നാം അറിയുന്നു. ഒരു സഹോദരൻ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അവൻ ആ സഹോദരനുവേണ്ടി പ്രാർഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവർക്കു ദൈവം ജീവൻ പ്രദാനം ചെയ്യും. എന്നാൽ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അധർമവും പാപംതന്നെ. എന്നാൽ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്. ദൈവത്തിൽനിന്നു ജനിച്ചവൻ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുകയുമില്ല. നാം ദൈവത്തിൽനിന്നുള്ളവരാണെന്നും എന്നാൽ സർവലോകവും ദുഷ്ടന്റെ അധീനതയിലാണെന്നും നാം അറിയുന്നു. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപൻ; അവിടുന്നാണ് നിത്യജീവനും.
1 യോഹന്നാൻ 5:10-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു. ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ. പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല. ദൈവപുത്രൻ്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു. നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്. ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
1 യോഹന്നാൻ 5:10-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
1 യോഹന്നാൻ 5:10-20 സമകാലിക മലയാളവിവർത്തനം (MCV)
ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല. ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്. ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്. ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം. നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്നു തീർച്ചപ്പെടുത്താം. സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക; മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്. ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല. നാം ദൈവത്തിൽനിന്നു ജനിച്ചവർ ആണെന്നും ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ ആണെന്നും അറിയുന്നു. ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.