1 യോഹന്നാൻ 4:8-12
1 യോഹന്നാൻ 4:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ. ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു. പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
1 യോഹന്നാൻ 4:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല. ദൈവം സ്നേഹം തന്നെ. തന്റെ പുത്രനിലൂടെ നമുക്കു ജീവൻ ലഭിക്കേണ്ടതിന് ആ ഏകപുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചു. അങ്ങനെയാണ് ദൈവം തന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിപ്പെടുത്തിയത്. നാം ദൈവത്തെ സ്നേഹിക്കുകയല്ല, പ്രത്യുത, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വപുത്രനെ അയയ്‍ക്കുകയുമാണ് ഉണ്ടായത്; ഇതാണു സാക്ഷാൽ സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ, നാമും അന്യോന്യം സ്നേഹിക്കേണ്ടതല്ലേ? ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ നിവസിക്കുന്നു. അവിടുത്തെ സ്നേഹം നമ്മിൽ പൂർണമാകുകയും ചെയ്തിരിക്കുന്നു.
1 യോഹന്നാൻ 4:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു. നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്‍റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം. പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
1 യോഹന്നാൻ 4:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു. പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
1 യോഹന്നാൻ 4:8-12 സമകാലിക മലയാളവിവർത്തനം (MCV)
സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്. നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.