1 യോഹന്നാൻ 3:21-24

1 യോഹന്നാൻ 3:21-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗല്ഭ്യം ഉണ്ട്. അവന്റെ കല്പനകളെ നാം പ്രമാണിച്ച് അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നെ. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്ന് അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.

1 യോഹന്നാൻ 3:21-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ടു പ്രിയപ്പെട്ടവരേ, നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ദൈവത്തിന്റെ മുമ്പിൽ നമുക്കു ധൈര്യം ഉണ്ട്. നാം എന്തു ചോദിച്ചാലും നമുക്കു ലഭിക്കുന്നു. എന്തുകൊണ്ടെന്നാൽ നാം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും അവിടുത്തേക്കു പ്രസാദകരമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും അവിടുന്നു നമ്മോടു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണു ദൈവത്തിന്റെ കല്പന. ദൈവത്തിന്റെ കല്പന അനുസരിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ദൈവം നമ്മിൽ വസിക്കുന്നു എന്ന് അവിടുന്നു നമുക്കു നല്‌കിയിട്ടുള്ള ആത്മാവിനാൽ നാം അറിയുന്നു.

1 യോഹന്നാൻ 3:21-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്. അവന്‍റെ കല്പനകളെ നാം പ്രമാണിക്കുകയും അവനു പ്രസാദമുള്ളത് പ്രവൃത്തിക്കുകയും ചെയ്കകൊണ്ട് നാം എന്ത് യാചിച്ചാലും അവനിൽനിന്ന് നമുക്ക് ലഭിക്കും. അവന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോട് കല്പിച്ചതുപോലെ അന്യോന്യം സ്നേഹിക്കുകയും വേണം എന്നുള്ളതാണ് അവന്‍റെ കല്പന. ദൈവത്തിന്‍റെ കല്പനകളെ പ്രമാണിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്ക് തന്ന ആത്മാവിനാൽ തന്നെ നാം അറിയുന്നു.

1 യോഹന്നാൻ 3:21-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ. അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.

1 യോഹന്നാൻ 3:21-24 സമകാലിക മലയാളവിവർത്തനം (MCV)

പ്രിയരേ, നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ, ആത്മവിശ്വാസത്തോടെ നമുക്കു ദൈവസന്നിധിയിൽ ചെല്ലാം. അവിടത്തെ കൽപ്പനകൾ നാം പാലിക്കുകയും അവിടത്തേക്ക് പ്രസാദകരമായതു പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടു നാം അപേക്ഷിക്കുന്നതെന്തും ദൈവം നമുക്കു നൽകുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കണം എന്നും അവിടന്നു നമ്മോടു കൽപ്പിച്ചതുപോലെ പരസ്പരം സ്നേഹിക്കണം എന്നും ആകുന്നു അവിടത്തെ കൽപ്പന. ദൈവകൽപ്പനകൾ പാലിക്കുന്നവർ ദൈവത്തിലും ദൈവം അവരിലും വസിക്കുന്നു. ദൈവം നമുക്കു നൽകിയ ആത്മാവിനാൽ അവിടന്നു നമ്മിൽ വസിക്കുന്നു എന്നു നാം അറിയുന്നു.