1 കൊരിന്ത്യർ 7:32-35

1 കൊരിന്ത്യർ 7:32-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു. വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകയ്ക്കും തമ്മിൽ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.

1 കൊരിന്ത്യർ 7:32-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ ആകുലചിത്തരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യൻ കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരനാകുന്നു. എന്തെന്നാൽ കർത്താവിനെ സംപ്രീതനാക്കുവാൻ അയാൾ ശ്രമിക്കുന്നു. എന്നാൽ വിവാഹിതൻ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരനാകുന്നു. അങ്ങനെ അയാൾ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരയാകുന്നു. എന്തെന്നാൽ തന്റെ ശരീരവും ആത്മാവും ഈശ്വരാർപ്പിതമായിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു; എന്നാൽ ഭർത്തൃമതിയായ സ്‍ത്രീ ഭർത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരയാകുന്നു. നിങ്ങളുടെമേൽ ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാൻ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങൾ ചെയ്യണമെന്നും നിങ്ങളെത്തന്നെ കർത്താവിന്റെ സേവനത്തിനു പൂർണമായി സമർപ്പിക്കണമെന്നുമത്രേ എന്റെ ആഗ്രഹം. വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ.

1 കൊരിന്ത്യർ 7:32-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാ‍ര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു. അവന്‍റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു. ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.

1 കൊരിന്ത്യർ 7:32-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.

1 കൊരിന്ത്യർ 7:32-35 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു; അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്.