1 കൊരിന്ത്യർ 3:3-9
1 കൊരിന്ത്യർ 3:3-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരനെന്നും, മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരനെന്നും പറയുമ്പോൾ നിങ്ങൾ സാധാരണ മനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തനു താന്താന്റെ അധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമാണം.
1 കൊരിന്ത്യർ 3:3-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലൗകികമനുഷ്യർ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങൾ ലോകത്തിന്റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്? നിങ്ങൾ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളിൽ ഒരാൾ “ഞാൻ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാൾ “ഞാൻ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്? അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാർ മാത്രമാകുന്നു ഞങ്ങൾ. കർത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ വളർച്ച നല്കിയത് ദൈവമാണ്. നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല; വളർച്ച നല്കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ. ഓരോരുത്തനും അവനവന്റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും. ഞങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങൾ ദൈവത്തിന്റെ കൃഷിഭൂമിയും ദൈവത്തിന്റെ മന്ദിരവുമാകുന്നു.
1 കൊരിന്ത്യർ 3:3-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? എന്തെന്നാൽ, ഒരാൾ: ഞാൻ പൗലോസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും. എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷിത്തോട്ടം, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
1 കൊരിന്ത്യർ 3:3-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
1 കൊരിന്ത്യർ 3:3-9 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്? “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ? ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ. നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും. ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.