1 കൊരിന്ത്യർ 3:11-16
1 കൊരിന്ത്യർ 3:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴികയില്ല. ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീതന്നെ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽക്കൂടി എന്നപോലെ അത്രേ. നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1 കൊരിന്ത്യർ 3:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാൻ ആർക്കും സാധ്യമല്ല. ഈ അടിസ്ഥാനത്തിന്മേൽ ചിലർ പൊന്ന്, വെള്ളി, വിലയേറിയ രത്നം മുതലായവ ഉപയോഗിച്ചു പണിയുന്നു; മറ്റുള്ളവർ മരമോ, പുല്ലോ, വയ്‍ക്കോലോ ഉപയോഗിക്കും. ക്രിസ്തുവിന്റെ ദിവസത്തിൽ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോൾ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും. താൻ പ്രസ്തുത അടിസ്ഥാനത്തിന്മേൽ നിർമിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കിൽ നിർമിതാവിനു പ്രതിഫലം ലഭിക്കും. എന്നാൽ ആരെങ്കിലും നിർമിച്ചത് അഗ്നിക്കിരയായാൽ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവൻ രക്ഷിക്കപ്പെടും. നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾക്ക് അറിഞ്ഞുകൂടേ?
1 കൊരിന്ത്യർ 3:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല. ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും. ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുവന്‍റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ. നിങ്ങൾ ദൈവത്തിന്റെ മന്ദിരം ആണെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1 കൊരിന്ത്യർ 3:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല. ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ. നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1 കൊരിന്ത്യർ 3:11-16 സമകാലിക മലയാളവിവർത്തനം (MCV)
യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല. ഈ അടിസ്ഥാനത്തിന്മേൽ വിവിധതരം നിർമാണ സാമഗ്രികളായ സ്വർണം, വെള്ളി, രത്നം ഇവയും തടി, പുല്ല്, വൈക്കോൽ എന്നിവയും ഉപയോഗിച്ചു പണിയുന്നു എങ്കിൽ അയാളുടെ പണി എന്തെന്ന് ഒരിക്കൽ വ്യക്തമാകും. ആ ദിവസം അതു വെളിപ്പെടുത്തുന്നത് അഗ്നികൊണ്ടായിരിക്കും; അഗ്നി തന്നെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ ശ്രേഷ്ഠത പരിശോധിക്കും. ഒരാൾ പണിയുന്ന നിർമിതി അഗ്നിയെ അതിജീവിച്ചാൽ അയാൾക്കു പ്രതിഫലം ലഭിക്കും. അതു ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം! നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ?