1 കൊരിന്ത്യർ 2:7-9

1 കൊരിന്ത്യർ 2:7-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ നിഗൂഢജ്ഞാനമാണ് ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യർക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങൾക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്. ഈ ലോകത്തിലെ അധികാരികൾ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നെങ്കിൽ അവർ മഹത്ത്വത്തിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത് ആരും ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല; അതു സംഭവിക്കുക സാധ്യമാണെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുമില്ല എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്.

1 കൊരിന്ത്യർ 2:7-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

1 കൊരിന്ത്യർ 2:7-9 സമകാലിക മലയാളവിവർത്തനം (MCV)

ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു. ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു!