1 കൊരിന്ത്യർ 2:1-10
1 കൊരിന്ത്യർ 2:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നത്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന് എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പേ നമ്മുടെ തേജസ്സിനായി മുൻനിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അത് ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
1 കൊരിന്ത്യർ 2:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വലിയ വാഗ്‍വൈഭവമോ പാണ്ഡിത്യമോ പ്രകടിപ്പിച്ചുകൊണ്ടല്ല ദൈവത്തിന്റെ നിഗൂഢസത്യം നിങ്ങളെ അറിയിച്ചത്. എന്തെന്നാൽ യേശുക്രിസ്തുവിനെ, പ്രത്യേകിച്ചു ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെമാത്രം എന്റെ മനസ്സിൽ വയ്‍ക്കണമെന്നു ഞാൻ നിശ്ചയിച്ചു. അതുകൊണ്ട് ഭയന്ന്, വിറപൂണ്ട്, ദുർബലനായിട്ടാണ് ഞാൻ നിങ്ങളുടെ അടുക്കൽ വന്നത്. എന്റെ പ്രബോധനവും പ്രഭാഷണവും മാനുഷികമായ വിജ്ഞാനത്തിന്റെ വശ്യവചസ്സുകൾ കൊണ്ടല്ലായിരുന്നു; പ്രത്യുത, ദൈവാത്മാവിന്റെ ശക്തി ബോധ്യപ്പെടുത്തുന്നവയായിരുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന് ആധാരം മാനുഷികമായ ജ്ഞാനമല്ല, പിന്നെയോ ദൈവത്തിന്റെ ശക്തിയാണ്. എങ്കിലും ആത്മീയപക്വത പ്രാപിച്ചവരോടു ജ്ഞാനത്തിന്റെ സന്ദേശം ഞങ്ങൾ പ്രസംഗിക്കുന്നുണ്ട്. എന്നാൽ ലൗകിക ജ്ഞാനമോ ഈ ലോകത്തെ ഭരിക്കുന്ന പ്രഭുക്കന്മാരുടെ ജ്ഞാനമോ അല്ല-അവരുടെ അധികാരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു- ദൈവത്തിന്റെ നിഗൂഢജ്ഞാനമാണ് ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യർക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങൾക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്. ഈ ലോകത്തിലെ അധികാരികൾ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നെങ്കിൽ അവർ മഹത്ത്വത്തിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത് ആരും ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല; അതു സംഭവിക്കുക സാധ്യമാണെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുമില്ല എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. നമുക്കാകട്ടെ, ദൈവം ആത്മാവു മുഖാന്തരം തന്റെ രഹസ്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നു; ആത്മാവ് സമസ്തവും എന്നല്ല, ദൈവത്തിന്റെ അഗാധ രഹസ്യങ്ങൾപോലും നിരീക്ഷിക്കുന്നുണ്ടല്ലോ.
1 കൊരിന്ത്യർ 2:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ പ്രസംഗത്തിൻ്റെയോ ജ്ഞാനത്തിൻ്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോട് പ്രസ്താവിക്കുവാൻ വന്നത്. എന്തെന്നാൽ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ ആഗ്രഹിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ വിറയലോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നെ ആധാരമായിരിക്കേണ്ടതിന്, എന്റെ വചനവും എന്റെ പ്രസംഗവും മാനുഷികജ്ഞാനത്തിൻ്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിൻ്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്. എന്നിരുന്നാലും, പക്വത പ്രാപിച്ചവരുടെ ഇടയിൽ, ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ കാലത്തിൻ്റെയോ, മാറ്റപ്പെടുന്നവരായ ഈ കാലഘട്ടത്തിലെ ഭരണാധിപന്മാരുടെയോ ജ്ഞാനമല്ല, ദൈവം ലോകസൃഷ്ടിക്ക് മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അത് ഈ കാലഘട്ടത്തിലെ ഭരണാധികാരികൾ ആരും അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കുമായിരുന്നില്ല. “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. നമുക്കോ ദൈവം അത് തന്‍റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; എന്തെന്നാൽ, ആത്മാവ് സകലത്തെയും, ദൈവത്തിന്‍റെ ആഴങ്ങളെപ്പോലും ആരായുന്നു.
1 കൊരിന്ത്യർ 2:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു. എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
1 കൊരിന്ത്യർ 2:1-10 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, ദൈവികരഹസ്യങ്ങൾ നിങ്ങളോടു പ്രഘോഷിച്ചതു വാഗ്വൈഭവമോ മാനുഷികജ്ഞാനമോ പ്രയോഗിച്ചുകൊണ്ടായിരുന്നില്ല. ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്. എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു. നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം ഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ ഈ കാലഘട്ടത്തിന്റെ നശിച്ചുപോകാനിരിക്കുന്നവരായ ഭരണാധികാരികളുടെയോ ജ്ഞാനമല്ല. ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു. ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു! എന്നാൽ, നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവ് സകലതും, ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങൾപോലും, ആഴത്തിൽ ആരായുന്നു.