1 കൊരിന്ത്യർ 16:15-18

1 കൊരിന്ത്യർ 16:15-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അധ്വാനിക്കയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു. അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.

1 കൊരിന്ത്യർ 16:15-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങൾക്കറിയാമല്ലോ; അഖായയിൽ ആദ്യം ക്രിസ്തുമാർഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്റെ ശുശ്രൂഷയ്‍ക്കായി അവർ തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങൾ കീഴ്പെട്ടിരിക്കണം. സ്തേഫാനോസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവർ നികത്തി. അവർ എന്റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകർന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങൾ ആദരിക്കണം.

1 കൊരിന്ത്യർ 16:15-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സഹോദരന്മാരേ, സ്തെഫാനൊസിൻ്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫാനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു. എന്തെന്നാൽ അവർ എന്‍റെ മനസ്സിലും നിങ്ങളുടെ മനസ്സിലും ഉന്മേഷം പകർന്നതുകൊണ്ട് ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്ളുവിൻ.

1 കൊരിന്ത്യർ 16:15-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു. അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.

1 കൊരിന്ത്യർ 16:15-18 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത് സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്. അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. സ്തെഫാനൊസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി. അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക.