1 കൊരിന്ത്യർ 14:26-28

1 കൊരിന്ത്യർ 14:26-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ സഹോദരരേ, ഞാൻ പറഞ്ഞതിന്റെ സാരം ഇതാണ്: നിങ്ങൾ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോൾ ഒരാൾക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാൾക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാൾക്ക് ദൈവത്തിൽനിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാൾക്ക്, അന്യഭാഷകൾ സംസാരിക്കുവാനോ, മറ്റൊരാൾക്ക് അതിന്റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്. അന്യഭാഷകളിൽ ആരെങ്കിലും സംസാരിക്കുന്നെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ പേർ ഒരാൾ പറഞ്ഞു കഴിഞ്ഞു മറ്റൊരാൾ എന്ന ക്രമത്തിൽ സംസാരിക്കട്ടെ. ഒരാൾ അതു വ്യാഖ്യാനിക്കുകയും വേണം. എന്നാൽ വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയിൽ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസർഗം ചെയ്തുകൊണ്ടിരിക്കണം.

1 കൊരിന്ത്യർ 14:26-28 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്. അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം. വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.