1 കൊരിന്ത്യർ 14:21-40

1 കൊരിന്ത്യർ 14:21-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുതന്നെ. സഭയൊക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ട് എന്നു പറകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തനു സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്; സകലവും ആത്മികവർധനയ്ക്കായി ഉതകട്ടെ. അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നു പേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. ഇരിക്കുന്നവനായ മറ്റൊരുവനു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. വിശുദ്ധന്മാരുടെ സർവസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്ക് അനുവാദമില്ല. അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്കു മാത്രമോ വന്നത്? താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തനു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ. ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുത്. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

1 കൊരിന്ത്യർ 14:21-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വേദലിഖിതങ്ങളിൽ ഇങ്ങനെ കാണുന്നു: അന്യഭാഷകൾ സംസാരിക്കുന്ന ആളുകൾ മുഖേന എന്റെ ജനത്തോടു സംസാരിക്കും എന്നും, വൈദേശികരുടെ അധരങ്ങളിൽകൂടി ഞാൻ സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധിക്കുകയില്ല എന്നും കർത്താവു പറയുന്നു. അതുകൊണ്ട്, അന്യഭാഷകൾ അവിശ്വാസികൾക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികൾക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്. സഭാംഗങ്ങൾ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഭാഷാവരത്തിന്റെ മർമം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലർ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങൾക്കു ഭ്രാന്തുപിടിച്ചു എന്ന് അവർ പറയുകയില്ലേ? എന്നാൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കിൽ ആ യോഗത്തിൽ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്‍ക്കു പുറത്തുള്ളവൻ, അതു കേൾക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു. അവന്റെ രഹസ്യവിചാരങ്ങൾ പുറത്തു വരുന്നു. അവൻ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാർഥത്തിൽ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും. എന്റെ സഹോദരരേ, ഞാൻ പറഞ്ഞതിന്റെ സാരം ഇതാണ്: നിങ്ങൾ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോൾ ഒരാൾക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാൾക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാൾക്ക് ദൈവത്തിൽനിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാൾക്ക്, അന്യഭാഷകൾ സംസാരിക്കുവാനോ, മറ്റൊരാൾക്ക് അതിന്റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്. അന്യഭാഷകളിൽ ആരെങ്കിലും സംസാരിക്കുന്നെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ പേർ ഒരാൾ പറഞ്ഞു കഴിഞ്ഞു മറ്റൊരാൾ എന്ന ക്രമത്തിൽ സംസാരിക്കട്ടെ. ഒരാൾ അതു വ്യാഖ്യാനിക്കുകയും വേണം. എന്നാൽ വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയിൽ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസർഗം ചെയ്തുകൊണ്ടിരിക്കണം. ദൈവത്തിന്റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കട്ടെ. മറ്റുള്ളവർ അതു വിവേചിച്ചറിയട്ടെ. എന്നാൽ സഭയിലുള്ള മറ്റൊരാൾക്ക് ദൈവത്തിൽനിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കിൽ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആൾ നിറുത്തണം. ദൈവത്തിന്റെ സന്ദേശം ഒരാൾ കഴിഞ്ഞ് മറ്റൊരാൾ എന്ന ക്രമത്തിൽ നിങ്ങൾക്ക് എല്ലാവർക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവർക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും. പ്രവാചകന്മാരുടെ ആത്മാവ് അവർക്ക് അധീനമാണ്. സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിർത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്. ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്‍ത്രീകൾ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാൻ അവർക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവർ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം. അവർക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളണം. സഭയിൽ സ്‍ത്രീ സംസാരിക്കുന്നത് അനുചിതമാണല്ലോ. ദൈവത്തിന്റെ വചനം നിങ്ങളിൽ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങൾക്കു മാത്രമാണോ ലഭിച്ചത്? പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവൻ, ഞാൻ എഴുതുന്ന ഈ സംഗതികൾ കർത്താവിന്റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ. ഇത് ഒരുവൻ അംഗീകരിക്കുന്നില്ലെങ്കിൽ അവൻ പരിഗണനീയനല്ല. അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാർഥമായി ആഗ്രഹിക്കുക. ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്.

1 കൊരിന്ത്യർ 14:21-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്‍റെ വാക്ക് കേൾക്കുകയില്ല എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്ക് തന്നെ. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്ത് വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്നു പറയുകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തുവന്നാൽ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവൻ എല്ലാവരാലും വിലയിരുത്തപ്പെടും. അവന്‍റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും. ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനയ്ക്കുവേണ്ടി ചെയ്യട്ടെ. അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ. എന്നാൽ, വ്യാഖ്യാനി ഇല്ലാതിരുന്നാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ, തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കുകയും മറ്റുള്ളവർ വിലയിരുത്തുകയും ചെയ്യട്ടെ. എന്നാൽ സഭയിൽ ഇരിക്കുന്നവനായ മറ്റൊരുവന് വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. എന്തെന്നാൽ എല്ലാവരും പഠിക്കുവാനും എല്ലാവർക്കും പ്രബോധനം ലഭിക്കുവാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്ക് കീഴടങ്ങിയിരിക്കുന്നു. ദൈവം കലക്കത്തിൻ്റെ ദൈവമല്ല, മറിച്ച് സമാധാനത്തിന്‍റെ ദൈവമത്രേ. വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; എന്തെന്നാൽ ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല. അവർ വല്ലതും പഠിക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്? താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരാൾക്ക് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്‍റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. അതുകൊണ്ട് സഹോദരന്മാരേ, പ്രവചനവരം വാഞ്ചിക്കുവിൻ; അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്. എന്നാൽ, സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

1 കൊരിന്ത്യർ 14:21-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ. അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല. അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു? താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

1 കൊരിന്ത്യർ 14:21-40 സമകാലിക മലയാളവിവർത്തനം (MCV)

ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കുകയില്ല, എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.” അങ്ങനെ അജ്ഞാതഭാഷകൾ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ് ചിഹ്നമായിരിക്കുന്നത്. എന്നാൽ പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ട് സഭമുഴുവനും സമ്മേളിക്കുമ്പോൾ എല്ലാവരും അജ്ഞാതഭാഷകളിൽ സംസാരിച്ചാൽ, അന്വേഷകരോ അവിശ്വാസികളോ അകത്തു വന്നാൽ, നിങ്ങൾക്കു ചിത്തഭ്രമം പിടിപെട്ടിരിക്കുന്നെന്ന് അവർ പറയുകയില്ലേ? എന്നാൽ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അവിശ്വാസിയോ ഒരു അന്വേഷകനോ അകത്തു വന്നാൽ, അയാൾക്ക് എല്ലാറ്റിനാലും പാപബോധമുണ്ടായിട്ട്, അയാൾ സ്വയം പരിശോധനാവിധേയനാകും; അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗം വീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്നു പറഞ്ഞു ദൈവത്തെ ആരാധിക്കും. സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്. അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം. വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ. രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം. ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം. എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്. പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്. ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ, സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല. എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോടു ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്. ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ? ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ. അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും. ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്. എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ.