1 കൊരിന്ത്യർ 13:4-13

1 കൊരിന്ത്യർ 13:4-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ.

1 കൊരിന്ത്യർ 13:4-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂർവം വർത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല; സ്വാർഥതാത്പര്യം മുറുകെ പിടിക്കുന്നില്ല. സ്നേഹം ക്ഷോഭിക്കുന്നില്ല; അന്യരുടെ അപരാധങ്ങൾ കണക്കെഴുതി സൂക്ഷിക്കുന്നുമില്ല. അത് അധർമത്തിൽ സന്തോഷിക്കാതെ സത്യത്തിൽ ആനന്ദംകൊള്ളുന്നു. സ്നേഹം എല്ലാം വഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം ക്ഷമയോടെ സഹിക്കുന്നു. സ്നേഹം അനശ്വരമാകുന്നു; പ്രവചനം മാറിപ്പോകും; അന്യഭാഷാഭാഷണം നിന്നുപോകും; ജ്ഞാനവും മറഞ്ഞുപോകും. എന്തെന്നാൽ നമ്മുടെ ജ്ഞാനം അപൂർണമാണ്; നമ്മുടെ പ്രവചനവും അപൂർണമാണ്. എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായത് അപ്രത്യക്ഷമാകും. ഞാൻ ശിശുവായിരുന്നപ്പോൾ എന്റെ സംസാരവും എന്റെ ചിന്തയും എന്റെ നിഗമനങ്ങളും ശിശുവിൻറേതുപോലെ ആയിരുന്നു. പക്വത വന്നപ്പോൾ ഞാൻ ശിശുസഹജമായവ പരിത്യജിച്ചു. ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അന്നാകട്ടെ, അഭിമുഖം ദർശിക്കും. ഇപ്പോൾ എന്റെ അറിവ് പരിമിതമാണ്; അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‌ക്കുന്നു. ഇവയിൽ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.

1 കൊരിന്ത്യർ 13:4-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ നടത്തുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു; എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിയ്ക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും അവസാനിക്കുന്നില്ല. പ്രവചനവരമോ, അത് നീങ്ങിപ്പോകും; ഭാഷാവരമോ, അത് നിന്നുപോകും; ജ്ഞാനമോ, അത് നീങ്ങിപ്പോകും. എന്തെന്നാൽ, ഭാഗികമായി മാത്രം നാം അറിയുന്നു; ഭാഗികമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളത് ത്യജിച്ചുകളഞ്ഞു. എന്തെന്നാൽ ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ ഞാൻ പൂർണ്ണമായി തന്നെ അറിയും. ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.

1 കൊരിന്ത്യർ 13:4-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു; എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും. ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.

1 കൊരിന്ത്യർ 13:4-13 സമകാലിക മലയാളവിവർത്തനം (MCV)

സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു. സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും. നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു. എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും. എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

1 കൊരിന്ത്യർ 13:4-13

1 കൊരിന്ത്യർ 13:4-13 MALOVBSI1 കൊരിന്ത്യർ 13:4-13 MALOVBSI1 കൊരിന്ത്യർ 13:4-13 MALOVBSI