1 കൊരിന്ത്യർ 12:12-20
1 കൊരിന്ത്യർ 12:12-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണ് അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നുതന്നെ.
1 കൊരിന്ത്യർ 12:12-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങൾ പലതായിരിക്കുമ്പോൾത്തന്നെ അവയെല്ലാം ചേർന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. “ഞാൻ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കിൽ, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ? അതുപോലെതന്നെ, “ഞാൻ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കിൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കിൽ കേൾക്കുന്നത് എങ്ങനെ? ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്.
1 കൊരിന്ത്യർ 12:12-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങൾ ഉണ്ടല്ലോ. ശരീരത്തിന്‍റെ അവയവങ്ങൾ പലതായിരിക്കെ അവ എല്ലാം ചേർന്ന് ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസനോ സ്വതന്ത്രനോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണ് അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ കേൾവി എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു. എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്ന് തന്നെ.
1 കൊരിന്ത്യർ 12:12-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.
1 കൊരിന്ത്യർ 12:12-20 സമകാലിക മലയാളവിവർത്തനം (MCV)
പല അവയവങ്ങളുണ്ടെങ്കിലും ശരീരം ഒന്നായിരിക്കുന്നതുപോലെയും പല അവയവങ്ങൾചേർന്ന് ഒരു ശരീരം രൂപപ്പെടുന്നതുപോലെയും തന്നെയാണ് ക്രിസ്തുവിന്റെ ശരീരംസംബന്ധിച്ചും. നാം യെഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആരുമായിക്കൊള്ളട്ടെ, ഒരൊറ്റശരീരമായി രൂപപ്പെടാൻ നാമെല്ലാവരും ഒരേ ആത്മാവിനാൽ സ്നാനമേറ്റവരും പാനംചെയ്യാൻ ഒരേ ആത്മാവു നൽകപ്പെട്ടവരുമായിരിക്കുന്നു. ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്. “ഞാൻ കൈ അല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു കാൽ പറഞ്ഞു എന്ന കാരണത്താൽ അത് ശരീരത്തിന്റെ അവയവം അല്ലാതാകുന്നില്ല. “ഞാൻ കണ്ണല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു ചെവി പറഞ്ഞു എന്ന കാരണത്താൽ അതു ശരീരഭാഗം അല്ലാതാകുന്നില്ല. ശരീരം ആകമാനം കണ്ണായിരുന്നെങ്കിൽ കേൾക്കുന്നതെങ്ങനെ? ശരീരംമുഴുവൻ ചെവിയായിരുന്നെങ്കിൽ മണം അറിയുന്നതെങ്ങനെ? എന്നാൽ, ദൈവമാണ് അവിടത്തെ ഹിതമനുസരിച്ച് അവയവങ്ങളെ ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ? എന്നാൽ ഇപ്പോഴുള്ളത് പല അവയവങ്ങൾചേർന്ന ഒരു ശരീരമാണ്.