1 കൊരിന്ത്യർ 12:1-8
1 കൊരിന്ത്യർ 12:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറയുവാൻ ആർക്കും കഴികയില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു. എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട് ; കർത്താവ് ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻതന്നെ. എന്നാൽ ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു
1 കൊരിന്ത്യർ 12:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചു നിങ്ങൾ എഴുതിയിരുന്നുവല്ലോ. എന്റെ സഹോദരരേ, അവയെപ്പറ്റി നിങ്ങൾ അജ്ഞരാകരുതെന്നാണ് എന്റെ ആഗ്രഹം. നിങ്ങൾ വിജാതീയരായിരുന്നപ്പോൾ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കർത്താവാകുന്നു” എന്ന് ഏറ്റു പറയുവാൻ സാധ്യമാകൂ എന്നും നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാൽ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു. സേവനം പല വിധത്തിലുണ്ട്. എന്നാൽ സേവിക്കപ്പെടുന്നത് ഒരേ കർത്താവു തന്നെ. പ്രവർത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്. എല്ലാവരുടെയും നന്മയ്‍ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തിൽ വെളിപ്പെടുന്നു. ആത്മാവ് ഒരാൾക്ക് ജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും നല്‌കുന്നു.
1 കൊരിന്ത്യർ 12:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജനതകൾ ആയിരുന്നപ്പോൾ നിങ്ങളെ വഴിതെറ്റിച്ചുകളഞ്ഞ ഊമവിഗ്രഹങ്ങളാൽ നടത്തപ്പെട്ടിരുന്നു എന്നു അറിയുന്നുവല്ലോ. ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറയുകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറയുവാൻ ആർക്കും കഴിയുകയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു. എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ. പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ. എന്നാൽ ഓരോരുത്തർക്കും ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു
1 കൊരിന്ത്യർ 12:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു. എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു
1 കൊരിന്ത്യർ 12:1-8 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, ആത്മാവിന്റെ ദാനങ്ങളെക്കുറിച്ചു നിങ്ങൾ അജ്ഞരായിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ക്രിസ്തുവിശ്വാസികളല്ലാതിരുന്നപ്പോൾ, വശീകരിക്കപ്പെട്ട് ഊമവിഗ്രഹങ്ങളുടെ അടുത്തേക്ക് വഴിതെറ്റിപ്പോയതു നിങ്ങൾക്കറിയില്ലേ? അതിനാൽ, നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കണം: ദൈവാത്മാവിൽ സംസാരിക്കുന്ന ആരും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല; പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും “യേശു കർത്താവാകുന്നു” എന്നു പറയാനും സാധ്യമല്ല. കൃപാദാനങ്ങൾ വിവിധതരം; അവനൽകുന്ന ആത്മാവോ ഒരുവൻമാത്രം; ശുശ്രൂഷകൾ വിവിധതരം, കർത്താവോ ഒരുവൻമാത്രം. പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം. പൊതുനന്മയുദ്ദേശിച്ചാണ് ഓരോ വ്യക്തിക്കും ആത്മാവിന്റെ ദാനം നൽകിയിരിക്കുന്നത്. ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും.