1 കൊരിന്ത്യർ 11:27-32

1 കൊരിന്ത്യർ 11:27-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ. തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.

1 കൊരിന്ത്യർ 11:27-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട്, അയോഗ്യമായ വിധത്തിൽ കർത്താവിന്റെ അപ്പം തിന്നുകയോ, ഈ പാനപാത്രത്തിൽനിന്നു കുടിക്കുകയോ ചെയ്യുന്ന ഏതൊരുവനും കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനാണ്. ഓരോ വ്യക്തിയും ആദ്യം ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യേണ്ടതാണ്. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ തിരുശരീരത്തിന്റെ പൊരുൾ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുന്നവൻ, തന്റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് നിങ്ങളിൽ പലരും ബലഹീനരും രോഗികളുമാകുകയും ചിലർ മരിക്കുകയും ചെയ്യുന്നത്. നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കിൽ, നാം ദൈവത്തിന്റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല. ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കർത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു.

1 കൊരിന്ത്യർ 11:27-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതുകൊണ്ട് അയോഗ്യമായ രീതിയിൽ അപ്പം തിന്നുകയോ കർത്താവിന്‍റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ പരിശോധിച്ചിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുവാൻ. അതുകൊണ്ട്, ശരീരത്തെ വിവേചിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു. അത് കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.

1 കൊരിന്ത്യർ 11:27-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‌വാൻ. തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.

1 കൊരിന്ത്യർ 11:27-32 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട്, അയോഗ്യമായി അപ്പം ഭക്ഷിക്കുകയോ കർത്താവിന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്യുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും വിരുദ്ധമായി കുറ്റംചെയ്യുന്നു. ഓരോരുത്തരും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യേണ്ടത്. ആരെങ്കിലും കർത്താവിന്റെ ശരീരത്തെ വിവേചിക്കാതെ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്താൽ അയാൾ സ്വന്തം ശിക്ഷാവിധിതന്നെ ഭക്ഷിക്കുകയും പാനംചെയ്യുകയുമാണ് ചെയ്യുന്നത്. ഇക്കാരണത്താലാണ് നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്. ചിലർ മരണമടയുകയും ചെയ്തിരിക്കുന്നു. നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല. നാം ലോകത്തോടൊപ്പം ന്യായവിധിയിൽ അകപ്പെടാതിരിക്കാനായി ഒരു പിതാവ് മക്കളെ എന്നപോലെ ശിക്ഷിക്കുന്നതാണ് കർത്താവ് നമുക്ക് ഇപ്പോൾ നൽകുന്ന ന്യായവിധി.