1 ദിനവൃത്താന്തം 16:7-36
1 ദിനവൃത്താന്തം 16:7-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ: യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവനു പാടി കീർത്തനം ചെയ്വിൻ; അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ. അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ, അവൻ ചെയ്ത അദ്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ. അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവഭൂമിയിലുമുണ്ട്. അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തു കൊൾവിൻ. അബ്രാഹാമിനോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. അതിനെ അവൻ യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു. ഞാൻ നിനക്ക് അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു. നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർ നിമിത്തം രാജാക്കന്മാരെയും ശാസിച്ചത്: എന്റെ അഭിഷിക്തന്മാരെ തൊടരുത്; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുത്. സർവഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ. ജാതികളുടെ നടുവിൽ അവന്റെ മഹത്ത്വവും സർവവംശങ്ങളുടെയും മധ്യേ അവന്റെ അദ്ഭുതങ്ങളും കഥിപ്പിൻ. യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജാതികളുടെ സകല ദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമച്ചവൻ. യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്. ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ; യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ. സർവഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു. സ്വർഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ. സമുദ്രവും അതിന്റെ പൂർണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ. അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ. യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ. യിസ്രായേലിൻദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകല ജനവും ആമേൻ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16:7-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രഗീതം ആലപിക്കാൻ ദാവീദ് അന്നുതന്നെ ആസാഫിനെയും സഹോദരന്മാരെയും ചുമതലപ്പെടുത്തി. സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ! അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിൻ, അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ! അവിടുത്തെ പരിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ! സർവേശ്വരനെ ആരാധിക്കുവിൻ, അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ! അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ, അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓർക്കുവിൻ, അവിടുത്തെ അടയാളങ്ങളും ന്യായവിധികളും തന്നെ. സർവേശ്വരനാണ് നമ്മുടെ ദൈവം അവിടുത്തെ ന്യായവിധി ഭൂമി മുഴുവനും ബാധകമാണ്. അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും തന്റെ വാഗ്ദാനം ഒരിക്കലും മറക്കുകയില്ല. അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചു. “കനാൻദേശം ഞാൻ നിനക്ക് അവകാശമായി തരും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. അന്ന് അവർ എണ്ണത്തിൽ കുറഞ്ഞവരും നിസ്സാരരും പരദേശികളും ആയിരുന്നു. ദേശം വിട്ടു മറ്റു ദേശത്തേക്കും രാജ്യം വിട്ടു മറ്റു രാജ്യത്തേക്കും അലഞ്ഞുനടന്നു അവരെ പീഡിപ്പിക്കാൻ ആരെയും അവിടുന്നു അനുവദിച്ചില്ല. അവർക്കുവേണ്ടി രാജാക്കന്മാരെ അവിടുന്നു ശാസിച്ചു: “എന്റെ അഭിഷിക്തരെ തൊടരുത്, എന്റെ പ്രവാചകരെ ഉപദ്രവിക്കരുത്” എന്ന് അവിടുന്ന് അരുളിച്ചെയ്തു. സർവഭൂതലമേ, സർവേശ്വരനു സ്തുതി പാടുക അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിൻ; അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ. കാരണം സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും അർഹനുമാകുന്നു. സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്. ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങൾ മാത്രം എന്നാൽ സർവേശ്വരനാണ് ആകാശത്തെ സൃഷ്‍ടിച്ചത്. മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്. ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്. ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ! സർവേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിൻ. കാഴ്ചകളുമായി തിരുമുമ്പിൽ ചെല്ലുവിൻ. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ. സർവഭൂവാസികളും അവിടുത്തെ മുമ്പിൽ വിറയ്‍ക്കട്ടെ. ഭൂലോകം ഇളകാത്തവിധം ഉറച്ചുനില്‌ക്കുന്നു. ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ! “സർവേശ്വരൻ വാഴുന്നു” എന്നു ജനതകളുടെ ഇടയിൽ അവ പ്രഘോഷിക്കട്ടെ. സമുദ്രവും അതിലുള്ള സർവവും ആർത്തുഘോഷിക്കട്ടെ; വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ. അന്ന് വനത്തിലെ മരങ്ങൾ സർവേശ്വരസന്നിധിയിൽ ആനന്ദഗീതം ആലപിക്കും. അവിടുന്നു ഭൂമിയെ വിധിക്കാൻ വരുന്നുവല്ലോ. സർവേശ്വരനു സ്തോത്രമർപ്പിക്കുക അവിടുന്നു നല്ലവനാണല്ലോ; അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ. ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ വിടുവിക്കണമേ; ജനതകളുടെ ഇടയിൽനിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടി മോചിപ്പിക്കണമേ! അവിടുത്തെ വിശുദ്ധനാമം വാഴ്ത്തി പുകഴ്ത്തുന്നതിൽ ഞങ്ങൾ അഭിമാനംകൊള്ളട്ടെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ജനങ്ങളെല്ലാം ആമേൻ എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16:7-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദ് അന്നു തന്നെ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്‍റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി: യഹോവയ്ക്കു സ്തോത്രം ചെയ്തു; അവിടുത്തെ നാമത്തെ ആരാധിപ്പിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ; അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ. അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ; അവിടുത്തെ മുഖം നിരന്തരം അന്വേഷിക്കുവിൻ. അവിടുത്തെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവിടുന്നു തെരഞ്ഞെടുത്ത യാക്കോബ് പുത്രന്മാരേ, അവിടുന്നു ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ. അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു. അവിടുത്തെ വചനം ആയിരം തലമുറയോളവും അവിടുത്തെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ. അബ്രാഹാമോടു അവിടുന്നു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു. ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു. അവർ എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു. അവർ ഒരു ജനതയെ വിട്ടു മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല; അവർക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ച് പറഞ്ഞത്: എന്‍റെ അഭിഷിക്തന്മാരെ തൊടരുത്; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു. സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ; ദിനംതോറും അവിടുത്തെ രക്ഷയെ പ്രസ്താവിപ്പിൻ. ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ. യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജനതകളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു. മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്. ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ മഹത്വവും ശക്തിയും യഹോവയ്ക്ക് കൊടുക്കുവിൻ; യഹോവയ്ക്ക് അവിടുത്തെ നാമത്തിന്‍റെ മഹത്വം കൊടുക്കുവിൻ; കാഴ്ചയുമായി അവിടുത്തെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ. സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു. സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു അവർ ജനതകളുടെ മദ്ധ്യേ ഘോഷിക്കട്ടെ. സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ. അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ. യഹോവക്കു സ്തോത്രം ചെയ്യുവീൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടി ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ. യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16:7-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ: യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്നു പാടി കീർത്തനം ചെയ്വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ. അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ, അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ. അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു. അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ. അബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ. അതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു. ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു. നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു: എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു. സർവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ. ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ. യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ. യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു. ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ. സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു. സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ. സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ. അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ. യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ. യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16:7-36 സമകാലിക മലയാളവിവർത്തനം (MCV)
അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു. യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക. അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക. അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും. യഹോവയുടെ ദാസനായ ഇസ്രായേലിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക. അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്. അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ. അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി: “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.” അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ, അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു. അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു: “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.” സർവഭൂമിയുമേ, യഹോവയ്ക്കു പാടുക! അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക. രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും. കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു. ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു! പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും ആനന്ദവും അവിടത്തെ വാസസ്ഥലത്തുണ്ട്. രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക. യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക. യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു. ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; “യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ. സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ. വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ; വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ. അവ യഹോവയുടെമുമ്പാകെ ആനന്ദഗീതങ്ങൾ ആലപിക്കട്ടെ; അവിടന്ന് ഭൂമിയെ വിധിക്കുന്നതിനായി വരുന്നു. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ.” ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; എന്നും എന്നെന്നേക്കും. അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.