1 ദിനവൃത്താന്തം 15:1-24
1 ദിനവൃത്താന്തം 15:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തനിക്ക് ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു. അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്ക് എന്നും ശുശ്രൂഷ ചെയ്വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന് ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലാ യിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റി ഇരുപതു പേരെയും മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റി ഇരുപതു പേരെയും ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പത് പേരെയും എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറു പേരെയും ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടു പേരെയും തന്നെ. ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞത്: നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചുകൊൾവിൻ. ആദിയിൽ നിങ്ങൾ തന്നെ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്. അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു. പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിനു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു. അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽക്കാവല്ക്കാരായും നിയമിച്ചു. സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും മത്ഥിഥ്യാവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്‍രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു. വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവ് പെട്ടകം വഹിക്കുന്നതിനു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർഥനായിരുന്നു. ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിനു വാതിൽക്കാവല്ക്കാർ ആയിരുന്നു. ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിനു വാതിൽക്കാവല്ക്കാർ ആയിരുന്നു.
1 ദിനവൃത്താന്തം 15:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിന്റെ നഗരം എന്നറിയപ്പെടുന്ന യെരൂശലേമിൽ അദ്ദേഹം തനിക്കായി കൊട്ടാരങ്ങൾ പണിതു. ദൈവത്തിന്റെ പെട്ടകം സ്ഥാപിക്കാൻ ഒരു സ്ഥലം ഒരുക്കി. അതിന് ഒരു കൂടാരം നിർമ്മിച്ചു. പിന്നീട് ദാവീദു പറഞ്ഞു: “ലേവ്യർ മാത്രമേ പെട്ടകം ചുമക്കാവൂ; പെട്ടകം ചുമക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും സർവേശ്വരൻ അവരെയാണല്ലോ നിയമിച്ചിരിക്കുന്നത്.” പെട്ടകം സ്ഥാപിക്കാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് അതു കൊണ്ടുവരുന്നതിനു ദാവീദ് സകല ഇസ്രായേല്യരെയും യെരൂശലേമിൽ വിളിച്ചുകൂട്ടി. അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും വിളിച്ചു വരുത്തിയിരുന്നു. ലേവ്യഗോത്രത്തിൽനിന്നു വന്നവർ: കെഹാത്യകുലത്തിൽപ്പെട്ട നൂറ്റിരുപതു പേരും അവരുടെ നേതാവായ ഊരിയേലും; മെരാരികുലത്തിൽപ്പെട്ട ഇരുനൂറ്റി ഇരുപതു പേരും അവരുടെ നേതാവായ അസായായും; ഗേർശോംകുലത്തിൽപ്പെട്ട നൂറ്റിമുപ്പതു പേരും അവരുടെ നേതാവായ യോവേലും; എലീസാഫാൻകുലത്തിൽപ്പെട്ട ഇരുനൂറു പേരും അവരുടെ നേതാവായ ശെമയ്യായും; ഹെബ്രോൻകുലത്തിൽപ്പെട്ട എൺപതു പേരും അവരുടെ നേതാവായ എലീയേലും; ഉസ്സീയേൽകുലത്തിൽപ്പെട്ട നൂറ്റിപന്ത്രണ്ടു പേരും അവരുടെ നേതാവായ അമ്മീനാദാബും. സാദോക്ക്, അബ്യാഥാർ എന്നീ പുരോഹിതന്മാരെയും ഊരിയേൽ, അസായാ, യോവേൽ, ശെമയ്യാ, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിപ്പിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യരുടെ പിതൃഭവനത്തലവന്മാർ ആണല്ലോ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ പെട്ടകം കൊണ്ടുവന്ന് അതിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തു സ്ഥാപിക്കാൻ നിങ്ങളും സഹോദരന്മാരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. ആദ്യം അതു ചുമന്നത് നിങ്ങൾ അല്ലല്ലോ. വിധിപ്രകാരം അന്നു പ്രവർത്തിക്കാതിരുന്നതിനാൽ സർവേശ്വരൻ നമ്മെ ശിക്ഷിച്ചു.” പിന്നീട്, ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ പെട്ടകം കൊണ്ടുവരാൻ പുരോഹിതന്മാരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു. മോശയിലൂടെ സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ പെട്ടകം തണ്ടിന്മേലേറ്റി ലേവ്യർ ചുമന്നു. പിന്നീട് വീണ, കിന്നരം, കൈത്താളം എന്നീ വാദ്യോപകരണങ്ങൾ ഉച്ചത്തിൽ ധ്വനിപ്പിച്ച് സന്തോഷാരവം മുഴക്കാൻ ലേവ്യരെ ചുമതലപ്പെടുത്തുന്നതിനു ദാവീദ് ലേവ്യകുലത്തലവന്മാരോട് ആജ്ഞാപിച്ചു. യോവേലിന്റെ പുത്രൻ ഹേമാൻ, അവന്റെ ചാർച്ചക്കാരനും ബേരെഖ്യായുടെ പുത്രനുമായ ആസാഫ്, മെരാരികുലത്തിലെ കൂശായുടെ പുത്രൻ ഏഥാൻ എന്നിവരെ ലേവ്യർ നിയമിച്ചു. അവരെ സഹായിക്കുന്നതിനു തങ്ങളുടെ ചാർച്ചക്കാരായ സെഖര്യാ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാ, മയസേയാ, മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ എന്നിവരെയും വാതിൽ കാവല്‌ക്കാരായി ഓബേദ്-എദോം, യെയീയേൽ എന്നിവരെയും നിയമിച്ചു. ഗായകരായ ഹേമാൻ, ആസാഫ്, ഏഥാൻ എന്നിവർ ഓടുകൊണ്ടുള്ള ഇലത്താളങ്ങൾ കൊട്ടി. സെഖര്യാ, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാ, ബെനായാ എന്നിവർ അലാമോത്ത് രാഗത്തിൽ വീണവായിച്ചു. മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ, ഓബേദ്-എദോം, യെയീയേൽ, അസസ്യാ എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിച്ചു. ലേവ്യനായ കെനന്യാ ഗാനനിപുണനായിരുന്നതുകൊണ്ട് അവനെ ഗായകസംഘത്തിന്റെ നേതാവായി നിയമിച്ചു. ബേരെഖ്യായും എല്‌ക്കാനയും ആയിരുന്നു പെട്ടകത്തിന്റെ കാവല്‌ക്കാർ. പുരോഹിതന്മാരായ ശെബന്യാ, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാ, ബെനായാ, എലെയാസാർ എന്നിവർ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോം, യെഹീയാ എന്നിവരും പെട്ടകത്തിന്റെ കാവല്‌ക്കാരായിരുന്നു.
1 ദിനവൃത്താന്തം 15:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദ് തനിക്കുവേണ്ടി ദാവീദിന്‍റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു. അന്നു ദാവീദ്: “ലേവ്യർ മാത്രമാണ് ദൈവത്തിന്‍റെ പെട്ടകം ചുമക്കേണ്ടത്; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമക്കുവാനും അവിടുത്തേക്ക് എന്നും ശുശ്രൂഷ ചെയ്യുവാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിനായി ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടുവരുവാൻ എല്ലാ യിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതു (120) പേരെയും മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിഇരുപതുപേരെയും (220) ഗെർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും (130) എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും (200) ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു (80) പേരെയും ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും (112) ആണ് ദാവീദ് കൂട്ടിവരുത്തിയത്. ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു. അവന്‍ അവരോടു പറഞ്ഞത്: “നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം, ഞാൻ അതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിക്കുക. ആദിയിൽ നിങ്ങൾ അതു ചെയ്തില്ല, അതുകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ ശിക്ഷിച്ചു; അന്നു നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്.“ അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നെ ശുദ്ധീകരിച്ചു. ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ വച്ചു ചുമന്നു. പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനികളോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ മുഴക്കേണ്ടതിന് സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിയമിക്കുവാൻ കല്പിച്ചു. അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു. സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങൾ കൊട്ടുവാൻ നിയമിക്കപ്പെട്ടു സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകൾ വായിക്കുവാൻ നിയമിക്കപ്പെട്ടു. മത്ഥിഥ്യവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിക്കുവാനും നിയമിക്കപ്പെട്ടിരുന്നു. വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിനു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു. ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിനു വാതിൽകാവല്ക്കാർ ആയിരുന്നു. ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്‍റെ പെട്ടകത്തിന് മുമ്പിൽ കാഹളം ഊതി; ഓബേദ്-ഏദോമും യെഹീയാവും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു.
1 ദിനവൃത്താന്തം 15:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു. അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷ ചെയ്വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നേ. ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവു, യോവേൽ, ശെമയ്യാവു, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ. ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു. അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു. ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു. പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു. അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു. സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും സെഖര്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു. വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു. ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു. ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
1 ദിനവൃത്താന്തം 15:1-24 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിന്റെ നഗരത്തിൽ ദാവീദ് തനിക്കുവേണ്ടി അരമനകൾ നിർമിച്ചു. അതിനുശേഷം ദൈവത്തിന്റെ പേടകത്തിനായി അദ്ദേഹം ഒരു സ്ഥലം ഒരുക്കി; അതിന് ഒരു കൂടാരവും സ്ഥാപിച്ചു. പിന്നെ ദാവീദ് കൽപ്പിച്ചു: “ദൈവത്തിന്റെ പേടകം ചുമക്കുന്നതിനും എന്നെന്നേക്കും തന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനുമായി യഹോവ ലേവ്യരെയാണല്ലോ തെരഞ്ഞെടുത്തത്. അതിനാൽ ലേവ്യരല്ലാതെ മറ്റാരും യഹോവയുടെ പേടകം ചുമക്കേണ്ടതില്ല.” താൻ ഒരുക്കിയിരുന്ന സ്ഥലത്തേക്ക് യഹോവയുടെ പേടകം കൊണ്ടുവരുന്നതിനായി ഇസ്രായേല്യരെയെല്ലാം ദാവീദ് ജെറുശലേമിൽ വിളിച്ചുകൂട്ടി. അദ്ദേഹം അഹരോന്റെയും ലേവ്യരുടെയും പിൻഗാമികളെയും വിളിച്ചുകൂട്ടി: കെഹാത്തിന്റെ പിൻഗാമികളിൽനിന്ന് നായകനായി ഊരിയേലും 120 ബന്ധുക്കളും; മെരാരിയുടെ പിൻഗാമികളിൽനിന്ന് നായകനായ അസായാവും 220 ബന്ധുക്കളും; ഗെർശോന്റെ പിൻഗാമികളിൽനിന്ന് നായകനായ യോവേലും 130 ബന്ധുക്കളും; എലീസാഫാന്റെ പിൻഗാമികളിൽനിന്ന് നായകനായ ശെമയ്യാവും 200 ബന്ധുക്കളും; ഹെബ്രോന്റെ പിൻഗാമികളിൽനിന്ന് നായകനായ എലീയേലും 80 ബന്ധുക്കളും; ഉസ്സീയേലിന്റെ പിൻഗാമികളിൽനിന്ന് നായകനായ അമ്മീനാദാബും 112 ബന്ധുക്കളും. അതിനുശേഷം സാദോക്ക്, അബ്യാഥാർ എന്നീ പുരോഹിതന്മാരെയും ഊരിയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യകുടുംബങ്ങളിലെ തലവന്മാരാണ്. നിങ്ങളും നിങ്ങളുടെ സഹലേവ്യരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം, ഞാൻ അതിനായി സജ്ജീകരിച്ചിരിക്കുന്ന ഇടത്തേക്കു കൊണ്ടുവരികയും വേണം. മുമ്പ് ലേവ്യരായ നിങ്ങളല്ല പേടകം കൊണ്ടുവന്നത്. അതിനാലാണ് നമ്മുടെ ദൈവമായ യഹോവയുടെ കോപം നമ്മുടെനേരേ ജ്വലിച്ചത്. വിധിപ്രകാരം അതു കൊണ്ടുവരേണ്ടതെങ്ങനെയെന്നു നാം യഹോവയോട് ആരാഞ്ഞതുമില്ല.” ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം കൊണ്ടുവരുന്നതിനുവേണ്ടി പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. യഹോവയുടെ വചനമനുസരിച്ച് മോശ കൽപ്പിച്ചപ്രകാരം ആ ലേവ്യർ ദൈവത്തിന്റെ പേടകം, അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിലേറ്റി, വഹിച്ചുകൊണ്ടുവന്നു. സംഗീതോപകരണങ്ങളായ വീണ, കിന്നരം, ഇലത്താളം എന്നിവസഹിതം ആനന്ദഗാനങ്ങളാലപിക്കാൻ തങ്ങളുടെ സഹോദരന്മാരിൽ ചിലരെ ഗായകരാക്കി നിയമിക്കാൻ ലേവ്യരുടെ നേതാക്കന്മാരോടു ദാവീദ് കൽപ്പിച്ചു. അതിനാൽ ആ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അദ്ദേഹത്തിന്റെ സഹോദരന്മാരിൽനിന്നു ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ മെരാര്യസഹോദരന്മാരിൽനിന്നു കുശായാവിന്റെ മകനായ ഏഥാനെയും ഗായകരായി നിയമിച്ചു. അവരോടൊപ്പം, അടുത്ത പദവിയിൽ അവരുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, വാതിൽക്കാവൽക്കാരായ ഓബേദ്-ഏദോം, യെയീയേൽ എന്നിവരെ നിയമിച്ചു. ഗായകരായ ഹേമാൻ, ആസാഫ്, ഏഥാൻ എന്നിവരാണ് വെങ്കലംകൊണ്ടുള്ള ഇലത്താളങ്ങൾ മുഴക്കേണ്ടിയിരുന്നത്. സെഖര്യാവ്, അസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത്, രാഗത്തിൽ വീണ വായിക്കണമായിരുന്നു. മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്, രാഗത്തിൽ കിന്നരം വായിക്കണമായിരുന്നു. ലേവ്യരിൽ തലവനായ കെനന്യാവ് ഗായകസംഘത്തിന്റെ മേധാവി ആയിരുന്നു; ഗാനാലാപനത്തിൽ സമർഥനായിരുന്നതിനാൽ അദ്ദേഹത്തിന് ആ ചുമതല നൽകി. ബേരെഖ്യാവും എൽക്കാനായും പേടകത്തിന്റെ വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു. പുരോഹിതന്മാരായ ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലീയേസർ എന്നിവർ ദൈവത്തിന്റെ പേടകത്തിനുമുമ്പിൽ കാഹളം മുഴക്കണമായിരുന്നു. ഓബേദ്-ഏദോം, യെഹീയാവ് എന്നിവരും പേടകത്തിനു വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.