ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്. എന്റെ ഹൃദയത്തിൽ വലിയ സങ്കടവും തീരാത്ത വേദനയുമുണ്ട് എന്നതു സത്യം. ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്. ഇസ്രായേല്യരായ അവർ ദൈവത്തിന്റെ പുത്രരായി ദത്തെടുക്കപ്പെട്ടവരാണ്; ദൈവികതേജസ്സ് അവർക്കു സ്വന്തം; അവരോടാണ് ദൈവം ഉടമ്പടികൾ ചെയ്തത്, അവർക്കാണ് ന്യായപ്രമാണം നൽകിത്; ദൈവാലയത്തിലെ ആരാധനയ്ക്കുള്ള പദവിയും വാഗ്ദാനങ്ങളും ദൈവം അവർക്കാണു നൽകിയത്. ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മമെടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ. ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല. അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്. വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.” ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ.
റോമർ 9 വായിക്കുക
കേൾക്കുക റോമർ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 9:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ