ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു. ഇങ്ങനെ, ജീവദായകമായിത്തീരേണ്ടിയിരുന്ന ന്യായപ്രമാണകൽപ്പനതന്നെ എന്റെ മരണത്തിനു ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടെത്തി. കൽപ്പന മുഖാന്തരം ലഭിച്ച അവസരം മുതലെടുത്ത് പാപം എന്നെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്തു. ന്യായപ്രമാണം വിശുദ്ധമാണ്; അതിലെ കൽപ്പനകൾ വിശുദ്ധവും നീതിയുക്തവും നല്ലതുംതന്നെ. അപ്പോൾ നന്മയായത് എനിക്കു മരണഹേതുവായി ഭവിച്ചെന്നാണോ? ഒരിക്കലുമില്ല. നന്മയായതിലൂടെ എനിക്ക് മരണം വരുത്തിയതു പാപമാണ്. അങ്ങനെ പാപത്തിന്റെ തനിസ്വഭാവം വെളിപ്പെടുകയും കൽപ്പനയിലൂടെ പാപത്തിന്റെ ഭീകരത വ്യക്തമാകുകയുമാണ് ചെയ്യുന്നത്. ന്യായപ്രമാണം ആത്മികം എന്ന് നമുക്കറിയാം; ഞാനോ പാപത്തിന് വിൽക്കപ്പെട്ട വെറും മനുഷ്യൻ. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതല്ല, പിന്നെയോ ഞാൻ വെറുക്കുന്നതാണ് ചെയ്തുപോകുന്നത്. ഇങ്ങനെ ഞാൻ ആഗ്രഹിക്കാത്ത തിന്മചെയ്യുന്നെങ്കിൽ, ന്യായപ്രമാണം നല്ലതെന്നു ഞാൻ സമ്മതിക്കുകയാണ്. എന്നാൽ, അതു ഞാനല്ല പ്രവർത്തിക്കുന്നത്, എന്നിലുള്ള പാപമാണ്. എന്നിൽ, അതായത്, എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അതു പ്രവർത്തിക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്. അങ്ങനെ, ആഗ്രഹിക്കാത്തതാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ് അതു പ്രവർത്തിക്കുന്നത്. അതുകൊണ്ടു നന്മചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു; എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ പ്രവർത്തിക്കുന്നെന്നു ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു. അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്കെന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആർ സ്വതന്ത്രനാക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു; ദൈവത്തിനു സ്തോത്രം! ഞാൻ ബുദ്ധികൊണ്ടു ദൈവികന്യായപ്രമാണത്തെയും ശരീരംകൊണ്ടു പാപത്തിന്റെ തത്ത്വത്തെയും സേവിക്കുന്നു.
റോമർ 7 വായിക്കുക
കേൾക്കുക റോമർ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 7:9-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ