റോമർ 14:1-6

റോമർ 14:1-6 MCV

തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും. ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു.

റോമർ 14:1-6 - നുള്ള വീഡിയോ