റോമർ 10:1-11

റോമർ 10:1-11 MCV

സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു. ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല. കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു. ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണമായതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ആരും നീതീകരിക്കപ്പെടും. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.” എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആർ സ്വർഗത്തിൽക്കയറും?’ എന്നോ ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’ ” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്. എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ.

റോമർ 10:1-11 - നുള്ള വീഡിയോ