എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക. ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും— നാം കേൾക്കുകയും അറിയുകയും നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ. നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും. അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ— അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും ഇനി ജനിക്കാനിരിക്കുന്ന മക്കളും! അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും. അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും അവിടത്തെ പ്രവൃത്തികൾ മറക്കാതെ അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും. അവർ തങ്ങളുടെ പൂർവികരെപ്പോലെ ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല. എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി; അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല. അവിടന്നു ചെയ്ത പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു. അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ. അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി; അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി. പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു. അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി; കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു. ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി. എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു, മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു. തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക് ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ? അവിടന്ന് പാറയെ അടിച്ചു, വെള്ളം പൊട്ടിപ്പുറപ്പെട്ടു അരുവികൾ കവിഞ്ഞൊഴുകി, സത്യം, എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ? അവിടത്തെ ജനത്തിനു മാംസം നൽകുമോ?”
സങ്കീർത്തനങ്ങൾ 78 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 78
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 78:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ