സങ്കീർത്തനങ്ങൾ 77:1-9

സങ്കീർത്തനങ്ങൾ 77:1-9 MCV

സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു. ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു; രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി, എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല. ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു; ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. സേലാ. എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു; സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി. പൂർവദിവസങ്ങളെപ്പറ്റിയും പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു; രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു. എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു. “കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ? അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ? അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ? അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ? ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ? അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” സേലാ.