സങ്കീർത്തനങ്ങൾ 73:1-14

സങ്കീർത്തനങ്ങൾ 73:1-14 MCV

ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു, ഹൃദയനൈർമല്യമുള്ളവർക്കുതന്നെ. എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി; എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി. ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു. അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല; അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്. അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല; ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല. അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു; അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല. അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു; ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു. അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു, അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു. അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു. “ദൈവം എങ്ങനെ അറിയും? അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു. ദുഷ്ടർ ഇപ്രകാരമാണ്— അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു. ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം. ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.