സങ്കീർത്തനങ്ങൾ 69:1-12

സങ്കീർത്തനങ്ങൾ 69:1-12 MCV

ദൈവമേ, എന്നെ രക്ഷിക്കണമേ, ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു. കാലുകൾ ഉറപ്പിക്കാനാകാത്ത ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു. ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു; ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു. സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു. എന്റെ ദൈവത്തിനായി കാത്തിരുന്ന് എന്റെ കണ്ണുകൾ മങ്ങുന്നു. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു; അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാകുന്നു. ഞാൻ അപഹരിക്കാത്ത വസ്തുവകകൾ മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു. ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു; എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല. കർത്താവേ, സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഞാൻമൂലം അപമാനിതരാകരുതേ; ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവർ ഞാൻമൂലം ലജ്ജിതരാകരുതേ. കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു. എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു; അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു. ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു; ഞാൻ ചാക്കുശീലധരിക്കുമ്പോൾ അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു. നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു, മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു.