സങ്കീർത്തനങ്ങൾ 66:1-9

സങ്കീർത്തനങ്ങൾ 66:1-9 MCV

സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക! അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക; അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക. ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം! അവിടത്തെ ശക്തി അതിമഹത്തായതാണ് അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു. സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു; അവർ അവിടത്തേക്ക് സ്തുതിപാടുന്നു, അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ. ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക, മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു! അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി, അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി— വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം. അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു, അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു— മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ. സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക, അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ; അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.