സങ്കീർത്തനങ്ങൾ 55:12-23

സങ്കീർത്തനങ്ങൾ 55:12-23 MCV

എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ അതു ഞാൻ സഹിക്കുമായിരുന്നു; ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ എനിക്കോടിമറയാൻ കഴിയുമായിരുന്നു. എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്, ഒരിക്കൽ ദൈവാലയത്തിൽവെച്ച് നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു, അവിടെ ജനസമൂഹത്തോടൊപ്പം നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ. എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ; അവർ ജീവനോടെതന്നെ പാതാളത്തിലേക്കു നിപതിക്കട്ടെ, കാരണം തിന്മ അവരുടെയിടയിൽ കുടികൊള്ളുന്നുണ്ടല്ലോ. എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, യഹോവ എന്നെ രക്ഷിക്കുന്നു. വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും ഞാൻ ആകുലതയാൽ വിലപിക്കുകയും അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു. പലരും എന്നെ എതിർക്കുന്നെങ്കിലും എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു. അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന മാറ്റമില്ലാത്ത ദൈവം, എന്റെ ശത്രുക്കളുടെ ആരവാരംകേട്ട് അവരെ ലജ്ജിതരാക്കും കാരണം അവർക്കു ദൈവഭയമില്ല. സേലാ. എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു; അവർ തങ്ങളുടെ ഉടമ്പടി ലംഘിക്കുന്നു. അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്, എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്; അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്, എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ. നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക അവിടന്നു നിന്നെ പുലർത്തും; നീതിനിഷ്ഠർ നിപതിക്കാൻ അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല. എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും; രക്തദാഹികളും വഞ്ചകരും അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല.