സങ്കീർത്തനങ്ങൾ 50:1-10
സങ്കീർത്തനങ്ങൾ 50:1-10 MCV
ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു, അവിടന്ന് ഭൂമിയെ വിളിക്കുന്നു സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും. ദൈവം പ്രകാശിക്കുന്നു, സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ. നമ്മുടെ ദൈവം വരുന്നു അവിടന്നു മൗനമായിരിക്കുകയില്ല; ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട് അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു. അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു: “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക, യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.” അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ, കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. സേലാ. “എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു; ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും: ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ! നിങ്ങളുടെ യാഗങ്ങൾനിമിത്തമോ നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല. നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല; ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.

