സങ്കീർത്തനങ്ങൾ 44:1-8

സങ്കീർത്തനങ്ങൾ 44:1-8 MCV

ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു; പൂർവകാലത്ത് അങ്ങ് അവർക്കുവേണ്ടി ചെയ്തവയെല്ലാം ഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു. അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചു ഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി; അവിടന്ന് ജനതകളെ ഞെരിച്ചമർത്തി ഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി. അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല; അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്. അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു, അവിടന്ന് യാക്കോബിന് വിജയമരുളുന്നു. അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു; അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു. എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല, എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല; എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്, അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു. ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു, അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ.